| Friday, 21st March 2025, 12:45 pm

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ പുനരധിവാസം; സംസ്ഥാന ഫണ്ട് വിനിയോഗ കാലാവധി നീട്ടി കേന്ദ്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ പുനരധിവാസത്തിൽ സംസ്ഥാന ഫണ്ട് വിനിയോഗ കാലാവധി നീട്ടി കേന്ദ്ര സർക്കാർ. ഈ വർഷം ഡിസംബർ 31 വരെ ഉപാധികളോടെ കേന്ദ്രം കാലാവധി നീട്ടി നൽകിയിരിക്കുകയാണ്.

ഉപാധികൾ എന്തെന്ന് വ്യക്തത വരുത്താത്തതിൽ ഹൈക്കോടതി കേന്ദ്രത്തെ വിമർശിച്ചു. ഉപാധികളിൽ കേന്ദ്രം വ്യക്തത വരുത്തണമെന്നും കലക്കവെള്ളത്തിൽ കേന്ദ്രം മീൻ പിടിക്കരുതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഉപാധി എന്തെന്ന് എന്നതിനെ സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിച്ചിട്ടില്ല, ദൽഹിയിലുള്ള ഉദ്യോഗസ്ഥർ കോടതിയുടെ മുകളിലാണെന്നാണോ കരുതുന്നതെന്ന് കോടതി ചോദിച്ചു. ഇത്തരം പ്രവണത തുടരുകയാണെങ്കിൽ ദൽഹിയിലുള്ള ആ ഉദ്യോഗസ്ഥനെ അടുത്ത ഫ്ലൈറ്റിൽ ഇവിടെ എത്തിക്കാൻ സാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

തിങ്കളാഴ്ച സമയപരിധി നീട്ടിയതിൽ വ്യക്തത വരുത്തി സത്യവാങ്മൂലം സമർപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു. അതേസമയം ബാങ്ക് ഓഫ് ബറോഡ വായ്പ തിരിച്ച് പിടിക്കൽ നടപടി ആരംഭിച്ചു എന്ന വാർത്തകൾ വരുന്നുണ്ടെന്നും അതിൽ കേന്ദ്രം മറുപടി നൽകണമെന്നും കോടതി പറഞ്ഞു. വായ്പ എഴുതി തള്ളുന്നതിൽ കേന്ദ്രം തീരുമാനമെടുക്കണമെന്നും കോടതി പറഞ്ഞു.

2025 മാര്‍ച്ച് 31നകം വായ്പ വിനിയോഗിക്കണമെന്നായിരുന്നു കേന്ദ്രം ആദ്യം നിര്‍ദേശം നല്‍കിയത്. എന്നാല്‍ കേന്ദ്രത്തിന്റെ നിര്‍ദേശം അപ്രായോഗികമാണെന്ന് കോടതി പറഞ്ഞു. ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളണമെന്ന ആവശ്യവും കോടതി മുന്നോട്ടുവെച്ചു.

529.50 കോടി രൂപയാണ് വായ്പ ഇനത്തില്‍ കേന്ദ്രം കേരളത്തിന് അനുവദിച്ചത്. 16 പദ്ധതികള്‍ക്കായാണ് കേന്ദ്രം വായ്പ അനുവദിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ടൗണ്‍ഷിപ്പ് പദ്ധതിക്കായി കണ്ടെത്തുന്ന ഭൂമിയില്‍ പൊതുകെട്ടിടങ്ങള്‍, റോഡ് തുടങ്ങിയവയുടെ നിര്‍മാണത്തിനായാണ് വായ്പ തുക വിനിയോഗിക്കാന്‍ കഴിയുക.

എന്നാല്‍ വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്ത നിവാരണത്തിനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി 2000 കോടിയുടെ പാക്കേജാണ് സംസ്ഥാനം ആവശ്യപ്പെട്ടത്.

ദുരന്തബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു. റിക്കവറി നടപടികള്‍ ഒഴിവാക്കണമെന്നും സംസ്ഥാനം നിര്‍ദേശിച്ചിരുന്നു.

Content Highlight: Mundakai-Churalmala landslide rehabilitation; Center extends state fund utilization deadline

Latest Stories

We use cookies to give you the best possible experience. Learn more