| Wednesday, 14th January 2026, 8:07 am

മുബൈ തദ്ദേശ തെരഞ്ഞെടുപ്പ്; അനുയായി ഫലസ്തീന്‍ പതാക പതിച്ച ബാഗ് കൈവശം വെച്ചു, സ്ഥാനാര്‍ത്ഥിക്ക് വക്കീല്‍ നോട്ടീസ്

നിഷാന. വി.വി

മുബൈ: മുബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അനുയായി ഫലസ്തീന്‍ പതാക പതിച്ച ബാഗ് കൈവശം വെച്ചതിന് സ്ഥാനാര്‍ത്ഥിക്ക് വക്കീല്‍ നോട്ടീസ് അയച്ച് പൊലീസ്.

റെവല്യൂഷണറി വര്‍ക്കേഴ്‌സ് പാര്‍ട്ടി ഓഫ് ഇന്ത്യ (ആര്‍.ഡബ്ലു. ഐ) യുടെ സ്ഥാനാര്‍ത്ഥിയായ പ്രദ്‌ന്യ പ്രഭുല്‍ക്കറിനാണ് മഹാരാഷ്ട്ര പൊലീസ് നോട്ടീസ് അയച്ചത്.

വാര്‍ഡ് നമ്പര്‍ 140 ല്‍ നിന്ന് മത്സരിക്കുന്ന പ്രഭുല്‍ക്കറിന് ജനുവരി മൂന്നിനാണ് ഇത് സംബന്ധിച്ച വക്കീല്‍ നോട്ടീസ് ലഭിച്ചത്.

ഫലസ്തീന്‍ പാതാക പ്രദര്‍ശിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നും ഇത് പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുമെന്നും നോട്ടീസില്‍ പറയുന്നു.

എന്നാല്‍ തന്റെ അനുയായി പലപ്പോഴും ഈ ബാഗ് ഉപയോഗിക്കാറുണ്ടെന്ന് സ്ഥാനാര്‍ത്ഥി പറഞ്ഞു.

‘പതിവ് രേഖകള്‍ക്കാണെന്ന് പറഞ്ഞ് പൊലീസ് പ്രചാരണത്തിന്റെ ഫോട്ടോയെടുത്തു. ആ ഫോട്ടോ പിന്നീട് വക്കീല്‍ നോട്ടീസ് അയക്കാനാണെന്ന് അറിയില്ലായിരുന്നു,’ പ്രഭുല്‍ക്കര്‍ പറഞ്ഞതായി മക്തൂബ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു.

പ്രചരണ റാലി അവസാനിച്ച ശേഷം ദിയോനാര്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ പൊലീസ് ഓഫീസര്‍ രമേശ് യാദവ് തങ്ങളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചെന്നും വക്കീല്‍ നോട്ടിസ് കൈമാറിയതായും സ്ഥാനാര്‍ത്ഥി പറഞ്ഞു.

ഗുരുതരമായ ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ഇടപെടാനും തടയാനും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കുന്ന ഭാരതീയ നാഗരിക് സുരക്ഷാ സംഹിത സെക്ഷന്‍ 168 പ്രകാരമാണ് ഇന്‍സെപെക്ടര്‍ യാദവ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

ഫലസ്തീന്‍ പതാക കൈവശം വെക്കുന്നത് നിയമ വിരുദ്ധമായ പ്രവൃത്തിയായി കണക്കാക്കപ്പെടുന്നുവെന്നും അത് പ്രദേശത്ത് അശാന്തിക്ക് കാരാണമായേക്കാമെന്നും പൊലീസ് പറഞ്ഞതായി സ്ഥാനാര്‍ത്ഥി പറഞ്ഞു.

‘ഫലസ്തീന്‍ ഒരു മതപരമായ കാര്യമല്ല, ഏതെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഉന്നയിക്കുന്ന രാഷ്ട്രീയ വിഷയങ്ങളെ എതിര്‍ക്കാന്‍ പൊലീസിന് നിയമപരമായ അധികാരമില്ല. ഇത്തരത്തിലുള്ള അടിച്ചമര്‍ത്തല്‍ നടപടി പുതിയതല്ല. ഇത് വളരെയധികം ലജ്ജാകരമാണ്,’ ആര്‍. ഡബ്ലു. ഐ പറഞ്ഞു.

പൊലീസ് നടപടിയെ നിരവധി ഫലസ്തീന്‍ അനുകൂല പ്രവര്‍ത്തകര്‍ അപലപിച്ചിട്ടുണ്ട്.

ഇത്തരത്തിലുള്ള നടപടി സര്‍ക്കാരിന്റെ ഇരട്ടത്താപ്പിനെ കാണിക്കുന്നുവെന്നും ഇത് നമ്മുടെ വിദേശനയത്തിന്റെ ബലഹീനതയെ തുറന്ന് കാട്ടുന്നുവെന്നും ഇന്ത്യന്‍ ഫലസ്തീന്‍ സോളിഡാരിറ്റി ഫോറം അംഗം ഫിറോസ്മിത്തിബോര്‍വാല പറഞ്ഞു.

ആവിഷ്‌കാര സ്വാതന്ത്രത്തിന്റെ നഗ്നമായ ലംഘനം എന്നാണ് വിഷയത്തെ അപലിപിച്ചുകൊണ്ട് മുബൈയിലെ ഫ്രന്‍സ് ഓഫ് പലസ്തീന്‍ ആക്ടിവിസ്റ്റ് ഡോ. കാഷിഫ് പറഞ്ഞത്.

Content Highlight: Mumbai local body elections; Candidate gets legal notice for carrying bag with Palestinian flag on it

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more