| Thursday, 14th May 2026, 11:32 pm

പഞ്ചാബിനെ തൂക്കിയടിച്ച് മുംബൈ; സ്വന്തമാക്കിയത് ത്രില്ലര്‍ വിജയം!

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. പഞ്ചാബിന്റെ തട്ടകമായ ധര്‍മശാല ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് മുംബൈ വിജയിച്ചുകയറിയത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സാണ് അടിച്ചെടുത്തത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ 19.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സാണ് മുംബൈ നേടിയത്.

മുംബൈയ്ക്ക് വേണ്ടി തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം നടത്തിയത് തിലക് വര്‍മയാണ്. 33 പന്തില്‍ ആറ് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 75* റണ്‍സാണ് താരം അടിച്ചെടുത്തത്. 227.27 എന്ന പ്രഹര ശേഷിയില്‍ ബാറ്റ് ചെയ്താണ് താരം മുംബൈയെ വിജയത്തിലെത്തിച്ചത്.

താരത്തിന് പുറമെ റിയാന്‍ റിക്കിള്‍ട്ടണ്‍ 48 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. അവസാന ഘട്ടത്തില്‍ പുറത്താകാതെ 25 റണ്‍സ് നേടിയ വില്‍ ജാക്‌സും മുംബൈയ്ക്ക് നിര്‍ണായക സംഭാവന നല്‍കി.

പഞ്ചാബിന് വേണ്ടി രണ്ട് വിക്കറ്റ് നേടിയ അസ്മത്തുള്ള ഒമര്‍സായി മികവ് പുലര്‍ത്തിയപ്പോള്‍ മാര്‍ക്കോ യാന്‍സന്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മത്സരത്തില്‍ പഞ്ചാബിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് പ്രഭ്‌സിമ്രാന്‍ സിങ്ങായിരുന്നു. 32 പന്തില്‍ നാല് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 57 റണ്‍സാണ് താരം നേടിയത്.

17 പന്തില്‍ നാല് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 38 റണ്‍സ് നേടി അസ്മത്തുള്ള ഒമര്‍സായിയും മികവ് പുലര്‍ത്തി.

ബൗളിങ്ങില്‍ മുംബൈയ്ക്കായി നാല് വിക്കറ്റുകള്‍ വീഴ്ത്തി ഷര്‍ദുല്‍ താക്കൂര്‍ മികച്ച പ്രകടനമാണ് നടത്തിയത്. ദീപക് ചഹര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ കോര്‍ബിന്‍ ബോഷ്, രാജ് ബാവ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Content Highlight: Mumbai Indians Beat Panjab Kings

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more