| Sunday, 16th February 2025, 8:15 am

ലാസ്റ്റ് ഓവര്‍ ത്രില്ലിങ് മത്സരത്തില്‍ മുംബൈയെ തകര്‍ത്ത് ദല്‍ഹി; വഡോദരയില്‍ പിറന്നത് മറ്റൊരു ചരിത്രം!

സ്പോര്‍ട്സ് ഡെസ്‌ക്

വിമണ്‍സ് പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് ദല്‍ഹി ക്യാപിറ്റല്‍സ്. വഡോദര ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ട് വിക്കറ്റിനായിരുന്നു ദല്‍ഹിയുടെ വിജയം. അവസാന പന്തിലെ ത്രില്ലിങ് മത്സരത്തിനൊടുവില്‍ ക്യാപിറ്റല്‍സ് വിജയം സ്വന്തമാക്കുകയായിരുന്നു.

മത്സരത്തില്‍ ടോസ് നേടിയ ക്യാപിറ്റല്‍സ് ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് 19.1 ഓവറില്‍ 164 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു മുംബൈ. മറുപടിക്ക് ഇറങ്ങിയ ക്യാപിറ്റല്‍സ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു.

ഇതോടെ ഡബ്ല്യു.പി.എല്ലിന്റെ മൂന്നാം സീസണിലെ രണ്ടാം മത്സരത്തില്‍ മറ്റൊരു തകര്‍പ്പന്‍ റെക്കോഡും പിറന്നിരിക്കുകയാണ്. ടൂര്‍ണമെന്റിലെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീണ മത്സരമായി മാറിയിരിക്കുകയാണ് ദല്‍ഹിയും മുംബൈയും തമ്മിലുള്ള ഈ മത്സരം. 18 വിക്കറ്റുകളാണ് വഡോദരയില്‍ വീണത്. 2024ല്‍ ദല്‍ഹിയും യു.പി വാരിയേഴ്‌സും ഏറ്റുമുട്ടിയപ്പോഴും 18 വിക്കറ്റുകള്‍ വീണിരുന്നു.

ഡബ്ല്യു.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീണ മത്സരം

ദല്‍ഹി VS മുംബൈ – 18 – വഡോദര -2025

ദല്‍ഹി VS യു.പി വാരിയേഴ്‌സ് – 18 – ദല്‍ഹി -2024

മുംബൈ VS ഗുജറാത്ത് ജെയ്ന്റ്സ് – 17 – മുംബൈ 2023

ക്യാപിറ്റല്‍സിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ഓപ്പണര്‍ ഷഫാലി വര്‍മയായിരുന്നു. 18 പന്തില്‍ 2 സിക്‌സറും ഏഴ് ഫോറും ഉള്‍പ്പെടെ 43 റണ്‍സ് ആണ് താരം നേടിയത്. 238.89 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു ഷഫാലി ബാറ്റ് വീശിയത്. താരത്തിന് പുറമേ മധ്യനിരയില്‍ നിക്കി പ്രസാദ് 35 റണ്‍സ് നേടിയിരുന്നു.

മുംബൈയ്ക്ക് വേണ്ടി ഹെയ്‌ലി മാത്യൂസ്, അമേലിയ കെര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ശബ്നിം ഇസ്മയില്‍, നാറ്റ് സൈവര്‍ ബ്രന്‍ഡ്, സജ്‌ന സജീവന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് മൂന്നാമതായി ഇറങ്ങിയ നാറ്റ് സൈവര്‍ ആണ്. 59 പന്തില്‍ നിന്ന് 13 ഫോര്‍ ഉള്‍പ്പെടെ 80 റണ്‍സ് ആണ് താരം അടിച്ചെടുത്തത്. 135. 59 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 22 പന്തില്‍ മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 42 റണ്‍സ് നേടി മികവ് പുലര്‍ത്തി മറ്റാര്‍ക്കും തന്നെ ടീമിനുവേണ്ടി സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല.

ക്യാപിറ്റല്‍സിനു വേണ്ടി അനാബല്‍ സദര്‍ ലാന്‍ഡ് മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ശിഖ പാണ്ഡെ രണ്ടു വിക്കറ്റും നേടി മികവ് പുലര്‍ത്തി. ആലിസ് ക്യാപ്‌സി മിന്നു മണി എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.

Content Highlight: Mumbai Indians VS Delhi Capitals Match In Record List In W.P.L

We use cookies to give you the best possible experience. Learn more