| Friday, 10th April 2020, 1:06 pm

മുംബൈയില്‍ ആറ് മലയാളി നഴ്‌സുമാര്‍ക്ക് കൂടി കൊവിഡ്; മഹാരാഷ്ട്രയില്‍ 97 മരണം; ഇന്ത്യയില്‍ ആകെ 6412 പേര്‍ രോഗബാധിതര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മുംബൈയില്‍ ആറ് മലയാളി നഴ്‌സുമാര്‍ക്ക് കൂടി കൊവിഡ്. മുംബൈ ഭാട്ടിയ ആശുപത്രിയിലെ നാല് നഴ്‌സുമാര്‍ക്കും ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ രണ്ട് നഴ്‌സുമാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

മഹാരാഷ്ട്രയില്‍ 97 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. രാജ്യത്ത് ആകെ 6412 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മരണം 200 പിന്നിട്ടു.

12 മണിക്കൂറിനിടെ 30 പേരാണ് രാജ്യത്ത് മരിച്ചത്. 503 പേര്‍ക്ക് രോഗം ഭേദമായി. അസമില്‍ ആദ്യ മരണം ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജസ്ഥാനില്‍ ഒരാളും ഗുജറാത്തില്‍ രണ്ടുപേരും ഇന്ന് കോവിഡ് ബാധിച്ചു മരിച്ചു. വീടിന് പുറത്തിറങ്ങുന്നവര്‍ മാസ്‌ക് ധരിക്കണമെന്ന് മധ്യപ്രദേശും രാജസ്ഥാനും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം രാജ്യത്ത് കൊവിഡ് 19 ന്റെ സാമൂഹിക വ്യാപനം ഉണ്ടായെന്ന് സൂചന നല്‍കുന്ന പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസേര്‍ച്ച് (ഐ.സി.എം.ആര്‍) റിപ്പോര്‍ട്ട്. ഫെബ്രുവരി 15നും ഏപ്രില്‍ രണ്ടിനുമിടയില്‍ 5911 സാമ്പിളുകളാണ് ഐ.സി.എം.ആര്‍ ടെസ്റ്റ് ചെയ്തത്.

ഇതില്‍ 104 എണ്ണം പോസിറ്റീവ് ആയിരുന്നു. 20 സംസ്ഥാനങ്ങളിലെ 52 ജില്ലകളിലായാണ് ഈ 104 പോസിറ്റീവ് കേസുകള്‍ വ്യാപിച്ച് കിടക്കുന്നത്.

ആദ്യഘട്ടത്തില്‍ ഐ.സി.എം.ആര്‍ നടത്തിയ പഠനത്തില്‍ സാമൂഹിക വ്യാപന സൂചനകളില്ല എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ രണ്ടാംഘട്ടത്തിലെ പഠനത്തില്‍ സാമൂഹിക വ്യാപന സാധ്യത വെളിവാക്കുന്ന പോസിറ്റീവ് കേസുകളാണ് കണ്ടെത്താന്‍ കഴിഞ്ഞത്.

തീവ്രമായ ലക്ഷണങ്ങള്‍ കാണിക്കുന്നയാളുകളെ കൊവിഡ് ടെസ്റ്റിന് വിധേയമാക്കിയാണ് ഐ.സി.എം.ആര്‍ പഠനം നടത്തിയത്. മാര്‍ച്ച് 14ന് മുമ്പ് ഇത്തരത്തില്‍ ടെസ്റ്റിന് വിധേയമാക്കിയ ആരിലും പോസിറ്റീവ് കേസ് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല.

മാര്‍ച്ച് 15നും 21നും ഇടയില്‍ 106 പേരില്‍ നടത്തിയ പഠനത്തില്‍ 2 പേര്‍ക്കെ കൊവിഡ് സ്ഥിരീകരിക്കാന്‍ കഴിഞ്ഞുള്ളൂ. പിന്നീട് ഓരോ ഘട്ടത്തിലും കേസുകളില്‍ വലിയ വര്‍ധനവാണുണ്ടായത്. മാര്‍ച്ച് 22നും മാര്‍ച്ച് 28നും ഇടയില്‍ 2877 പേരില്‍ നടത്തിയ പഠനത്തില്‍ 48 പേരില്‍ രോഗം സ്ഥിരീകരിച്ചു. മാര്‍ച്ച് 29നും ഏപ്രില്‍ 2നും 2069 തീവ്രമായ രോഗലക്ഷണങ്ങളുള്ളവരില്‍ നടത്തിയ ടെസ്റ്റുകളില്‍ 54 എണ്ണം പോസിറ്റീവ് ആയിരുന്നു. അതായത് 5911 തീവ്രരോഗലക്ഷണങ്ങളുള്ളവരെ ടെസ്റ്റിന് വിധേയമാക്കിയപ്പോള്‍ അതില്‍ 104(1.8%) പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കാനായി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more