| Thursday, 22nd May 2025, 1:35 pm

മുനമ്പത്ത് കുടിയൊഴിപ്പിക്കല് പ്രായോഗികമല്ലെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍; റിപ്പോര്‍ട്ട് മെയ് 31ന് കൈമാറും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് ഉടന്‍ സമര്‍പ്പിക്കും. ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ അടുത്താഴ്ച്ച ഈ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറും.

മുനമ്പത്ത് കുടിയൊഴിപ്പിക്കല്‍ പ്രായോഗികമല്ലെന്നും വഖഫ് ബോര്‍ഡും ഫാറൂഖ് കോളേജുമായി സര്‍ക്കാര്‍ സമവായ ശ്രമം നടത്തണമെന്നും ഭൂമി വഖഫ് ആണെന്ന് കണ്ടെത്തിയാല്‍ സര്‍ക്കാര്‍ അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നടക്കമുള്ള നിര്‍ദേശങ്ങളാണ് റിപ്പോര്‍ട്ടിലുള്ളതെന്നാണ് സൂചന.

കോടതി വിധി മുനമ്പം നിവാസികള്‍ക്ക് എതിരാണെങ്കില്‍ പൊതുതാപര്യം മുന്‍നിര്‍ത്തി ഭൂമി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് തടസമില്ലെന്ന് സി.എന്‍. രാമചന്ദ്രന്‍ നായര്‍ പ്രതികരിച്ചു. മുനമ്പം നിവാസികള്‍ കേസില്‍ തോല്‍ക്കുകയും വഖഫ് ബോര്‍ഡ് ജയിക്കുകയും ചെയ്താല്‍ സര്‍ക്കാര്‍ മുനമ്പം നിവാസികളെ സംരക്ഷിക്കണമെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ പറഞ്ഞു.

വിഷയത്തില്‍ വഖഫ് ബോര്‍ഡും ഫാറൂഖ് കോളേജുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും ഇത് സാധ്യമായില്ലെങ്കില്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്. സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കുന്നതിനായി വഖഫ് നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഭൂമി ഏറ്റെടുക്കുമ്പോള്‍ വഖഫ് ബോര്‍ഡിന് നഷ്ടം വരാന്‍ സാധ്യതയുണ്ട്. ഈ നഷ്ടം നികത്താന്‍ സര്‍ക്കാരും ബോര്‍ഡും സമവായവിലെത്തണമെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.

മുനമ്പം വിഷയവുമായി ബന്ധപ്പെട്ട് വസ്തുതാപരമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസായ സി.എന്‍. രാമചന്ദ്രന്‍ നായരെ ജുഡീഷ്യല്‍ കമ്മീഷനായി നിയമിച്ചത്. മെയ് 31ന് കമ്മീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറും.

റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശകള്‍

മുനമ്പം നിവാസികളെ കുടിയൊഴിപ്പിക്കല്‍ പ്രായോഗികമല്ല

ഭൂമി വഖഫെന്ന് കണ്ടെത്തിയാല്‍ സര്‍ക്കാര്‍ ഇടപെടണം

വഖഫ് ബോര്‍ഡുമായും ഫാറൂഖ് കോളേജും സര്‍ക്കാര്‍ സമവായ ശ്രമം നടത്തണം

പൊതുതാത്പര്യം നിലനിര്‍ത്തി സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കാമെന്ന വ്യവസ്ഥയുണ്ട്.

ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്താല്‍ വഖഫ് ബോര്‍ഡിന് നഷ്ടം സംഭവിച്ചേക്കാം. അതിനാല്‍ സര്‍ക്കാര്‍ ആവശ്യമായ നഷ്ട്പരിഹാരം ഉറപ്പാക്കണം

Content Highlight: Munambam Judicial commission report will be submit on MAY 31

We use cookies to give you the best possible experience. Learn more