| Tuesday, 14th January 2025, 11:03 am

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍; കാണാതായവരെ മരിച്ചവരായി കണക്കാക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ സുപ്രധാന തീരുമാനവുമായി സര്‍ക്കാര്‍. ഉരുള്‍പ്പൊട്ടലില്‍ കാണാതായവരെ മരിച്ചവരായി കണക്കാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി പ്രാദേശിക സമിതി ആദ്യ പട്ടിക തയ്യാറാക്കും. മരിച്ചവര്‍ക്ക് ധനസഹായം നല്‍കുന്നതിനായി രണ്ട് സമിതികളും രൂപീകരിക്കും.

ഈ രണ്ട് സമതികളും മരിച്ചവരുടെ പട്ടികകള്‍ തയ്യാറാക്കി വിശലനം ചെയ്തതിന് ശേഷമാവും സര്‍ക്കാരിന് കൈമാറുക. ദുരന്തത്തില്‍ കാണാതായവരുടെ ബന്ധുക്കള്‍ മാന്‍ മിസിങ്ങുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ അടക്കം നല്‍കിയ പരാതികള്‍ പരിശോധിച്ച ശേഷമാവും പ്രാദേശിക സമിതി പട്ടിക തയ്യാറാക്കുക.

വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി, പോലീസ് സ്‌റ്റേഷന്‍ എസ്.എച്ച്.ഒ എന്നിവര്‍ ഉള്‍പ്പെട്ടതാണ് പ്രാദേശിക സമിതി. തുടര്‍ന്ന് ഈ പട്ടിക ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറും. ഇവരാണ് ഈ വിവരങ്ങള്‍ സംസ്ഥാന സമിതിക്ക് കൈമാറുക.

സംസ്ഥാന സമിതി ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, റവന്യൂ- തദ്ദേശ ഭരണ ചീഫ് സെക്രട്ടറിമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ്. ഈ മൂന്നംഗം സമിതി സൂക്ഷ്മമായി പരിശോധന നടത്തിയശേഷം സര്‍ക്കാരിലേക്ക് ശുപാര്‍ശ സമര്‍പ്പിക്കും. തുടര്‍ന്ന് കാണാതായവരെ മരിച്ചവരായി കണക്കാക്കി ധനസഹായം അനുവദിക്കും. വയനാട് ദുരന്തത്തില്‍ 32 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.

2024 ജൂലൈ 30ന് പുലര്‍ച്ചെയോടെയാണ് വയനാട്, വൈത്തിരി താലൂക്കിലെ മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമറ്റം , മുണ്ടക്കൈ , ചൂരല്‍മല , വെള്ളരിമല വില്ലേജുകളില്‍ ഉരുള്‍പൊട്ടലുണ്ടാവുന്നത്. ഈ ദുരന്തത്തില്‍ 250ല്‍ അധികം പേര്‍ മരണപ്പെടുകയും 397 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നായാണ് ഇത് കണക്കാക്കുന്നത്.

അടുത്തിടെ ദുരന്തത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനായി സംസ്ഥാന സര്‍ക്കാര്‍ ടൗണ്‍ഷിപ്പ് പദ്ധതി പ്രഖ്യാപിച്ചിരുന്നു. കല്‍പ്പറ്റയിലും നെടുമ്പാലയിലുമായാണ് ടൗണ്‍ഷിപ്പ് വിഭാവനം ചെയ്തിരിക്കുന്നത്.

ഹാരിസണ്‍ മലയാളത്തിന്റെ നെടുമ്പാല എസ്റ്റേറ്റിലെ 58.5 ഹെക്ടര്‍ ഭൂമിയും കല്‍പറ്റ എല്‍സ്റ്റോണ്‍ എസ്റ്റേറ്റിലെ 48.96 ഹെക്ടര്‍ ഭൂമിയിലുമാണ് ടൗണ്‍ഷിപ്പ് നിര്‍മിക്കുക. ടൗണ്‍ഷിപ്പിന് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു.

നെടുമ്പാലയിലെ ടൗണ്‍ഷിപ്പില്‍ പത്ത് സെന്റിലും കല്‍പ്പറ്റയില്‍ അഞ്ച് സെന്റിലുമായിരിക്കും വീടുകള്‍ പണിയുക. ഈ ടൗണ്‍ഷിപ്പില്‍ ആശുപത്രി, മാര്‍ക്കറ്റ്, അങ്കണവാടി, സ്‌കൂള്‍, പാര്‍ക്കിങ്, കളിസ്ഥലം തുടങ്ങി എല്ലാ വിധ സൗകര്യങ്ങളും ഉണ്ടാകും.

ജനുവരി 25 നകം ഗുണഭോക്താക്കളുടെ ലിസ്റ്റ് സര്‍ക്കാര്‍ പുറത്തുവിടും. കിഫ്ബി വിശദമായ പദ്ധതി രേഖ തയ്യാറാക്കിക്കിയിട്ടുണ്ട്. കിഫ്കോണ്‍ ആണ് നിര്‍മാണ ഏജന്‍സി. നിര്‍മാണ കരാര്‍നിര്‍ദേശം ഊരാളുങ്കലിനുമാണ് ലഭിച്ചത്.

Content Highlight: Mundakai-Churalmala landslide; Those who are missing will be considered as dead

We use cookies to give you the best possible experience. Learn more