മുംബൈ: ദീപാവലിയില്‍ പടക്കങ്ങള്‍ പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും, പൊതുനിരത്തുകളില്‍ പടക്കം പൊട്ടിക്കുന്നത് ഒഴിവാക്കണമെന്നും പറഞ്ഞുകൊണ്ടുള്ള മുംബൈ മേയര്‍ റിതു താവ്ഡെയുടെ സന്ദേശം പുറത്തുവന്നതിന് പിന്നാലെ അവരുടെ ഈ വിഷയത്തിലെ മുന്‍ നിലപാട് ചോദ്യം ചെയ്യപ്പെടുന്നു.
ദീപാവലിയില്‍ പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട സമാന സന്ദേശം നടി ദിയ മിര്‍സ പറയുന്ന വീഡിയോ ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബി.എം.സി) സോഷ്യല്‍ മീഡിയയില്‍ നിന്ന് എടുത്തുമാറ്റുന്നതിനെ മുംബൈ മേയര്‍ നേരത്തെ പിന്തുണച്ചിരുന്നു. ഇപ്പോള്‍ ദിവസങ്ങള്‍ക്ക് ശേഷം ദിയ മിര്‍സയുടെ വീഡിയോയയില്‍ പറഞ്ഞ അതേ കാര്യം തന്നെ പറയുന്ന മേയര്‍ സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. ദിയയുടെ മുസ് ലിം സ്വത്വം കാരണമാണോ വീഡിയോ നീക്കം ചെയ്തതിനെ മേയര്‍ അനുകൂലിച്ചതെന്നും പ്രതിപക്ഷ നേതാക്കള്‍ ചോദിച്ചു.
ദിയ മിര്‍സയുടെ സന്ദേശമടങ്ങിയ വീഡിയോ നീക്കം ചെയ്ത നടപടിയെ മേയര്‍ പിന്തുണച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് പടക്കം പൊട്ടിക്കുന്നതില്‍ നിയന്ത്രണം വേണമെന്ന് മേയര്‍ എക്‌സ് പോസ്റ്റില്‍ പറയുന്നത്. ദീപാവലി ആഘോഷത്തിനിടെ അപകടങ്ങള്‍ ഒഴിവാക്കാനും അധികൃതരുമായി സഹകരിക്കാനും മേയര്‍ എക്‌സ് പോസ്റ്റില്‍ ആവശ്യപ്പെട്ടു. ‘മുംബൈയുടെ പ്രഥമ പൗര എന്ന നിലയില്‍, ദീപാവലി ആഘോഷത്തിന്റെ സന്തോഷം കെടുത്തുന്ന തരത്തിലുള്ള അപകടങ്ങളൊന്നും സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു,’ അവര്‍ കുറിച്ചു.
ബി.എം.സി ആവശ്യപ്പെട്ടതനുസരിച്ച് മിര്‍സ തയ്യാറാക്കിയ വീഡിയോ സന്ദേശത്തില്‍ പറഞ്ഞതിന് സമാനമായ കാര്യമാണ് ഇപ്പോള്‍ മേയറും പറയുന്നതെന്ന് പറഞ്ഞിരുന്നതെന്ന് ചൂണ്ടിക്കാട്ടി, എ.ഐ.എം.ഐ.എം നേതാവും വക്താവുമായ വാരിസ് പത്താന്‍ മേയറെ പരിഹസിച്ചു. ‘ബി.എം.സിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തില്‍ മിര്‍സ പറഞ്ഞതും ഇതുതന്നെയായിരുന്നു. എന്നാല്‍ അന്ന് മേയര്‍ അതിനെ എതിര്‍ക്കുകയാണുണ്ടായത്. മാത്രമല്ല, മിര്‍സയുടെ ആ സന്ദേശം ബി.എം.സി ഇതുവരെയും അവരുടെ അക്കൗണ്ടില്‍ അപ്ലോഡ് ചെയ്തിട്ടുമില്ല,’ വാരിസ് പത്താന്‍ പറഞ്ഞു.
മിര്‍സയുടെ സന്ദേശത്തെ എതിര്‍ത്തതിനെക്കുറിച്ച് പ്രതിപക്ഷം ബി.എം.സി ഭരണസമിതിയോടും ബി.ജെ.പിയോടും പലതവണ വിശദീകരണം ചോദിച്ചിരുന്നെങ്കിലും, വ്യക്തമല്ലാത്ത മറുപടികളാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍ അഷ്‌റഫ് അസ്മി പറഞ്ഞു.
‘മിര്‍സയുടെ സന്ദേശത്തില്‍ എന്താണ് പ്രശ്‌നമെന്ന് ഞങ്ങള്‍ ബി.എം.സി അധികൃതരോടും ഭരണകക്ഷിയായ ബി.ജെ.പിയോടും ചോദിച്ചുകൊണ്ടേയിരുന്നു. പടക്കങ്ങള്‍ പൊട്ടിക്കരുതെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിക്കുക മാത്രമാണ് മിര്‍സ ചെയ്തത്. ഇപ്പോള്‍, ദീപാവലി കഴിഞ്ഞതിന് ശേഷം മേയര്‍ തന്നെ വന്ന് അതേ സന്ദേശം നല്‍കുന്നു. അപ്പോള്‍, ആ നടിയുടെ അഭ്യര്‍ത്ഥനയില്‍ എന്തായിരുന്നു തെറ്റെന്നാണ് ഞങ്ങള്‍ കരുതേണ്ടത്?’ അസ്മി ചോദിച്ചു.
പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട മിര്‍സയുടെ സന്ദേശത്തോടാണോ അതോ അവരുടെ വ്യക്തിത്വത്തോടാണോ എതിര്‍പ്പ് എന്ന് സമാജ്വാദി പാര്‍ട്ടി എം.എല്‍.എ റയീസ് ഷെയ്ഖും ചോദിച്ചു. ‘ദിയ മിര്‍സയുടെ പരിസ്ഥിതി സംബന്ധമായ അഭ്യര്‍ത്ഥനയോടാണോ അതോ ഒരു മുസ്‌ലിം പേരിനോടാണോ ബി.ജെ.പിക്ക് പ്രശ്‌നം? മുംബൈയുടെ സുരക്ഷയേക്കാള്‍ വലുതാണ് നിങ്ങളുടെ വിദ്വേഷം എന്ന് ഇപ്പോള്‍ എങ്കിലും സമ്മതിക്കൂ,’ അദ്ദേഹം ‘എക്‌സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.
പടക്കങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദിയ മിര്‍സ നല്‍കിയ വീഡിയോ, ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബി.എം.സി) നീക്കം ചെയ്തത് വിവാദമായിരുന്നു. ബോംബെ ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് മലിനീകരണത്തിനെതിരായ ബോധവല്‍ക്കരണ ക്യാമ്പെയ്നിന്റെ ഭാഗമായി പ്രമുഖ വ്യക്തികളുടെ വീഡിയോ പുറത്തിറങ്ങിയത്.
വീഡിയോയില്‍ ദിയ മിര്‍സയെ ഉള്‍പ്പെടുത്തിയതിനെ ബി.ജെ.പി എതിര്‍ത്തിരുന്നു. ദീപാവലി ആഘോഷിക്കുന്നതിനെക്കുറിച്ച് ദിയ മിര്‍സയുടെ ഉപദേശം സ്വീകരിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു ബി.ജെ.പി പ്രസിഡന്റ് അമീത് സതം അഭിപ്രായപ്പെട്ടത്. തുടര്‍ന്ന് ദിയ മിര്‍സയുടെ വീഡിയോ കോര്‍പ്പറേഷന്‍ നീക്കം ചെയ്യുകയായിരുന്നു.
രാഷ്ട്രീയ സമ്മര്‍ദങ്ങളെത്തുടര്‍ന്ന് നവംബര്‍ ഒന്നിനാണ് ദിയ മിര്‍സയുടെ വീഡിയോ സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്ന് നീക്കം ചെയ്തത്. അതേസമയം ഇതേ ക്യാമ്പയിന്റെ ഭാഗമായി മാധുരി ദീക്ഷിത്, അജിങ്ക്യ രഹാനെ എന്നിവര്‍ അഭിനയിച്ച വീഡിയോകള്‍ പേജില്‍ നിലനിര്‍ത്തുകയും ചെയ്തിരുന്നു.
ഈ നടപടിയെ പിന്തുണച്ച റിതു താവ്ഡെ, ദിയ മിര്‍സയെ ‘ഹിന്ദു വിരുദ്ധ’ എന്ന് വിശേഷിപ്പിക്കുകയും, ഭാവിയില്‍ കോര്‍പ്പറേഷന്‍ നടത്തുന്ന ക്യാമ്പെയ്നുകളില്‍ നിന്ന് അവരെ ഒഴിവാക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. പ്രമുഖ വ്യക്തികളെ ഉള്‍പ്പെടുത്തുന്നതിന് മുന്‍പ് താനുമായി ആലോചിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
കോര്‍പറേഷന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് താന്‍ ആ സന്ദേശം റെക്കോര്‍ഡ് ചെയ്തതെന്നും, പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട ക്യാമ്പെയ്ന്‍ ആയിരുന്നു അതെന്നും ദിയ മിര്‍സ പറഞ്ഞിരുന്നു. ഈ വിവാദത്തില്‍ അതൃപ്തി രേഖപ്പെടുത്തിയ ബോംബെ ഹൈക്കോടതി, വീഡിയോ തിരികെ സ്ഥാപിക്കാന്‍ കോര്‍പറേഷനോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
മലിനീകരണവുമായി ബന്ധപ്പെട്ട പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടയിലാണ് കോടതി ഈ വിഷയത്തില്‍ ഇടപെട്ടത്. ‘ഉത്സവങ്ങള്‍ എല്ലാവര്‍ക്കും ആഘോഷിക്കാനുള്ളതാണ്… ഒരാള്‍ മറ്റൊരു മതത്തില്‍പ്പെട്ട ആളാണെന്ന കാരണത്താല്‍ ക്യാമ്പയിനിലെ പങ്കാളിത്തത്തെ എങ്ങനെ എതിര്‍ക്കാന്‍ കഴിയും? പൊതുതാത്പ്പര്യം,പൊതുജനാരോഗ്യവും പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തുടങ്ങിയവയില്‍ രാഷ്ട്രീയമോ വര്‍ഗീയതയോ കലര്‍ത്തരുത്. എല്ലാവരും ശ്വസിക്കുന്നത് ഒരേ വായുവാണ്,’ എന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു.
Content Highlight: Mumbai mayor’s firecracker appeal after objection to Dia Mirza’s message- opposition alleges ‘double standards’