ഐ.പി.എല്ലില്‍ 2026ല്‍ മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന് വമ്പന്‍ തിരിച്ചടി. വിദേശ താരങ്ങളായ ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നറും ഇംഗ്ലണ്ട് ഓള്‍റൗണ്ടറായ വില്‍ ജാക്സും ഐ.പി.എല്ലിലെ മുംബൈയുടെ ആദ്യ മത്സരത്തില്‍ കളിക്കില്ല.
ഇരുവരും ഇതുവരെ മുംബൈ ക്യാമ്പിലെത്തിയിട്ടില്ല. സാന്റ്‌നറും ജാക്സും ടീമിനൊപ്പം ചേരുന്നതിന് മുമ്പ് കൂടുതല്‍ സമയം ആവശ്യപ്പെട്ടുവെന്നും മുംബൈ താരങ്ങളുടെ ആവശ്യം അംഗീകരിച്ചുവെന്നും ഹെഡ് കോച്ച് മഹേല ജയവര്‍ധനെ പറഞ്ഞു. സീസണിലെ ആദ്യ മത്സരത്തിന് മുന്നോടിയായി നടന്ന വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കവെയാണ് പരിശീലകന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
മിച്ചൽ സാന്റ്നറും വിൽ ജാക്‌സും. Photo: Mumbai Indians
‘ജാക്സും (വില്‍) മിച്ചല്‍ സാന്റ്‌നറും ടീമിനൊപ്പം ചേരുന്നതിനായി കുറച്ച് കൂടി സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ഞങ്ങള്‍ ആ ആവശ്യം അംഗീകരിച്ചു. എന്നാല്‍, അവര്‍ എന്ന് ടീമിനൊപ്പം ചേരുക എന്ന് ഇപ്പോള്‍ പറയാനില്ല,’ ജയവര്‍ധനെ പറഞ്ഞു.
നാളെയാണ് (മാര്‍ച്ച് 28) മുംബൈയുടെ ഈ സീസണിലെ ആദ്യ മത്സരം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് ടീമിന്റെ എതിരാളികള്‍. വാംഖഡെ സ്റ്റേഡിയമാണ് വേദി.
ഈ മത്സരത്തിന് ഇറങ്ങുമ്പോള്‍ സാന്റ്‌നറും വില്‍ ജാക്സും ടീമിലില്ലാത്ത മുംബൈയ്ക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ആദ്യ മത്സരങ്ങളില്‍ ഇരുവരുടെയും അഭാവം മുംബൈയുടെ സ്പിന്‍ യൂണിറ്റിനെ കാര്യമായി ബാധിക്കും. ഇരുവരും ടീമിലേക്ക് തിരിച്ചെത്തുന്നത് വരെ സ്പിന്നറായി ആരെയിരിക്കുമെന്നത് ചോദ്യചിഹ്നമാണ്.
ജസ്പ്രീത് ബുംറ. Photo: Mumbai Indians
അതേസമയം, ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറ മുംബൈ ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. താരം കൊൽക്കത്തക്കതിരെയുള്ള ആദ്യ മത്സരത്തില്‍ കളിക്കുമെന്ന് ജയവര്‍ധനെ സ്ഥിരീകരിച്ചു.
നേരത്തെ, ഐ.പി.എല്‍ തുടങ്ങാന്‍ രണ്ട് ദിവസം മുന്നേ ബുംറ ബെംഗളൂരുവിലെ ബി.സി.സി.സി സെന്റര്‍ ഓഫ് എക്‌സലന്‍സ് (സി. ഒ. ഇ) സന്ദര്‍ശിച്ചിരുന്നു. അതോടെ താരത്തിന് പരിക്കാനാണെന്ന ആശങ്ക ആരാധകര്‍ ഉയര്‍ത്തിയിരുന്നു.
എന്നാല്‍, ബുംറ വര്‍ക്ക് ലോഡ് മാനേജ്‌മെന്റിന്റെ ഭാഗമായാണ് സി. ഒ. ഇ സന്ദര്‍ശിച്ചതെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. മുംബൈക്കൊപ്പം ഉടന്‍ ചേരുമെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
Content Highlight: Mumbai Indians’ overseas players Mitchell Santner and Will Jacks will miss match against KKR in IPL 2026