| Friday, 29th August 2014, 11:14 am

ടൈറ്റാനിയം:'ഒന്നും രണ്ടും പ്രതികളെ കോടതി തീരുമാനിച്ചാല്‍ പോലീസിന് എന്താണ് പണി?' കെ.മുരളീധരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവനന്തപുരം: ടൈറ്റാനിയം മലിനീകരണ നിയന്ത്രണ പ്ലാന്റ് അഴിമതിക്കേസുമായി ബന്ധപ്പെട്ട കോടതി വിധിയില്‍ അസ്വാഭാവികതയുണ്ടെന്ന് കെ.മുരളീധരന്‍ എം.എല്‍.എ. കേസില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കക്ഷി ചേര്‍ക്കേണ്ടതില്ലെന്നും കെ.മുരളീധരന്‍ പറഞ്ഞു.  കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീലിന് പോകണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയും ഗൂഢാലോചന നടത്തിയെന്ന് പറയുന്നത് വിശ്വസിക്കാനാവില്ല. താനും കെ.പി.സി.സി പ്രസിഡന്റായിരുന്നയാളാണ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലും ദൈനംദിന കാര്യങ്ങളിലും പാര്‍ട്ടി ഇടപെടാറില്ല. പിന്നെ കെ.പി.സി.സി പ്രസിഡന്റ് പ്രതിയാവുന്നത് എങ്ങനെയാണെന്നും മുരളീധരന്‍ ചോദിക്കുന്നു.

ടൈറ്റാനിയം മലിനീകരണ നിയന്ത്രണ പ്ലാന്റുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ വിജിലന്‍സ് അന്വേഷണം നടത്തിയപ്പോള്‍ പറഞ്ഞത് കേസുമായി മുന്നോട്ടുപോകേണ്ടതില്ലെന്നാണ്. എന്നാലിപ്പോള്‍ കോടതി ഇടപെട്ട് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയുമൊക്കെ പ്രതിയാക്കി അന്വേഷിക്കണമെന്ന് പറയുമ്പോള്‍ അതില്‍ അസ്വാഭികതയുണ്ട്. ഒന്നാം പ്രതിയേയും രണ്ടാം പ്രതിയേയും കോടതി തീരുമാനിക്കാന്‍ തുടങ്ങിയാല്‍ പോലീസിനും പട്ടാളത്തിനുമൊക്കെ എന്താണ് പണി? മുരളീധരന്‍ ചോദിക്കുന്നു.

വിജിലന്‍സ് തള്ളിയ കേസ് ഇപ്പോള്‍ കോടതി അന്വേഷിക്കണമെന്ന് പറയുന്നതിനെക്കുറിച്ചാണ് അന്വേഷിക്കേണ്ടത്. ഇങ്ങനെയോരോ കമന്റ് വരുമ്പോള്‍ രാജിവെക്കാന്‍ നിന്നാല്‍ ഇവിടെ ആര്‍ക്കും ഭരിക്കാന്‍ കഴിയില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more