| Friday, 12th December 2025, 9:08 pm

മുനമ്പം വഖഫ് ഭൂമി കേസ്: കോടതി വിധി സ്വാഗതാര്‍ഹമെന്ന് നാഷണല്‍ ലീഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മുനമ്പം വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തതും, സ്റ്റാറ്റസ്‌കോ തുടരണമെന്നുമുള്ള സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമാണെന്ന് നാഷണല്‍ ലീഗ് സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍.കെ. അബ്ദുല്‍ അസീസ്.

മുനമ്പത്തെ ഭൂമി തര്‍ക്കത്തില്‍ കമ്മീഷനെ നിയമിക്കാനാവുമോയെന്ന വിഷയത്തിലാണ് ഹൈക്കോടതിയുടെ പരാമര്‍ശമുണ്ടായത്, മുനമ്പം ഭൂമി തര്‍ക്കം വഖഫ് ട്രൈബ്യൂണലിന്റെ പരിഗണനയില്‍ ആയതിനാല്‍ ഹൈക്കോടതിക്ക് ഇടപെടാനാവില്ലെന്നും പ്രസ്താവനയില്‍ പറഞ്ഞു.

മുനമ്പം വിഷയത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും നടത്തുന്ന വര്‍ഗീയ പ്രചാരണങ്ങള്‍ക്കേറ്റ തിരിച്ചടി കൂടിയാണിത്, തെറ്റിദ്ധാരണ പരത്തി ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ആസൂത്രിത ശ്രമങ്ങളെ കരുതിയിരിക്കണം.

വിധിക്കെതിരെ അപ്പീല്‍ നല്‍കിയ സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടു നിയമവകുപ്പിനു കത്ത് നല്‍കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

ഇന്നാണ് (വെള്ളിയാഴ്ച) മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. കേരള വഖഫ് സംരക്ഷണ വേദിയുടെ അപ്പീലിലാണ് സുപ്രീം കോടതിയുടെ നടപടി.

ഹൈക്കോടതിക്ക് അത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാന്‍ അധികാരമില്ലെന്ന് വഖഫ് സംരക്ഷണ വേദി അപ്പീലില്‍ പറഞ്ഞിരുന്നു.

തുടര്‍ന്ന് ഈ വാദം ശരിയാണെന്ന് നിരീക്ഷിച്ചു കൊണ്ട് സുപ്രീം കോടതി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു.കേസ് പരിഗണിക്കുന്നതുവരെയുള്ള ഇടക്കാല ഉത്തരവാണിത്.

Content Highlight: Munambam Waqf land case: National League welcomes court verdict

We use cookies to give you the best possible experience. Learn more