| Friday, 10th October 2025, 1:59 pm

മുനമ്പം ഭൂമി വഖഫിന്റേതല്ല; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മുനമ്പത്തെ ഭൂമി വഖഫ് ബോര്‍ഡിന്റേതല്ലെന്ന നിര്‍ണായക ഉത്തരവുമായി ഹെക്കോടതി. ഭൂമി ഫറൂഖ് കോളേജിന് ദാനമായി കിട്ടിയതാണെന്ന വാദം നിലനില്‍ക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് കോടതിയുടെ നിര്‍ണായക ഉത്തരവ്.

1950ലെ ഉടമ്പടി ദൈവത്തിനുള്ള സ്ഥിരമായ സമര്‍പ്പണമായിരുന്നില്ലെന്നും ഫറൂഖ് കോളേജിന് സമ്മാനമായി നല്‍കിയ എഗ്രിമെന്റ് മാത്രമാണെന്നും കോടതി പറഞ്ഞു. വഖഫ് ആക്ടിലെ ഏതെങ്കിലും നിയമത്തിന്റെ കീഴില്‍ അത് വരില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഭൂമി ഫറൂഖ് കോളേജിന് ദാനമായി കിട്ടിയതാണെന്ന വാദം നിലനില്‍ക്കുമെന്നാണ് വിധിയില്‍ ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഭൂമി പൂര്‍ണമായും ഒരു വഖഫ് ആയി കണക്കാക്കാന്‍ കഴിയില്ലെന്ന വാദം ഹൈക്കോടതി അംഗീകരിച്ചു.

അതേസമയം, മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. മുനമ്പം ഭൂമി വിഷയത്തില്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന് അന്വേഷണം തുടരാമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.

നേരത്തെ ജുഡീഷ്യല്‍ കമ്മീഷന്റെ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള വഖഫ് സംരക്ഷണ വേദിയാണ് സിംഗിള്‍ ബെഞ്ചിനെ സമീപിച്ചത്. എന്നാല്‍, കേസില്‍ കക്ഷിയല്ലാത്തവര്‍ക്ക് ഇത്തരമൊരു ഹരജി നല്‍കാന്‍ അവകാശമില്ലെന്ന് സര്‍ക്കാര്‍ അപ്പീലില്‍ വാദിച്ചു. ഈ സര്‍ക്കാര്‍ അപ്പീല്‍ പരിഗണിച്ച് ഡിവിഷന്‍ ബെഞ്ച് ഉത്തരവിടുകയായിരുന്നു.

Content highlight: Munambam land does not belong to Waqf; High Court issues crucial order

We use cookies to give you the best possible experience. Learn more