| Saturday, 11th July 2026, 11:12 am

അവരില്ലാതെ ഇന്ത്യക്ക് ലോകകപ്പ് വിജയിക്കാൻ സാധിക്കില്ല: മുനാഫ് പട്ടേൽ

സുദേവ് എ

2027 ഐ.സി.സി ഏകദിന ലോകകപ്പ് ഇന്ത്യ നേരിടണമെങ്കിൽ ടീമിൽ വിരാട് കോഹ്‌ലിയും രോഹിത് ശർമയും ഉണ്ടാവണമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുനാഫ് പട്ടേൽ. രോഹിത്തിനും കോഹ്‌ലിക്കും പകരം വെക്കാൻ മറ്റാരുമില്ലെന്നാണ് മുനാഫ് പറഞ്ഞത്.

ഇരുവരും ഇപ്പോഴും മികച്ച താരങ്ങൾ ആണെന്നും ബൗളർമാർക്ക് രോഹിത്തിനും കോഹ്‌ലിക്കുമെതിരെ പന്തെറിയാൻ ഭയമാണെന്നും മുനാഫ് വ്യക്തമാക്കി. സ്പോർട്സ് ജേർണലിസ്റ്റ് വിമൽ കുമാറുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മുൻ ഇന്ത്യൻ താരം.

‘അവരില്ലാതെ ലോകകപ്പ് നേടുക വളരെ ബുദ്ധിമുട്ടാണ്. 2027 ലോകകപ്പ് വിജയിക്കണമെങ്കിൽ അവരുടെ അനുഭവവും പ്രകടനവും ടീമിന് ആത്യാശ്യമാണ്. കഴിഞ്ഞ 10 വർഷത്തെ അവരുടെ റെക്കോഡുകൾ നോക്കു. ഒരേ ഫോർമാറ്റിൽ 55 സെഞ്ച്വറികൾ നേടിയിട്ടുണ്ട്. രോഹിത്തിന് 33-34 സെഞ്ച്വറികളുണ്ട്. സത്യത്തിൽ ബൗളർമാർക്ക് ഇവർക്കെതിരെ പന്തെറിയാൻ പോലും ഭയമാണ്.

എന്നിട്ടും ചിലർ രോഹിത്തും വിരാടും പഴയ പോലെ അല്ലെന്നു കരുതുന്നു. എന്നാൽ കഴിവ് അത്ര എളുപ്പത്തിൽ നഷ്ടമാകില്ല. അവർ ഇപ്പോഴും മികച്ച താരങ്ങളാണ്. അവരില്ലാതെ ടീം എങ്ങനെ വിജയിക്കും? മറ്റുള്ളവർ ഇപ്പോഴും വളർന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ അവരുടെ സ്ഥാനം പൂർണമായി നികത്താൻ ആരുമില്ല. 2027 ലോകകപ്പിന് ഏകദേശം എട്ട് മാസം മാത്രമാണ് ബാക്കിയുള്ളത്. ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ അവർക്ക് പകരക്കരെ ഒരുക്കുക എളുപ്പമല്ല,’ മുനാഫ് പട്ടേൽ പറഞ്ഞു.

2027ൽ സൗത്ത് ആഫ്രിക്കയിൽ വെച്ച് നടക്കുന്ന ലോകകപ്പിന് മുന്നോടിയായുള്ള ഏകദിന പരമ്പരകളാണ് ഇനി രോഹിത്തിന്റെയും കോഹ്‌ലിയുടെയും മുന്നിലുള്ളത്. ടെസ്റ്റിൽ നിന്നും ടി-20യിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ഇരുവരും ഏകദിനത്തിൽ മാത്രമാണ് നിലവിൽ കളിച്ചുകൊണ്ടിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിൽ ഇരുവരും ഇന്ത്യക്ക് വേണ്ടി കളത്തിലിറങ്ങും.

ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരം ജൂലൈ 14നാണ് നടക്കുന്നത്. ബർമിങ്ഹാമിലെ എഡ്ബാജ്സ്റ്റണിലാണ് മത്സരം. രണ്ടാം മത്സരം ജൂലൈ 16നും മൂന്നാം മത്സരം ജൂലൈ 19നും നടക്കും.

ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരക്കുള്ള ഇന്ത്യ സ്‌ക്വാഡ്

ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), വാഷിങ്ങ്ടൺ സുന്ദർ, അക്‌സർ പട്ടേൽ, ശിവം ദുബെ കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, അർഷ്ദീപ് സിങ്, ഹർഷിദ് റാണ, ഗുർനൂർ ബ്രാർ.

Content Highlight: Munaf Patel talks about Virat Kohli and Rohit Sharma

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more