| Monday, 13th January 2025, 11:59 am

മകളുടെ പ്രസംഗ വീഡിയോയുമായി മുനവ്വറലി തങ്ങള്‍; ഒരു പെണ്‍കുട്ടി സ്റ്റേജില്‍ കയറി സര്‍ട്ടിഫിക്കേറ്റ് വാങ്ങിയപ്പോള്‍ എന്തെല്ലാം പുകിലായിരുന്നെന്ന് കമന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ മകളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍. ഇപ്പോള്‍ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്.

‘മകള്‍ ഫാത്തിമ നര്‍ഗീസ് വീണ്ടും സ്‌ട്രൈറ്റ് പാത്ത് സ്‌കൂള്‍ പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയിരിക്കുന്നു. അല്‍ഹംദുലില്ലാഹ്. തുടര്‍ച്ചയായി ഈ നേട്ടം മകള്‍ക്ക് നിലനിര്‍ത്താന്‍ സാധിച്ചതില്‍ ഒരു പിതാവെന്ന നിലയില്‍ ഏറെ അഭിമാനവും സന്തോഷവും തോന്നുന്നു.

മാതാപിതാക്കളെ സംബന്ധിച്ച് മക്കളുടെ ഏതൊരു വിജയവും അതിരുകളില്ലാത്ത സന്തോഷമാണല്ലോ പകര്‍ന്ന് നല്‍കുന്നത്. പ്രിയ മകളുടെ ഈ നേട്ടത്തില്‍ പിന്തുണയും പ്രോത്സാഹനവും നല്‍കി കൂടെ നിന്ന സ്‌ട്രൈറ്റ് പാത്ത് സ്‌കൂളിനും അധ്യാപകര്‍ക്കും സ്‌നേഹവും നന്ദിയും അറിയിക്കുന്നു,’ എന്ന കുറിപ്പോട് കൂടിയാണ് മുനവ്വറലി തങ്ങള്‍ വീഡിയോ പങ്കുവെച്ചത്.

എന്നാല്‍ പോസ്റ്റിനെ വിമര്‍ശിച്ചുകൊണ്ടുള്ള കമന്റുകളാണ് നിലവില്‍ ചര്‍ച്ചയാകുന്നത്. സാധാരണക്കാരുടെ മക്കള്‍ ഇതൊന്നും ചെയ്യരുതെന്ന നിലപാടുണ്ടോ, ഇസ്‌ലാമിൽ വെവ്വേറെ നിയമങ്ങളുണ്ടോ എന്ന ചോദ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

ഒരു പെണ്‍കുട്ടി സ്റ്റേജില്‍ കയറി സര്‍ട്ടിഫിക്കേറ്റ് വാങ്ങിയപ്പോള്‍ എന്തൊക്കെ പൊല്ലാപ്പായിരുന്നുവെന്നും പ്രതികരണമുണ്ട്.

ഇതിപ്പോ ഏതെങ്കിലും പാവപ്പെട്ടവന്റെ പെണ്‍കുട്ടിയായിരുന്നെങ്കില്‍ ഇങ്ങനെ പബ്ലിക്കായി പറഞ്ഞതിന് സകല പണ്ഡിതന്‍മാരും ഇപ്പൊ കോമരം തുള്ളിയേനെയെന്നും ഇതിപ്പോ പാണക്കട്ടെ കുട്ടിയായി പോയില്ലേയെന്നും അസ്‌കര്‍ ചെമ്പ്രശ്ശേരി എന്ന വ്യക്തി പ്രതികരിച്ചു.

തങ്ങള്‍ക്ക് ഡി.ജെ കല്യാണം നടത്താമെന്നും പെണ്‍കുട്ടികളെ സ്റ്റേജില്‍ കയറ്റാമെന്നും അതിനു ലീഗായാല്‍ മതിയെന്നും ഫിറോസ് ബാബു ചോരാമ്പറ്റ എന്നയാൾ പറഞ്ഞു. ഇത് സാധാരണക്കാരുടെ മക്കള്‍ പിന്‍പറ്റരുതെന്ന് ആസിഫ് പേരൂർ എന്ന വ്യക്തിയും പ്രതികരിച്ചു.

അതേസമയം ‘കഷ്ടപ്പെട്ട് പരീക്ഷ ജയിച്ച് തന്റെ സര്‍ട്ടിഫിക്കേറ്റ് വാങ്ങാന്‍ സ്റ്റേജില്‍ കയറിയതിന് ഒരു പാവം പെണ്‍കുട്ടിയെയും രക്ഷിതാക്കളെയും അപമാനിച്ചുവിട്ട സമസ്തയിലെ പുരോഹിതന്മാര്‍ കണ്ടു പഠിക്കട്ടെ, പാണക്കാട്ടെ പെണ്‍കുട്ടിയുടെ തന്റേടവും അവള്‍ക്ക് പിതാവ് നല്‍കുന്ന ഈ പിന്തുണയും,’ എന്ന് സ്വാലിഹ് അരിക്കുളം എന്ന വ്യക്തി പറഞ്ഞു.

‘ഈയൊരു പോസ്റ്റ് ഇവിടെ ഇടാന്‍ ഇങ്ങള് കാണിച്ച തന്റേടമുണ്ടല്ലോ… സ്വപ്നം കാണാനറിയുന്ന പെണ്‍കുട്ടികള്‍ക്ക് പാണക്കാട്ടെ മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രിയപ്പെട്ടതാവുന്നതിന്റെയൊരു കാരണം അതും കൂടിയാണ്,’ എന്ന് അഷിക ഖാനം എന്നയാൾ ഫേസ്ബുക്കില്‍ കുറിച്ചു.

പത്താം ക്ലാസുകാരിയെ സ്റ്റേജിലേക്ക് വിളിച്ച് വരുത്തിയതില്‍ പ്രകോപിതനായ ഇ.കെ. സമസ്ത നേതാവ് അബ്ദുല്ല മുസ്‌ലിയാർ വിദ്യാര്‍ത്ഥിനിയെ അപമാനിച്ച സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് വിമര്‍ശനം. മദ്രസ കെട്ടിടത്തിന്റെ ഉദ്ഘാടന വേദിയില്‍ സര്‍ട്ടിഫിക്കേറ്റ് വിതരണത്തിനായാണ് വിദ്യാര്‍ത്ഥിനിയെ സ്റ്റേജിലേക്ക് ക്ഷണിച്ചത്.

Content Highlight: Munavvareli Thangal with daughter’s speech video; comments about what happened when a girl went on stage and bought a certificate

We use cookies to give you the best possible experience. Learn more