| Wednesday, 19th March 2025, 4:35 pm

2013 മുതല്‍ അനുഭവിക്കുന്നതാണ് ഈ മാനക്കേട്; ചെന്നൈയോട് ജയിച്ചാല്‍ മുംബൈയ്ക്ക് തലയുയര്‍ത്താം!

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ആരാധകരുടെ ഫേവറേറ്റുകളിലൊന്നാണ് ഹര്‍ദിക് പാണ്ഡ്യ നയിക്കുന്ന മുംബൈ ഇന്ത്യന്‍സ്. മാര്‍ച്ച് 23ന് എം.എ ചിദംബരം സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെയാണ് മുംബൈയുടെ ആദ്യ മത്സരം.

എന്നാല്‍ പുതിയ സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയില്ലാതെയാണ് മുംബൈ ഇറങ്ങുന്നത്. കഴിഞ്ഞ സീസണില്‍ മുംബൈയുടെ അവസാന മത്സരത്തിനിടെ എല്‍.എസ്.ജിക്കെതിരെ സ്ലോ ഓവര്‍ റേറ്റ് കാരണം ഹര്‍ദിക്കിന് 30 ലക്ഷം രൂപ പിഴയും ഒരു മത്സരത്തില്‍ വിലക്കും കിട്ടിയിരുന്നു.

മാത്രമല്ല മുംബൈയെ സംബന്ധിച്ച് പുതിയ സീസണിലെ ആദ്യ മത്സരം ഏറെ നിര്‍ണായകവുമാണ്. അതിന് ഒരു വലിയ കാരണവുമുണ്ട്. 2013ന് ശേഷം ഐ.പി.എല്ലിലെ ഒരു ഓപ്പണിങ് മാച്ചിലും മുംബൈയ്ക്ക് വിജയിക്കാന്‍ സാധിച്ചില്ലായിരുന്നു. 2025ലെ പുതിയ സീസണില്‍ ചെന്നൈക്കെതിരെയുള്ള മത്സരത്തില്‍ വിജയം സ്വന്തമാക്കി നാണക്കേടില്‍ നിന്ന് കരകയറാനും കിരീടത്തിലേക്ക് കുതിക്കാനുമാണ് മുംബൈയുടെ ലക്ഷ്യം.

മുംബൈയെ അഞ്ച് ഐ.പി.എല്‍ കിരീടത്തിലെത്തിച്ച സൂപ്പര്‍ താരം രോഹിത് ശര്‍മയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയാണ് ഹര്‍ദിക്കിനെ മുംബൈയുടെ പുതിയ നായകനായി നിയമിച്ചത് ഏറെ ചര്‍ച്ച ചെയത വിഷയമായിരുന്നു. എന്നാല്‍ കഴിഞ്ഞ സീസണില്‍ വളരെ മോശം പ്രകടനം കാഴ്ചവെച്ചാണ് മുംബൈ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത്. 18ാം പതിപ്പിലെ ആദ്യ മത്സരത്തിന് വേദിയൊരുങ്ങുമ്പോള്‍ ഹര്‍ദിക്കിന് പകരം ആരാണ് മുംബൈയെ നയിക്കുക എന്നതില്‍ ഒരു ചോദ്യ ചിഹ്നമുണ്ട്.

മാത്രമല്ല പുതിയ സീസണിന് മുന്നോടിയായി മുംബൈയ്ക്ക് സൂപ്പര്‍ ബൗളര്‍ ജസ്പ്രീത് ബുംറയുടെ പരിക്കും വലിയ ആശങ്ക ഉയര്‍ത്തുന്നതാണ്. താരത്തിന് ആദ്യത്തെ ചില മത്സരങ്ങള്‍ നഷ്ടപ്പെടുമെന്നാണ് പുറത്ത് വന്ന പുതിയ റിപ്പോര്‍ട്ടുകള്‍.

അതേസമയം മാര്‍ച്ച് 22നാണ് ഐ.പി.എല്‍ മാമാങ്കം ആരംഭിക്കുന്നത്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുക. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡനാണ് വേദി.

Content Highlight: Mumbai Indians Never Won An IPL Opening Match After 2013

Latest Stories

We use cookies to give you the best possible experience. Learn more