| Thursday, 10th September 2026, 7:46 am

കോടതി സ്റ്റേ നിലനില്‍ക്കെ പൂനെയിലെ ചര്‍ച്ച് പൊളിച്ചുമാറ്റി മുന്‍സിപാലിറ്റി; മുന്‍കൂട്ടി നോട്ടീസ് നല്‍കിയില്ലെന്ന് സഭാ വിശ്വാസികള്‍

നിഷാന. വി.വി

പൂനെ: അനധികൃത നിര്‍മിതിയാണെന്നാരോപിച്ച് പൂനെയിലെ പിംപ്രി- ചിഞ്ച്വാവാഡ് നഗരത്തിലെ ചര്‍ച്ച് പൊളിച്ച് നീക്കി മുന്‍സിപാലിറ്റി. സെപ്റ്റംബര്‍ ആറിന് അര്‍ധരാത്രിയായിരുന്നു പൊളിക്കല്‍ നടപടി.

കോടതിയുടെ സ്‌റ്റേ ഉത്തരവ് ഉണ്ടായിരുന്നുവെന്നും പൊളിച്ച് മാറ്റല്‍ നടപടിക്ക് മുമ്പ് നോട്ടീസ് പോലും നല്‍കിയിട്ടില്ലെന്നും ചര്‍ച്ച് അംഗങ്ങള്‍ പറഞ്ഞു. ജെ.സി.ബികളും ഏകദേശം 700 ഓളം വരുന്ന വന്‍ പൊലീസ് സന്നാഹവുമായാണ് അധികൃതര്‍ സ്ഥലത്തെത്തിയത്.

തൊട്ടടുത്ത ദിവസം കേസില്‍ വിചാരണ നിശ്ചയിച്ചിരുന്നതാണെന്നും സ്‌റ്റേ ഉത്തരവിനെക്കുറിച്ച് അധികൃതരെ അറിയിച്ചിട്ടും അവര്‍ പൊളിക്കല്‍ നടപടിയുമായി മുന്നോട്ട് പോവുകയായിരുന്നുവെന്ന് വിശ്വാസികള്‍ പറഞ്ഞു.

പള്ളി പൊളിക്കുന്നത് ഫോണില്‍ പകര്‍ത്തുവാന്‍ അധികൃതര്‍ സമ്മതിച്ചില്ലെന്നും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. പള്ളിക്കുള്ളിലുണ്ടായിരുന്ന ഫാനുകളും മറ്റ് സാധനസാമഗ്രികളും നശിച്ചു. സാധാരണക്കാരുടെ അധ്വാനവും സംഭാവനകളും കൊണ്ടാണ് ഇവ നിര്‍മിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

രാജവാഡെ നഗറിലെ കാലേവാഡി പ്രദേശത്ത് 7,400 ചതുരശ്ര അടിയില്‍ അനധികൃതമായി നിര്‍മിച്ച നിര്‍മിതികള്‍ക്കെതിരെയാണ് പൊളിക്കല്‍ നടപടി സ്വീകരിച്ചതെന്നാണ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ വാദം. എന്നാല്‍ കോടതി ഉത്തരവിനെക്കുറിച്ചോ വിശ്വാസികളുടെ ആരോപണങ്ങളെക്കുറിച്ചോ കോര്‍പ്പറേഷന്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Content Highlight: Municipality demolishes church in Pune despite court stay; church members allege no prior notice was given.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more