| Wednesday, 11th June 2025, 6:52 am

പത്ത് ദിവസത്തിനിടെ ശ്രേയസിന് ഇത് രണ്ടാം ഫൈനല്‍; ഐ.പി.എല്ലില്‍ നേടാന്‍ സാധിക്കാനാകാതെ പോയത് ഇവിടെ നേടുമോ?

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 മുംബൈ ലീഗില്‍ ഫൈനലിന് യോഗ്യത നേടി ശ്രേയസ് അയ്യരിന്റെ സോബോ മുംബൈ ഫാല്‍ക്കണ്‍സ് (SoBo Mumbai Falcons). കഴിഞ്ഞ ദിവസം നടന്ന സെമി ഫൈനല്‍ പോരാട്ടത്തില്‍ നമോ ബാന്ദ്ര ബ്ലാസ്‌റ്റേഴ്‌സിനെ (NaMo Bandra Blasters) പരാജയപ്പെടുത്തിയാണ് ശ്രേയസ് അയ്യരും സംഘവും കിരീടപ്പോരാട്ടത്തിനൊരുങ്ങുന്നത്.

ഫൈനലില്‍ മുംബൈ സൗത്ത് സെന്‍ട്രല്‍ മറാത്ത റോയല്‍സിനെ ഫാല്‍ക്കണ്‍സ് നേരിടും.

ജൂണ്‍ മൂന്നിന് ഐ.പി.എല്‍ ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് പരാജയപ്പെട്ട ശേഷം പഞ്ചാബ് കിങ്‌സ് നായകന്‍ കൂടിയായ ശ്രേയസ്, പത്ത് ദിവസത്തിനകം തന്നെ മറ്റൊരു ഫൈനല്‍ പോരാട്ടത്തിനാണ് കച്ച മുറുക്കുന്നത്.

ബാന്ദ്ര ബ്ലാസ്‌റ്റേഴ്‌സിനെതിരെ ടോസ് നേടിയ ഫാല്‍ക്കണ്‍സ് ബൗളിങ് തെരഞ്ഞെടുത്തു. ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ സുദേവ് പാര്‍ക്കറിനെ നഷ്ടപ്പെട്ട ബ്ലാസ്റ്റേഴ്‌സ് ധ്രുമില്‍ മക്തര്‍, ക്യാപ്റ്റന്‍ ആകാശ് ആനന്ദ്, സാഗര്‍ ഛബ്രിയ എന്നിവരുടെ ഇന്നിങ്‌സിലാണ് സ്‌കോര്‍ ഉയര്‍ത്തിയത്.

മക്തര്‍ 30 പന്തില്‍ 34 റണ്‍സും ആകാശ് ആനന്ദ് 28 പന്തില്‍ 31 റണ്‍സും സ്വന്തമാക്കി. 13 പന്തില്‍ 23 റണ്‍സാണ് ഛബ്രിയ നേടിയത്.

ഒടുവില്‍ നിശ്ചിത ഓവറില്‍ ടീം 130ന് പുറത്തായി.

ഫാല്‍ക്കണ്‍സിനായി ആകാശ് പാര്‍ക്കര്‍ മൂന്ന് വിക്കറ്റുമായി തിളങ്ങി. സിദ്ധാര്‍ത്ഥ് റൗട്ട് രണ്ട് വിക്കറ്റെടുത്തപ്പോള്‍ യാഷ് ദിച്ചോല്‍ക്കര്‍, വിനായക് ഭോയിര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി. മൂന്ന് താരങ്ങള്‍ റണ്‍ഔട്ടായും മടങ്ങി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഫാല്‍ക്കണ്‍സിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ സമ്മാനിച്ചത്. ആദ്യ വിക്കറ്റില്‍ ആംഗ്രിഷ് രഘുവംശിയുടെ മികവില്‍ 30 റണ്‍സാണ് പിറന്നത്. മൂന്നാം ഓവറിലെ അവസാന പന്തില്‍, ടീം സ്‌കോര്‍ 30ല്‍ നില്‍ക്കവെ രഘുവംശി പുറത്തായി. 14 പന്തില്‍ 27 റണ്‍സില്‍ കര്‍ഷ് കോത്താരിക്ക് വിക്കറ്റ് സമ്മാനിച്ചാണ് ഓപ്പണര്‍ മടങ്ങിയത്.

പിന്നാലെയെത്തിയ അമോഘ് ഭക്തല്‍ 11 പന്തില്‍ പത്ത് റണ്‍സും ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ മൂന്ന് പന്തില്‍ ഒരു റണ്ണിനും പുറത്തായി. അഞ്ച് പന്തില്‍ എട്ട് റണ്‍സ് നേടിയ ഹര്‍ഷ് ആഘാവിന്റെ വിക്കറ്റും ടീമിന് അധികം വൈകാതെ നഷ്ടമായി.

ക്യാപ്റ്റനടക്കം കാര്യമായി സ്‌കോര്‍ ചെയ്യാതെ മടങ്ങിയപ്പോള്‍ ഇഷാന്‍ മുല്‍ചന്ദാനി സ്‌കോര്‍ ഉയര്‍ത്താനുള്ള ചുമതലയേറ്റെടുത്തു. അഞ്ചാം വിക്കറ്റില്‍ ആകാശ് പാര്‍ക്കറിനെ ഒപ്പം കൂട്ടി അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുമായി തിളങ്ങിയ മുല്‍ചന്ദാനി ടീമിനെ വിജയത്തിലേക്ക് നയിച്ചു.

വിജയിക്കാന്‍ ഒരു റണ്‍സ് മാത്രം ആവശ്യമുള്ളപ്പോള്‍, ടീം സ്‌കോര്‍ 130ല്‍ നില്‍ക്കവെ പാര്‍ക്കര്‍ പുറത്തായി. 20 പന്തില്‍ 32 റണ്‍സാണ് താരം സ്വന്തമാക്കിയത്.

പിന്നാലെയെത്തിയ ശ്രേയാന്‍ഷ് റായ് ആദ്യ പന്തില്‍ സിംഗിള്‍ നേടി ഫാല്‍ക്കണ്‍സിനെ ഫൈനലിന് യോഗ്യരാക്കി.

34 പന്ത് നേരിട്ട് പുറത്താകാതെ 52 റണ്‍സ് നേടിയ മുല്‍ചന്ദാനിയാണ് ടീമിന്റെ വിജയശില്‍പി. മൂന്ന് സിക്‌സറും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ജൂണ്‍ 12നാണ് ഫൈനല്‍ മത്സരം. വാംഖഡെ സ്റ്റേഡിയമാണ് വേദി.

Content Highlight: Mumbai T20 League: Shreyas Iyer’s Mumbai Falcons qualified to finals

We use cookies to give you the best possible experience. Learn more