| Sunday, 12th October 2025, 2:40 pm

പറഞ്ഞുതീരാത്ത കടലിന്റെ കഥ... സഞ്ചാരികളെ വരവേല്‍ക്കുന്ന മുനമ്പം

ജിൻസി വി ഡേവിഡ്

കൊച്ചിയിലെ വൈപ്പിന്‍ ദ്വീപിന്റെ വടക്കേ അറ്റത്ത് അറബിക്കടലും പെരിയാറും കൂടിച്ചേരുന്ന മനോഹര തീരമാണ് മുനമ്പം ബീച്ച്. 1341ലെ മഹാപ്രളയത്തിന് പിന്നാലെയാണ് വൈപ്പിന്‍ ദ്വീപും മുനമ്പവും രൂപപ്പെട്ടതെന്ന ചരിത്രകഥ ഇന്നും പ്രദേശവാസികള്‍ അഭിമാനത്തോടെ പറയാറുണ്ട്.

നീണ്ടുകിടക്കുന്ന മണല്‍പ്പരപ്പോ തിരമാലകളുടെ കിന്നാരം പറച്ചിലോ മാത്രമല്ല മുനമ്പം ബീച്ച്. മുനമ്പം വെറും ഒരു കടല്‍ത്തീരമല്ല, കടലിനോടൊപ്പം ജീവിച്ചും പോരാടിയും വളര്‍ന്ന ഒരു സമൂഹത്തിന്റെ കഥ കൂടിയാണ്.

മുനമ്പത്തെ അസ്തമയ സൂര്യന്‍

കടലിനോട് ചേര്‍ന്ന് ജീവിക്കുന്നവരുടെ ജീവിതം എപ്പോഴും സാഹസികമാണ്. കടല്‍ക്ഷോഭം, ചുഴലിക്കാറ്റ്, മഴക്കെടുതികള്‍ എല്ലാം മുനമ്പത്തെ ബാധിച്ചിട്ടുണ്ട്. എന്നാല്‍ മുനമ്പത്തുള്ളവര്‍ ഒരിക്കലും പിന്തിരിഞ്ഞില്ല.

കടലിനോട് പോരാടിയും മത്സ്യബന്ധനം നടത്തിയും അവര്‍ ജീവിച്ചു. കടലില്‍ നിന്നുള്ള കഥകളും അനുഭവങ്ങളും അവര്‍ തലമുറകളായി കൈമാറി സൂക്ഷിച്ചു. ഇന്നത്തെ തിരമാലകള്‍, ഇന്നലെ പറയപ്പെട്ട കഥകളുടെ തുടര്‍ച്ച മാത്രമാണ്.

കടല്‍ കരയും വീടുകളും വിഴുങ്ങിയ ദിനങ്ങളും ആഴക്കടലില്‍ കാണാതായ ആളുകളുടെ കണ്ണീരൊഴുക്കുകളും ഉണ്ടായിട്ടുണ്ട്. അതുപോലെ കടലില്‍ നിന്ന് കിട്ടിയ സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ഓര്‍മ്മകളും മുനമ്പത്തെ ജനതക്ക് പറയാനുണ്ട്.

‘കടല്‍ നമ്മളെ പരീക്ഷിക്കും, പക്ഷേ ഒരിക്കലും നമ്മളെ വിട്ടുകളയില്ല. ഇപ്പോള്‍ ടൂറിസം മേഖലയില്‍ കേരളത്തിന്റെ മുഖമായി മുനമ്പം മാറുന്നത് കാണുമ്പോള്‍ ഒരുപാട് സന്തോഷമുണ്ട്,’ മുനമ്പം സ്വദേശിയായ ജിനില്‍ പറയുന്നു.

മുനമ്പം ബീച്ച്

മുനമ്പം, ഇന്ന് സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറിയിരിക്കുകയാണ്. രക്തശോഭയാര്‍ന്ന സൂര്യാസ്തമയം കാണാനും കടല്‍ക്കാറ്റ് കൊള്ളാനും അസ്തമയ സൂര്യന്റെ നിറങ്ങള്‍ നിറഞ്ഞ ആകാശം കാണാനും നിരവധി ആളുകള്‍ ഇവിടേക്കെത്തുന്നു. കൊച്ചി നഗരത്തിന്റെ തിരക്കില്‍ നിന്നും മാറി ശാന്തതയും കടല്‍ക്കാറ്റും ഊഷമളതയും നിറഞ്ഞൊരു ലോകമാണിത്.

പുലര്‍ച്ചെ സൂര്യന്‍ ഉയരുന്നതിന് മുന്‍പ് തന്നെ കടല്‍ത്തീരത്ത് ചലനങ്ങള്‍ തുടങ്ങും. മത്സ്യബന്ധനത്തിന് പോകുന്നവരുടെയും ഹാര്‍ബറിലെത്തുന്നവരുടെയും തിരക്കില്‍ മുനമ്പം മുങ്ങും.

മുനമ്പം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഒരുപാട് പേര്‍ക്ക് ആദ്യം മനസ്സില്‍ വരുന്നത് മുനമ്പം ഹാര്‍ബറാണ്. കേരളത്തിലെ ഏറ്റവും വലിയ മത്സ്യബന്ധന തുറമുഖങ്ങളില്‍ ഒന്നായ മുനമ്പം ഹാര്‍ബര്‍, സംസ്ഥാനത്തിന്റെ മത്സ്യബന്ധന സമ്പദ്‌വ്യവസ്ഥയുടെ മുഖ്യകേന്ദ്രം കൂടിയാണ്.

മുനമ്പം ഹാര്‍ബര്‍

പ്രതിദിനം നൂറുകണക്കിന് ബോട്ടുകള്‍ ഇവിടെ നിന്ന് കടലിലേക്ക് പുറപ്പെടുന്നുണ്ട്. ചെറു വഞ്ചികളില്‍ നിന്ന് ആരംഭിച്ച് വന്‍ട്രോളറുകള്‍ വരെ ഇവിടെ പ്രവര്‍ത്തിക്കുന്നു. ‘മുനമ്പത്ത് ഇപ്പോള്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ ചിലപ്പോള്‍ രണ്ട് ശതമാനം ഒക്കെയേ ഉണ്ടാകുകയുള്ളൂ. ബാക്കി ഉള്ള മിക്കവരുടെയും ഉപജീവനം ഹാര്‍ബര്‍ ആണ്,’ ജിനില്‍ പറഞ്ഞു.

മീന്‍ നിറഞ്ഞുകിടക്കുന്ന പെട്ടികള്‍, വിലപേശലുകള്‍, ഐസ് നിറച്ച ലോറിയിലേക്ക് മീന്‍ കൊട്ടകള്‍ കയറ്റുന്ന തൊഴിലാളികള്‍, മീന്‍ വാങ്ങാനെത്തിയ വ്യാപാരികള്‍, നാട്ടുകാര്‍ എല്ലാം ചേര്‍ന്നുള്ള തിരക്കും ബഹളവുമാണ് മുനമ്പത്തെ ഉണര്‍ത്തുക. കേരളത്തിന്റെ വിവിധ സംസ്‌കാരങ്ങളും ജീവിത രീതിയും കാണാനാഗ്രഹിക്കുന്ന വിദേശികള്‍ക്ക് വളരെ മികച്ചൊരു കാഴ്ച തന്നെയായിരിക്കും ഇത്.

ഹാര്‍ബറിന്റെ തിരക്കിനൊപ്പം ബീച്ചിന്റെ ശാന്തത കൂടി വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ടെന്നത് എടുത്ത് പറയേണ്ടതാണ്. സൂര്യാസ്തമയം കാണാന്‍ എത്തുന്നവര്‍, തിരമാലകള്‍ക്കൊപ്പം കളിപറയാനെത്തുന്നവര്‍, ഹാര്‍ബറിലെ തിരക്കേറിയ ജീവിതം നേരിട്ട് കാണാന്‍ ആഗ്രഹിക്കുന്നവര്‍ എന്നിങ്ങനെ നിരവധിപേരാണ് മുനമ്പത്തെക്ക് ഒഴുകിയെത്തുന്നത്. കേരളത്തിന്റെ ടൂറിസം മേഖലയില്‍ പുതിയ ഇടം നേടിയിരിക്കുകയാണ് മുനമ്പം.

മണലും തിരമാലകളും മാത്രം നിറഞ്ഞ സാധാരണ ബീച്ചുകളില്‍ നിന്ന് മുനമ്പം ബീച്ച് വ്യത്യസ്തമാണ്. കടലിന്റെയും കായലിന്റെയും കാഴ്ചകള്‍ ഒത്തുചേര്‍ന്ന് ആകര്‍ഷകമായ ഒരു ദൃശ്യാനുഭവം മുനമ്പം സഞ്ചാരികള്‍ക്കായി ഒരുക്കുന്നു.

പട്ടം പറത്തലിനും ബീച്ച് ഇവിടം ജനപ്രിയമാണ്. വര്‍ഷങ്ങളായി നിരവധി മനോഹരമായ ഹോംസ്റ്റേകള്‍ ഈ പ്രദേശത്ത് വളര്‍ന്നുവന്നിട്ടുണ്ട്. ഇത് സന്ദര്‍ശകര്‍ക്ക് സുഖപ്രദമായ താമസസൗകര്യങ്ങളും പ്രാദേശിക സംസ്‌കാരത്തില്‍ മുഴുകാനുള്ള അവസരവും നല്‍കുന്നു.

മുനമ്പം ബീച്ച്

മുനമ്പം ബീച്ച് സാധാരണയായി തിരക്കേറിയതല്ല, സന്ദര്‍ശകര്‍ക്ക് സ്വന്തം വേഗതയില്‍ ശാന്തതയും പ്രകൃതിഭംഗി ആസ്വദിക്കാന്‍ അനുവദിക്കുന്നു. മുനമ്പത്തെ തദ്ദേശീയ മത്സ്യത്തൊഴിലാളികള്‍ തങ്ങളുടെ പരമ്പരാഗത ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത് കാണുന്നത് ഒരു കൗതുകകരമായ അനുഭവമാണ്. മത്സ്യത്തൊഴിലാളികളുടെ ദൈനംദിന ദിനചര്യകള്‍ അവരുടെ ജീവിതത്തിലേക്ക് ഒരു നേര്‍ക്കാഴ്ച നല്‍കുന്നു.

മുനമ്പത്തെ മറ്റൊരു പ്രധാന കാഴ്ചയാണ് ചീനവലകള്‍. ഈ വലകള്‍, പരമ്പരാഗത ചൈനീസ് മത്സ്യബന്ധന സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തില്‍ നിര്‍മിക്കപ്പെട്ടതാണ്, അതിനാല്‍ അവയ്ക്ക് ‘ചൈനീസ് വലകള്‍’ എന്ന പേരുമുണ്ട്.

ചീനവലകള്‍ ടൂറിസ്റ്റുകള്‍ക്ക് വലിയൊരു ആകര്‍ഷണമാണ്. പുലര്‍ച്ചെ തൊഴിലാളികള്‍ ചീനവല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന കാഴ്ച ഇവിടുത്തെ പ്രാദേശിക ജീവിതത്തെ ദൃശ്യാത്മകമായി അവതരിപ്പിക്കുന്നു.

ചീനവല

സഞ്ചാരികള്‍ക്ക് മുനമ്പം ഏറ്റവും മനോഹരമായി കാണാനാകുന്നത് ഒക്ടോബര്‍ മുതല്‍ മേയ് വരെയുള്ള മാസങ്ങളിലാണ്. ഈ സമയത്ത് കടലിന്റെ നിറവും കാലാവസ്ഥയും യാത്രയ്ക്ക് അനുയോജ്യമായിരിക്കും.

സൂര്യാസ്തമയം കാണാതെ ഒരിക്കലും മടങ്ങരുത്. ഹാര്‍ബറിലെ ജീവിതവും നാട്ടിന്‍പുറത്തെ ഭക്ഷണങ്ങളുടെ രുചിയും ഒരു സഞ്ചാരി ജീവിതത്തിലൊരിക്കലെങ്കിലും അനുഭവിക്കേണ്ട പ്രത്യേകതകളാണ്.

ചരിത്രപരമായി നാവിക ഗതാഗതത്തിലും വ്യാപാരത്തിലും ഏറെ പ്രസിദ്ധമായൊരു ഇടം കൂടിയാണ് മുനമ്പം. മലനാട് കടലിലും കിഴക്കന്‍ കേരളത്തിലെ ഗ്രാമങ്ങളും ബന്ധിപ്പിക്കുന്ന ഒരു പ്രധാന ഇടം എന്നത് മുനമ്പം ടൂറിസത്തിന് പ്രത്യേക മൂല്യം നല്‍കുന്നു.

മുനമ്പം ബീച്ചും ഹാര്‍ബറുമൊത്തുള്ള പ്രദേശം ടൂറിസം മേഖലയായി മാറിക്കഴിഞ്ഞു. കേരളം സര്‍ക്കാര്‍ നടത്തികൊണ്ടിരിക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ മുനമ്പത്തിന്റെ മാറ്റ് കൂട്ടുകയാണ്.

ബീച്ചിന്റെ പരിസര മേഖലകള്‍ ശുചിത്വവും സൗകര്യവുമുള്ളതാക്കുന്നതും ബീച്ച് സൈഡ് കഫേകള്‍, മികച്ച പാര്‍ക്കിങ് സൗകര്യം എന്നിവയൊക്കെ ടൂറിസം വളര്‍ച്ചക്ക് സഹായകരമാണ്. കൂടാതെ, തദ്ദേശീയ ഉത്പന്നങ്ങളുടെ വിപണനവും, മത്സ്യത്തൊഴിലാളികളുടെ ജീവിതവും കാണാന്‍ വിദേശികളടക്കമുള്ള ടൂറിസ്റ്റുകള്‍ എത്തുന്നത് നാട്ടുകാര്‍ക്കും സാമ്പത്തിക ഗുണം ലഭിക്കുന്ന ഒരു വഴിയാകുന്നു.

ചുരുക്കത്തില്‍ മുനമ്പം ബീച്ച് ഒരു തീരം മാത്രമല്ല, അത് പ്രകൃതിയുടെയും മനുഷ്യജീവിതത്തിന്റെയും കൂട്ടായ്മയാണ്. തിരമാലകളുടെ സംഗീതവും മണല്‍പ്പുറത്തിന്റെ ശാന്തതയും മത്സ്യതൊഴിലാളികളുടെ അധ്വാനവും ചേര്‍ന്ന് സഞ്ചാരികളുടെ ഹൃദയത്തില്‍ പതിഞ്ഞുപോകുന്ന ഓര്‍മ്മകളാണ് മുനമ്പം സമ്മാനിക്കുന്നത്. കേരളത്തിന്റെ തീരപ്രദേശങ്ങളുടെ ഭംഗിയെയും ജനജീവിതത്തെയും ഒരുപോലെ പ്രതിഫലിപ്പിക്കുന്ന മനോഹരരംഗമാണ് മുനമ്പം ബീച്ച്.

Content Highlight: Munambam Beach

ജിൻസി വി ഡേവിഡ്

ഡൂൾ ന്യൂസ് സബ് എഡിറ്റർ ട്രെയിനി. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് ജമ്മുവിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ന്യൂ മീഡിയയിൽ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more