| Saturday, 13th September 2025, 12:12 pm

സ്വാതന്ത്ര്യവും അന്തസ്സും നഷ്ടപ്പെട്ടു, ഒമ്പത് കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് മുംബൈ സ്‌ഫോടനക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട അധ്യാപകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: 2006ലെ മുംബൈ ട്രെയിന്‍ സ്‌ഫോടനക്കേസില്‍ അറസ്റ്റ് ചെയ്ത 12 പേരെയും വെറുതേ വിട്ട സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് നഷ്ടപരിഹാരമാവശ്യപ്പെട്ട് കുറ്റവിമുക്തനാക്കപ്പെട്ട വാഹിദ് ദീന്‍ മുഹമ്മദ് ഷെയ്ഖ്. 2015ല്‍ വിചാരണക്കോടതി വെറുതേ വിട്ട വാഹിദ് ഒമ്പത് കോടി രൂപയാണ് നഷ്ടപരിഹരമായി ആവശ്യപ്പെട്ടിരിക്കുന്നത്.

തന്റെ സ്വാതന്ത്ര്യത്തിനും അന്തസ്സിനും ജീവിതത്തിന്റെ മുന്നോട്ടുള്ള പോക്കിനും നഷ്ടം സമ്മാനിച്ചു എന്നാണ് ദേശീയ മനുഷ്യാവകാശ കമ്മീഷനും മഹാരാഷ്ട്ര മനുഷ്യാവകാശ കമ്മീഷനും ദേശീയ ന്യൂനപക്ഷ കമ്മീഷനും നല്‍കിയ കത്തില്‍ വാഹിദ് പറഞ്ഞത്. കഴിഞ്ഞദിവസമാണ് നഷ്ടപരിഹാരമാവശ്യപ്പെട്ട് വാഹിദ് ബന്ധപ്പെട്ട അധികാരികളെ സമീപിച്ചത്.

2006ല്‍ മുംബൈയിലെ വിവിധ സബര്‍ബന്‍ ട്രെയിനുകളില്‍ ബോംബ് പൊട്ടിത്തെറിച്ച് 187 പേര്‍ മരിക്കുകയും 800ലധികം പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു. ആന്റി ടെററിസ്റ്റ് സ്‌ക്വാഡിന്റെ അന്വേഷണത്തില്‍ 2006ല്‍ തന്നെ 13 പേരെ അറസ്റ്റ് ചെയ്ത് വിചാരണ ചെയ്തിരുന്നു. ഇക്കൂട്ടത്തില്‍ 28കാരനായ വാഹിദുമുണ്ടായിരുന്നു.

നീണ്ട വിചാരണക്ക് ശേഷം 2015ല്‍ പ്രത്യേക കോടതി വാഹിദിനെ വെറുതെ വിടുകയായിരുന്നു. ബാക്കിയുള്ള 12 പേര്‍ക്ക് ശിക്ഷ വിധിച്ചെങ്കിലും ഈ വര്‍ഷം എല്ലാവരെയും കോടി വെറുതേ വിട്ടു. തനിക്ക് 28 വയസുള്ളപ്പോഴാണ് അറസ്റ്റ് ചെയ്തതെന്ന് പറഞ്ഞ വാഹിദ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തന്നെ തെറ്റായി അറസ്റ്റ് ചെയ്തതാണെന്നും കൂട്ടിച്ചേര്‍ത്തു.

‘എനിക്കെതിരെ ഒരു തെളിവും ഹാജരാക്കാന്‍ കഴിഞ്ഞില്ല. ജയിലില്‍ നിന്ന് ഞാന്‍ പുറത്തിറങ്ങി. പക്ഷേ, എനിക്ക് നഷ്ടപ്പെട്ട വര്‍ഷങ്ങളും എന്റെ കുടുംബം നേരിട്ട അപമാനവും ഞാന്‍ അനുഭവിച്ച വേദനയും ഒരിക്കലും ഇല്ലാതാക്കാന്‍ കഴിയില്ല. ആ വര്‍ഷങ്ങളില്‍ എന്റെ യൗവനത്തിലെ ഏറ്റവും പ്രധാനപ്പെട്ട വര്‍ഷങ്ങള്‍, സ്വാതന്ത്ര്യം, അന്തസ്സ് എന്നിവ നഷ്ടപ്പെട്ടു.

കസ്റ്റഡിയിലെ ക്രൂരമായ പീഡനം ഗ്ലൂക്കോമയും വിട്ടുമാറാത്ത ശരീരവേദനയുമായിരുന്നു എനിക്ക് സമ്മാനിച്ചത്. ജയിലിലായിരുന്ന സമയത്ത് എന്റെ അച്ഛന്‍ മരിച്ചു. അമ്മയുടെ മാനസികനില തകരാറിലായി. തീവ്രവാദിയുടെ മക്കള്‍ എന്ന പേരില്‍ എന്റെ കുട്ടികള്‍ സ്‌കൂളില്‍ അറിയപ്പെടാന്‍ തുടങ്ങി. അത്തരം അപമാനത്തോടെയാണ് അവര്‍ക്ക് വളരേണ്ടി വന്നത്,’ വാഹിദ് പറഞ്ഞു.

തന്റെ സഹപ്രതികള്‍ കുറ്റക്കാരായി നിന്നതുകൊണ്ടാണ് നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ ഇത്രയും കാലതാമസം നേരിട്ടതെന്നും അദ്ദേഹം പറയുന്നു. താന്‍ നഷ്ടപരിഹരം ആവശ്യപ്പെട്ടുകഴിഞ്ഞാല്‍ ജയിലിലുള്ളവരെ അത് മോശമായി ബാധിക്കുമെന്ന് കരുതിയെന്നും വാഹിദ് പറഞ്ഞു. അവരെല്ലാം കുറ്റവിമുക്തരാക്കപ്പെട്ടതോടെ തന്റെ നിരപരാധിത്വവും വ്യക്തമായെന്നും അതിനാലാണ് ഇപ്പോള്‍ നഷ്ടപരിഹാരം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എനിക്ക് നഷ്ടപ്പെട്ട ഒമ്പത് വര്‍ഷങ്ങള്‍ ഒരു പണത്തിനും തിരിച്ചുതരാനാകില്ല. എന്റെ കൂടെയുള്ളവര്‍ അനുഭവിച്ച വേദനകള്‍ക്കൊന്നും അത് പരിഹാരമാവുകയുമില്ല. എനിക്ക് സംഭവിച്ചത് തെറ്റാണെന്നും ഇനിയാര്‍ക്കും ഇതുപോലെയൊന്ന് നടക്കില്ലെന്ന് ഉറപ്പുവരുത്താനും കൂടിയാണ് ഇത്തരമൊരു നീക്കം,’ വാഹിദ് ദീന്‍ മുഹമ്മദ് പറഞ്ഞു.

Content Highlight: Mumbai Blast Ex Convict seeks nine crore rupees as Compensation after court set him free

We use cookies to give you the best possible experience. Learn more