ഐ.പി.എല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. സ്വന്തം തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് മുംബൈ ലഖ്നൗവിനെ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 228 എന്ന കൂറ്റന്‍ ടോട്ടലാണ് മുംബൈക്ക് മുന്നില്‍ ഉയര്‍ത്തിയത്.
എന്നാല്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ 18.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം അനായാസമായി മറികടന്നു. സീസണില്‍ തങ്ങളുടെ മൂന്നാം വിജയമാണ് മുംബൈ സ്വന്തമാക്കുന്നത്. തോല്‍വിയോടെ ലഖ്നൗവിന്റെ പ്ലേ ഓഫ് പ്രതീക്ഷകളും അസ്തമിച്ചിരിക്കുകയാണ്.
ഈ വിജയത്തോടെ ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ തവണ 200+ ചെയ്‌സ് ചെയ്ത് വിജയിക്കുന്ന ടീമുകളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് മുന്നേറാനും മുംബൈക്ക് സാധിച്ചു. ഇത് ഏഴാം തവണയാണ് മുംബൈ 200+ റണ്‍മല കീഴടക്കുന്നത്. ആറ് തവണ ഇത്തരത്തില്‍ വിജയം കൈവരിച്ച രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകളെ മറികടന്നാണ് മുംബൈ രണ്ടാമതായത്. ഈ ലിസ്റ്റില്‍ ഒന്നാമതുള്ളത് പഞ്ചാബ് കിങ്‌സാണ്. 11 തവണയാണ് പഞ്ചാബ് എതിരാളികള്‍ക്കെതിരെ 200+ റണ്‍സ് പിന്തുടര്‍ന്ന് വിജയിച്ചത്.
പഞ്ചാബ് കിങ്‌സ്-11
മുംബൈ ഇന്ത്യന്‍സ്-7
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-6
രാജസ്ഥാന്‍ റോയല്‍സ്-6
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു-5
ദല്‍ഹി ക്യാപിറ്റല്‍സ്-4
ചെന്നൈ സൂപ്പര്‍ കിങ്‌സ്-3
ലഖ്‌നൗ സൂപ്പര്‍ ജയന്റ്സ്-3
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-3
ഗുജറാത്ത് ടൈറ്റന്‍സ്-2
രോഹിത് ശര്‍മയുടെയും റിയാന്‍ റിക്കല്‍ട്ടണിന്റെയും അര്‍ധ സെഞ്ച്വറി മികവിലാണ് മുംബൈ ജയിച്ചുകയറിയത്. രോഹിത് 44 പന്തില്‍ ആറ് ഫോറുകളും ഏഴ് സിക്സുകളും അടക്കം 84 റണ്‍സാണ് അടിച്ചെടുത്തത്. റിക്കല്‍ട്ടണ്‍ 32 പന്തില്‍ 83 റണ്‍സ് നേടിയാണ് തിളങ്ങിയത്. ആറ് ഫോറുകളും എട്ട് സിക്‌സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്.
അതേസമയം നിക്കോളാസ് പൂരന്റെ വെടിക്കെട്ട് ഇന്നിങ്സിന്റെ പിന്‍ബലത്തിലാണ് ലഖ്‌നൗ കൂറ്റന്‍ ടോട്ടല്‍ അടിച്ചെടുത്തത്. 21 പന്തുകളില്‍ നിന്നും 63 റണ്‍സാണ് വെസ്റ്റ് ഇന്‍ഡീസ് താരം നേടിയത്. ഒരു ഫോറും എട്ട് കൂറ്റന്‍ സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം.
പൂരന് പുറമെ മിച്ചല്‍ മാര്‍ഷ് 44 റണ്‍സും ഹിമന്ത് സിങ് 40 റണ്‍സും എയ്ഡന്‍ മാര്‍ക്രം 31 റണ്‍സും നേടി ടീമിന് കൂറ്റന്‍ ടോട്ടല്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായകമായി.
മുംബൈ ബൗളിങ്ങില്‍ കോര്‍ബിന്‍ ബോഷ് രണ്ട് വിക്കറ്റുകളും അള്ളാഹ് ഗസന്‍ഫര്‍, വില ജാക്സ്, രഘു ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
മെയ് പത്തിന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം. റായ്പൂരിലാണ് മത്സരം നടക്കുന്നത്.
Content Highlight: Mumbai Indians become the second team to chase most 200+ runs in IPL