| Tuesday, 21st April 2026, 7:56 am

ഈയൊരു ജയത്തിന് കാത്തിരുന്നത് നീണ്ട 12 വര്‍ഷം; ഗുജറാത്തിനെ വിറപ്പിച്ച് പള്‍ട്ടാന്‍സ്

ആദര്‍ശ് എം.കെ.

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് സീസണിലെ രണ്ടാം വിജയം സ്വന്തമാക്കിയിരിക്കുകയാണ്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 99 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് മുംബൈ സ്വന്തമാക്കിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഉയര്‍ത്തിയ 200 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ടൈറ്റന്‍സ് വെറും നൂറ് റണ്‍സിന് പുറത്തായി.

നീണ്ട 12 വര്‍ഷത്തിന് ശേഷമാണ് മുംബൈ ഇന്ത്യന്‍സ് അഹമ്മദാബാദില്‍ ഒരു മത്സരം വിജയിക്കുന്നത്. 2014ല്‍ വിജയിച്ച ശേഷം ഈ മണ്ണില്‍ അടുത്ത വിജയത്തിനായി പള്‍ട്ടാന്‍സിന് 2026 വരെ കാത്തിരിക്കേണ്ടി വന്നു.

തുടര്‍ച്ചയായ ഏഴ് പരാജയങ്ങള്‍ക്ക് ശേഷമാണ് ടീം അഹമ്മദാബാദില്‍ വിജയിക്കുന്നത്. 2015ല്‍ പരാജയമേറ്റുവാങ്ങിയ മുംബൈ 2023, 2024, 2025 സീസണുകളില്‍ രണ്ട് തവണ വീതവും മൊട്ടേരയില്‍ തോല്‍വിയറിഞ്ഞു.

സൂപ്പര്‍ താരം തിലക് വര്‍മയുടെ സെഞ്ച്വറി കരുത്തിലാണ് മുംബൈ സ്‌കോര്‍ ഉയര്‍ത്തിയത്. 45 പന്ത് നേരിട്ട് പുറത്താകാതെ 101 റണ്‍സുമായി തിലക് തിളങ്ങി. ആകാശം തൊട്ട ഏഴ് സിക്‌സറും എണ്ണം പറഞ്ഞ എട്ട് ഫോറും അടക്കം 224.44 എന്ന വെടിക്കെട്ട് സ്‌ട്രൈക് റേറ്റിലായായിരുന്നു താരത്തിന്റെ പ്രകടനം.

ആറ് ഫോറും ഒരു സിക്‌സറും ഉള്‍പ്പടെ 32 പന്തില്‍ 45 റണ്‍സ് നേടിയ നമന്‍ ധിറാണ് മുംബൈ നിരയിലെ രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.

ഒടുവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ടീം 199 റണ്‍സ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗില്ലിനും സംഘത്തിനും തിലക് വര്‍മ ഒറ്റയ്‌ക്കെടുത്ത റണ്‍സിനേക്കാള്‍ കുറവ് മാത്രമാണ് നേടാന്‍ സാധിച്ചത്. നാല് വിക്കറ്റുമായി ഇംപാക്ട് പ്ലെയര്‍ അശ്വിനി കുമാറും രണ്ട് വീതം വിക്കറ്റുകളുമായി മിച്ചല്‍ സാന്റ്‌നറും അള്ളാ ഘന്‍സഫറും തിളങ്ങിയപ്പോള്‍ 15.5 ഓവറില്‍ ടൈറ്റന്‍സ് നൂറിന് പുറത്തായി.

സായ് സുദര്‍ശനും ജോസ് ബട്‌ലറും അടക്കമുള്ളവര്‍ പരാജയപ്പെട്ട മത്സരത്തില്‍ നാല് ടൈറ്റന്‍സ് താരങ്ങള്‍ മാത്രമാണ് ഇരട്ടയക്കം കണ്ടത്. 17 പന്തില്‍ 26 റണ്‍സ് നേടിയ വാഷിങ്ടണ്‍ സുന്ദറാണ് ടീമിന്റെ ടോപ്പ് സ്‌കോറര്‍.

തുടര്‍ച്ചയായ നാല് തോല്‍വികള്‍ക്ക് ശേഷം ഈ വിജയത്തോടെ പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തേക്ക് കയറാനും മുംബൈയ്ക്ക് സാധിച്ചു. ആറ് മത്സരത്തില്‍ നിന്നും നാല് പോയിന്റാണ് ടീമിനുള്ളത്. ആറില്‍ മൂന്ന് മത്സരം വിജയിച്ച ടൈറ്റന്‍സ് ആറാമതാണ്.

ഏപ്രില്‍ 23നാണ് മുംബൈ അടുത്ത മത്സരത്തിനിറങ്ങുന്നത്. സ്വന്തം തട്ടകമായ വാംഖഡെയില്‍ ചിരവൈരികളായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് എതിരാളികള്‍.

Content highlight: Mumbai Indians win in Ahmedabad for the first time in 12 years

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more