ആലപ്പുഴ: കോൺഗ്രസ് എം.പി ശശി തരൂരിനെതിരെ കെ. മുരളീധരൻ രംഗത്ത്. ശശി തരൂർ ഏത് പാർട്ടിയാണെന്ന് അദ്ദേഹം തന്നെ ആദ്യം തീരുമാനിക്കട്ടെയെന്നും മുരളീധരൻ പറഞ്ഞു. കോൺഗ്രസിനായി വിറകുവെട്ടിയവരും വെള്ളം കോരിയവരും ഏറെയുണ്ടെന്നും യു.ഡി.എഫ് അധികാരത്തിൽ വന്നാൽ അവരിലൊരാൾ മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം പറഞ്ഞു. വിശ്വപൗരൻ വിശ്വത്തിന്റെ കാര്യം നോക്കട്ടെയെന്നും കെ. മുരളീധരൻ പറയുകയുണ്ടായി.
യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഏറ്റവുമധികമാളുകൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നത് തന്നെയാണെന്ന് സൂചിപ്പിക്കുന്ന സർവേഫലം കഴിഞ്ഞ ദിവസം തരൂർ തന്റെ സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരുന്നു. ഒരു സ്വകാര്യ ഏജൻസി നടത്തിയ സർവേ ഫലത്തിൽ 27 ശതമാനം ആളുകളാണ് തരൂരിനെ പിന്തുണച്ചത്. ഇതേ തുടർന്നാണ് ശശി തരൂരിനെതിരെ മുരളീധരൻ രംഗത്തെത്തിയത്.
സർവേയ്ക്ക് വിശ്വാസ്യത ഇല്ലെന്നും ആരോ കുക്ക് ചെയ്ത സർവേയാണിതെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. എന്നാൽ വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇതുവരെയും പരസ്യ പ്രസ്താവന നടത്തിയിട്ടില്ല. തരൂരിനെ കുറിച്ച് അഭിപ്രായമില്ലെന്നും അദ്ദേഹം ദേശീയ നേതാവായതുകൊണ്ടുതന്നെ ദേശീയ നേതൃത്വം അഭിപ്രായം പറയട്ടെയെന്നും പത്രത്തിലെ ലേഖനത്തെ കുറിച്ച് അഭിപ്രായമുണ്ടെങ്കിലും അത് പറയില്ലെന്നുമാണ് വി.ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞത്.
രണ്ട് വർഷം മുമ്പ് തരൂർ മുഖ്യമന്ത്രി പദം ഉന്നമിടുന്നുവെന്ന അഭ്യൂഹം ശക്തമാക്കി അദ്ദേഹം കേരളത്തിലെ സമുദായ നേതാക്കളെയടക്കം സന്ദർശിച്ച് നടത്തിയ നീക്കം സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗത്തിൽ കടുത്ത അതൃപ്തി ഉണ്ടാക്കിയിരുന്നു. ഇപ്പോഴത്തെ ശശി തരൂരിന്റെ നീക്കം ഭരണവിരുദ്ധ വോട്ടുകൾ ചിതറിക്കാനുള്ള ബി.ജെ.പിയുടെ ശ്രമമാണെന്നും ജനപ്രീതി ഉണ്ടെന്ന് കാണിക്കാൻ വേണ്ടി ശശി തരൂർ പോസ്റ്റ് ചെയ്തതെന്നുമാണ് കോൺഗ്രസിന്റെ വിലയിരുത്തൽ.
Content Highlight: K Muraleedharan responded to the survey in favor of Sasi Tharoor