ഐ.പി.എല്ലിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുന്ന മുംബൈ ഇന്ത്യന്‍സിന് കനത്ത തിരിച്ചടി. നാളെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയുള്ള മത്സരത്തിന് മുന്നോടിയായി രണ്ട് സൂപ്പര്‍ താരങ്ങള്‍ പരിക്കേറ്റ് പുറത്തായിരിക്കുകയാണ്. സൗത്ത് ആഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കും ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ രാജ് ബാവയുമാണ് പരിക്കേറ്റ് പുറത്തായത്.
ഇരു താരങ്ങള്‍ക്കും സീസണിലെ രണ്ട് മത്സരങ്ങള്‍ നഷ്ടമാവും. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയുള്ള മത്സരത്തില്‍ ഇടത് കൈത്തണ്ടക്കാണ് ഡി കോക്കിന് പരിക്കേറ്റത്. പഞ്ചാബ് കിങ്‌സിനെതിരെയാണ് ബാവക്ക് പരിക്ക് സംഭവിച്ചത്. വലത് തള്ളവിരലിന്റെ ലിഗ്മെന്റിനാണ് പരിക്കേറ്റത്.
ഐ.പി.എല്‍ ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് ഇരു താരങ്ങളുടെയും പകരക്കാരെ ഉടനെ പ്രഖ്യാപിക്കുമെന്നും മുംബൈ ഇന്ത്യന്‍സ് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി.
ഈ സീസണില്‍ മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് മുംബൈക്ക് വേണ്ടി ഡി കോക്ക് കളത്തിലിറങ്ങിയത്. ഇതില്‍ ഒരു സെഞ്ച്വറി നേടാനും താരത്തിന് സാധിച്ചിരുന്നു. പഞ്ചാബ് കിങ്‌സിനെതിരെയായിരുന്നു ഡി കോക്കിന്റെ സെഞ്ച്വറി പിറന്നത്.
60 പന്ത് നേരിട്ട് പുറത്താകാതെ 112 റണ്‍സുമായാണ് ഡി കോക്ക് പഞ്ചാബ് കിങ്‌സിനെതിരെ കരുത്തുകാട്ടിയത്. എട്ട് ഫോറും ആകാശം തൊട്ട ഏഴ് സിക്‌സറും അടക്കം 186.67 സ്‌ട്രൈക് റേറ്റിലായിരുന്നു സൗത്ത് ആഫ്രിക്കന്‍ കരുത്തന്റെ വെടിക്കെട്ട്. ടി-20 ഫോര്‍മാറ്റില്‍ കരിയറിലെ ഒമ്പതാം സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് ഡി കോക്ക് തിളങ്ങിയിരുന്നത്.
മറുഭാഗത്ത് ഈ സീസണില്‍ അഞ്ച് മത്സരങ്ങളില്‍ മുംബൈക്കായി കളത്തിലിറങ്ങിയ ബാവ 35 റണ്‍സും രണ്ട് വിക്കറ്റും നേടിയിട്ടുണ്ട്.
അതേസമയം മുംബൈ ഇന്ത്യന്‍സ് നേരത്തെ തന്നെ ഐ.പി.എല്ലില്‍ നിന്നും പുറത്തായിരുന്നു. ഇനിയുള്ള രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് തലയുയര്‍ത്തി മടങ്ങാനാവും മുംബൈ ലക്ഷ്യം വെക്കുക.
കൊല്‍ക്കത്തയും രാജസ്ഥാനുമാണ് ഇനിയുള്ള മത്സരത്തിലെ എതിരാളികള്‍. നിലവില്‍ പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് മുംബൈ. നാല് മത്സരങ്ങള്‍ വിജയിച്ചുകൊണ്ട് എട്ട് പോയിന്റ് മാത്രമാണ് മുംബൈക്കുള്ളത്.
Content Highlight: Mumbai Indians big setback Quinton de cock and Raja Bava ruled out 2026 ipl