| Thursday, 24th September 2026, 6:45 pm

ആർ.സി.ബിയുടെ മാസ്റ്റർമൈൻഡ് ഇനി മുബൈക്ക് സ്വന്തം; പുതിയ പരിശീലകനെ പ്രഖ്യാപിച്ച് മുംബൈ ഇന്ത്യൻസ്

അഞ്ജലി പി.കെ.

വനിതാ പ്രീമിയർ ലീഗിൽ പുതിയ പരിശീലകനെ പ്രഖ്യാപിച്ച് മുംബൈ ഇന്ത്യൻസ്. ഓസ്‌ട്രേലിയൻ പരിശീലകൻ ലൂക്ക് വില്യംസിനെയാണ് ടീമിന്റെ പുതിയ ഹെഡ് കോച്ചായി നിയമിച്ചത്. ലിസ കീറ്റ്‌ലിക്ക് പകരക്കാരനായാണ് വില്യംസ് മുംബൈയുടെ പരിശീലക സ്ഥാനത്തേക്ക് എത്തുന്നത്.

മുംബൈ ഇന്ത്യൻസിന്റെ ഒഫീഷ്യൽ സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് ഈ കാര്യം പങ്കുവെച്ചത്.

‘മികച്ച വിജയങ്ങൾ സ്വന്തമാക്കിയ മുംബൈ ഇന്ത്യൻസിന്റെ ഭാഗമാകാനും, കഴിവുറ്റ താരങ്ങൾക്കൊപ്പവും സപ്പോർട്ട് സ്റ്റാഫിനൊപ്പവും പ്രവർത്തിക്കാനും സാധിക്കുന്നതിൽ എനിക്ക് വലിയ സന്തോഷമുണ്ട്,’ എം.ഐ പുറത്തിറക്കിയ പ്രസ്താവനയിൽ വില്യംസ് പറഞ്ഞു.

2024ൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർ.സി.ബി) അവരുടെ ആദ്യ ഡബ്ല്യു.പി.എൽ കിരീടം നേടിയപ്പോൾ വില്യംസായിരുന്നു മുഖ്യ പരിശീശീലകൻ. 2025ൽ വനിതാ ബിഗ് ബാഷ് ലീഗിന് വേണ്ടി അഡ്‌ലെയ്ഡ് സ്ട്രൈക്‌സിലെ കരാറുകൾ പൂർത്തിയാക്കുന്നതിനായി അദ്ദേഹം ആർ.സി.ബി വിട്ടു.

2025 ൽ വനിതാ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് ടീം

2022, 2023 പതിപ്പുകളിൽ സ്ട്രൈക്ക്സിനെ തുടർച്ചയായി ഡബ്ല്യു.ബി.ബി.എൽ കിരീടം നേടാൻ അദ്ദേഹം വഴിയൊരുക്കിയിരുന്നു. 2023 ൽ സതേൺ ബ്രേവ് ദി ഹണ്ട്രഡ് നേടിയപ്പോൾ അദ്ദേഹം ഷാർലറ്റ് എഡ്വേർഡ്സിന്റെ ഡെപ്യൂട്ടി ആയിരുന്നു. ഇംഗ്ലണ്ട് വനിതാ ടീമിന്റെ അസിസ്റ്റന്റ് കോച്ചാണ് നിലവിൽ വില്യംസ്.

2023ൽ ആരംഭിച്ച ഡബ്ല്യു.പി.എലിൽ 2023 ലും 2025 ലും മുംബൈ രണ്ട് തവണ കിരീടങ്ങൾ കൈപിടിയിലാക്കിട്ടുണ്ട്. മറ്റ് രണ്ടെണ്ണം ആർ‌.സി‌.ബിയും നേടിയെടുത്തു. കഴിഞ്ഞ സീസണിൽ മുംബൈ പ്ലേഓഫ് കാണാതെ മടങ്ങേണ്ടി വന്നു. ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ടീം എട്ട് മത്സരങ്ങളിൽ നിന്ന് അഞ്ച് തോൽവികളുമായി പട്ടികയിൽ നാലാം സ്ഥാനത്താണ് എത്തിയത്.

ഹർമൻപ്രീതും നാറ്റ് സൈവർബ്രണ്ടും റൺ സ്കോറർമാരിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഉണ്ടായിരുന്നിട്ടും മുംബൈ പ്ലേഓഫിൽ ഇടം നേടിയില്ല. ഇരുവരും 300ലധികം റൺസ് സ്വന്തമാക്കി. 150ൽ കൂടുതൽ സ്ട്രൈക്ക് റേറ്റും 60ലധികം ശരാശരിയും നേടി. ബൗളിങ് വിഭാഗത്തിൽ, അമേലിയ കെറായിരുന്നു അവരുടെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരി, പക്ഷേ മറ്റുള്ളവരിൽ നിന്ന് പിന്തുണ ലഭിക്കാതെ വന്നപ്പോൾ പരാജയത്തിലേക്ക് മുംബൈ കൂപ്പുകുത്തുകയായിരുന്നു.

ഡബ്ല്യു.പി.എല്ലിന്റെ ലേലം 2026 ഒക്ടോബർ 28 ന് കൊച്ചിയിൽ നടക്കും.

Content Highlights: Mumbai Indians announce new coach for Women’s Premier League

അഞ്ജലി പി.കെ.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്നി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദവും മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദവും നേടി.

Latest Stories

We use cookies to give you the best possible experience. Learn more