| Monday, 24th November 2025, 3:14 pm

അശ്രദ്ധയോടെ വോട്ട് ചെയ്താല്‍ മുംബൈ കൈവിട്ടുപോകും; മറാത്തി ജനതയോട് രാജ് താക്കറെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മറാത്തി വംശജരല്ലാത്തവരെ വിജയിക്കാന്‍ അനുവദിക്കരുതെന്ന് ആഹ്വാനം ചെയ്ത് എം.എന്‍.എസ് മേധാവി രാജ് താക്കറെ.

മറാത്തി സമൂഹത്തിന് ഇത് അവസാനത്തെ നിര്‍ണായക തെരഞ്ഞെടുപ്പ് ആയിരിക്കും. വോട്ട് ജാഗ്രതയോടെ രേഖപ്പെടുത്തണമെന്നും അശ്രദ്ധ കാണിച്ചാല്‍ മുംബൈ കൈകളില്‍ നിന്നും പോയതായി കണക്കാക്കിയാല്‍ മതിയെന്നും നവനിര്‍മാണ്‍ സേന തലവന്‍ പറഞ്ഞു.

കൊങ്കണ്‍ മഹോത്സവത്തിന്റെ ഉദ്ഘാടനത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.എം.സി തെരഞ്ഞെടുപ്പില്‍ തൊഴിലാളികളും വോട്ടര്‍മാരും ജാഗ്രത പാലിക്കണം. അശ്രദ്ധമായാല്‍ മുംബൈ കൈകളില്‍ നിന്നും പോയതായി കണക്കാക്കുക. മുംബൈ നമ്മുടെ കൈകളില്‍ നിന്നും വഴുതിപ്പോയാല്‍ ഈ ആളുകള്‍ നാശം സൃഷ്ടിക്കുമെന്നും രാജ് താക്കറെ പറഞ്ഞു.

മഹാരാഷ്ട്രയിലെ വോട്ടര്‍ പട്ടികയില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന ആരോപണങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണ്. വോട്ടര്‍മാര്‍ യഥാര്‍ത്ഥ വോട്ടര്‍മാരാണോ അതോ വ്യാജന്മാരാണോ എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണെന്നും താക്കറെ പറഞ്ഞു.

മറാത്തി വികാരത്തെ ആളിക്കത്തിച്ച് വോട്ട് നേടാനുള്ള രാജ് താക്കറെയുടെയും എം.എന്‍.എസിന്റെയും നീക്കത്തെ ബി.ജെ.പി പ്രതിരോധിക്കുന്നത് ഹിന്ദുത്വ വാദമുന്നയിച്ചാണ്.

സമീപകാലത്ത് മുംബൈ എം.എല്‍.എ അമീത് സതാമിന്റെ പ്രസ്താവനകളും വിവാദമായിരുന്നു. ന്യൂയോര്‍ക്ക് മേയറായി ഇന്ത്യ വംശജനും മുസ്‌ലിമുമായ സൊഹ്‌റാന്‍ മംദാനി വിജയിച്ചപ്പോള്‍ മുംബൈയില്‍ ഒരിക്കലും അങ്ങനെ സംഭവിക്കില്ലെന്നായിരുന്നു സതാമിന്റെ പ്രതികരണം.

മംബൈ മേയര്‍ മറാത്തിയായിരിക്കുമോ എന്ന ചോദ്യത്തിന് ബി.ജെ.പി മന്ത്രിയായ ആശിഷ് ഷെലാര്‍ നല്‍കിയ മറുപടി ‘മുംബൈ മേയര്‍ ഒരു ഹിന്ദുവായിരിക്കും എന്നായിരുന്നു.

ബ്രിഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് 2026 ജനുവരിയില്‍ നടക്കുമെന്നാണ് കരുതുന്നത്.

രാജ് താക്കറെയും അദ്ദേഹത്തിന്റെ ബന്ധുവായ ശിവസേന (യു.ബി.ടി) മേധാവി ഉദ്ധവ് താക്കറെയും തമ്മിലുള്ള തര്‍ക്കങ്ങളില്‍ അയവ് വന്നതും ഇരുവരും കുടുംബ പരിപാടികളിലും രാഷ്ട്രീയ പരിപാടികളിലും ഒന്നിച്ചെത്തുന്നതും ശ്രദ്ധേയമാണ്.

Content Highlight: Mumbai will be lost if you vote carelessly: Raj Thackeray to Marathi people

We use cookies to give you the best possible experience. Learn more