| Thursday, 5th April 2012, 1:37 am

ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ മുംബൈ ഇന്ത്യന്‍സ് തകര്‍ത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി 20 ക്രിക്കറ്റിലെ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് എട്ടുവിക്കറ്റ് ജയം. 113 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ മുംബൈ 16.5 ഓവറില്‍ മറികടന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും മികച്ച പ്രകടനത്തോടെയാണ് മുംബൈ ആതിഥേയരെ മൂക്കുകുത്തിച്ചത്.

ടോസ് നേടിയ മുംബൈ നായകന്‍ ഹര്‍ഭജന്‍ സിങ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ബൗളിംഗില്‍ തിളങ്ങിയ മുംബൈക്ക് മുന്നില്‍ ചെന്നൈ 19.5 ഓവറില്‍ 112 റണ്‍സിന് തകര്‍ന്നടിയുകയായിരുന്നു. 4.1 ഓവര്‍ ബാക്കി നില്‍ക്കെ മുംബൈ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സെടുത്ത് ലക്ഷ്യം കണ്ടു.

ആദ്യ വിക്കറ്റില്‍ സച്ചിനൊപ്പം 7.5 ഓവറില്‍ 69 റണ്‍സ് നേടിയതോടെ മുംബൈ ജയം ഉറപ്പിച്ചിരുന്നു. എന്നാല്‍ 16 റണ്‍സെടുത്ത സച്ചിന്‍ പരിക്കുമൂലം ക്രീസ് വിട്ടപ്പോള്‍ രോഹിത് ശര്‍മയെ ബോളിങ്ങര്‍ പുറത്താക്കുകയും ചെയ്തപ്പോള്‍ ഒന്നു പരുങ്ങലിലായി. എന്നാല്‍ മുംബൈയ്ക്കായി 35 പന്തില്‍ 50 റണ്‍സടിച്ച് ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ റിച്ചാര്‍ഡ് ലെവിയാണ് മുംബൈയുടെ വിജയത്തിന് അടിത്തറ പാകിയത്. മൂന്ന് സിക്‌സും ആറ് ഫോറും ഉള്‍പ്പെട്ടതായിരുന്നു ലെവിയുടെ ഇന്നിംഗ്‌സ്. തുടര്‍ന്ന് 18 റണ്‍സെടുത്ത റായഡുവും 25 റണ്‍സെടുത്ത ഫ്രാങ്ക്‌ളിനും മുംബൈയെ വിജയത്തിലേക്കു നയിച്ചു. ചെന്നൈയ്ക്കു വേണ്ടി ബ്രാവോയും ബോളിങ്ങറും ഒരോ വിക്കറ്റു വീതം വീഴ്ത്തി.

മുംബൈയുടെ തകര്‍പ്പന്‍ ബോളിങ്, ഫീല്‍ഡിങ് മികവിനു മുന്നില്‍ ചെന്നൈ ബാറ്റ്‌സ്മാന്‍മാര്‍ക്ക് പിടിച്ചു നില്‍ക്കാനായില്ല. 36 റണ്‍സെടുത്ത സുരേഷ് റെയ്‌ന മാത്രമാണ് ചെന്നൈക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചത്. ചെന്നൈക്ക് വേണ്ടി മുരളി വിജയ്(10), ബ്രാവോ(19), ബദരീനാഥ്(10) എന്നിവര്‍ മാത്രമാണ് റെയ്‌നയെകൂടാതെ രണ്ടക്കം കടന്നത്. ക്യാപ്റ്റന്‍ ധോണി(4) രവീന്ദ്ര ജഡേജ(3) റണ്‍സിനും പുറത്തായി. മുംബൈക്കു വേണ്ടി മലിംഗ, പ്രഗ്യാന്‍ ഓജ, പൊള്ളാഡ് എന്നിവര്‍ രണ്ടു വിക്കറ്റു വീതം വീഴ്ത്തി.

We use cookies to give you the best possible experience. Learn more