| Sunday, 6th September 2026, 9:06 pm

മള്‍ട്ടിപ്ലക്‌സിലെ അമിതവില: വി.വി. രാജേഷിന്റേത് പി.ആര്‍ തട്ടിപ്പ്; ഭരണപരാജയം മറച്ചുവെക്കാനുള്ള തന്ത്രം: സന്ദീപ് വാര്യര്‍

റെന്വര്‍ പി

തിരുവനന്തപുരം: മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ കുടിവെള്ളത്തിന് അമിതവില ഈടാക്കുന്നതിനെതിരെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ കര്‍ശന നടപടി പച്ചയായ പി.ആര്‍ തട്ടിപ്പ് മാത്രമാണെന്ന് കോണ്‍ഗ്രസ് എം.എല്‍.എ സന്ദീപ് വാര്യര്‍. മേയര്‍ക്ക് കഴിവുണ്ടെങ്കില്‍ അദാനിയുടെ എയര്‍പോര്‍ട്ടിലെ വില ഒന്ന് കുറപ്പിക്കട്ടെയെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

‘മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ കുടിവെള്ളത്തിന് അമിതവില ഈടാക്കുന്നതിനെതിരെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന മേയര്‍ വി.വി. രാജേഷിന്റെ പ്രസ്താവന ഒറ്റനോട്ടത്തില്‍ ജനപക്ഷ നിലപാടായി തോന്നാമെങ്കിലും, വാസ്തവത്തില്‍ അതൊരു പച്ചയായ പി.ആര്‍. തട്ടിപ്പ് മാത്രമാണ്. മേയര്‍ക്ക് കഴിവുണ്ടെങ്കില്‍ അദാനിയുടെ എയര്‍പോര്‍ട്ടിലെ വില ഒന്ന് കുറപ്പിക്കട്ടെ,’ സന്ദിപ് വാര്യര്‍ കുറിച്ചു.

ഭരണപരമായ അധികാരങ്ങളോ നിയമപരമായ യാഥാര്‍ത്ഥ്യങ്ങളോ ലവലേശം പരിശോധിക്കാതെ, വെറും മാധ്യമശ്രദ്ധയും സോഷ്യല്‍ മീഡിയ കൈയടിയും മാത്രം ലക്ഷ്യമിട്ട് പടച്ചുവിട്ട തന്ത്രമാണിതെന്നും കോണ്‍ഗ്രസ് എം.എല്‍.എ അഭിപ്രായപ്പെട്ടു. തിയേറ്ററിലെ പോപ്കോണിന്റെയും വെള്ളത്തിന്റെയും വില നിയന്ത്രിക്കാന്‍ കോര്‍പ്പറേഷന് മാന്ത്രികവടിയുണ്ടെന്ന് പ്രഖ്യാപിക്കുന്നതിന് മുന്‍പ്, തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അതിന് നിയമപരമായി എന്തെങ്കിലും അധികാരമുണ്ടോ എന്ന് സ്വന്തം പദവിയെ ഓര്‍ത്തെങ്കിലും മേയര്‍ ചിന്തിക്കേണ്ടതായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

സിനിമ തിയേറ്ററുകള്‍ പോലുള്ള സ്വകാര്യ വാണിജ്യ സ്ഥാപനങ്ങളിലെ ഭക്ഷണ പാനീയങ്ങളുടെ വില നിശ്ചയിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് യാതൊരു നിയമപരമായ അധികാരവുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. തിയേറ്ററുകള്‍ സ്വകാര്യ ഇടങ്ങളാണെന്നും അവിടെ വില്‍ക്കുന്ന സാധനങ്ങള്‍ക്ക് സ്വന്തം നിലയില്‍ വില നിശ്ചയിക്കാനുള്ള പൂര്‍ണ്ണ അവകാശം തിയേറ്റര്‍ ഉടമകള്‍ക്കുണ്ടെന്നും 2023ല്‍ സുപ്രീം കോടതി വളരെ വ്യക്തമായി ഉത്തരവിട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അങ്ങനെയൊരു സുപ്രീം കോടതി വിധി നിലനില്‍ക്കെ, കോര്‍പ്പറേഷന്‍ ഇതില്‍ ഇടപെട്ട് വില നിയന്ത്രിക്കുമെന്ന് പറയുന്നത് പച്ചക്കള്ളമാണ്. നഗരസഭ അത്തരമൊരു ഉത്തരവിറക്കിയാല്‍ തന്നെ കോടതിയില്‍ ഒരു മിനിറ്റ് പോലും നിലനില്‍ക്കില്ലെന്ന് ഒരു അഭിഭാഷകന്‍ കൂടിയായ മേയര്‍ക്ക് കൃത്യമായി അറിയാം. എന്നിട്ടും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഇല്ലാത്ത അധികാരം പറഞ്ഞ് മേയര്‍ വീമ്പുപറയുന്നത് തികഞ്ഞ രാഷ്ട്രീയ വഞ്ചനയാണെന്നും സന്ദീപ് വാര്യര്‍ അഭിപ്രായപ്പെട്ടു.

തിയേറ്ററുകളിലും എയര്‍പോര്‍ട്ടുകളിലും പ്രത്യേക പാക്കേജിംഗും ഇരട്ട എം.ആര്‍.പിയും വെച്ച് ഉപഭോക്താക്കളെ പിഴിയുന്നത് തടയേണ്ടത് ലീഗല്‍ മെട്രോളജി ആക്ടും ഉപഭോക്തൃ സംരക്ഷണ നിയമവും കര്‍ശനമാക്കിക്കൊണ്ടാണ്. ഈ നിയമങ്ങള്‍ നിര്‍മ്മിക്കാനും നിയന്ത്രിക്കാനും പൂര്‍ണ്ണ അധികാരമുള്ളത് കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിനാണ്. കേന്ദ്രത്തില്‍ വര്‍ഷങ്ങളായി ബിജെപി അധികാരത്തിലിരുന്നിട്ടും മള്‍ട്ടിപ്ലക്‌സുകളിലെ ഈ പകല്‍കൊള്ള തടയാന്‍ ഒരു ദേശീയ നയമോ നിയമഭേദഗതിയോ കൊണ്ടുവരാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും വാര്യര്‍ ചൂണ്ടിക്കാട്ടി.

സ്വന്തം കേന്ദ്ര സര്‍ക്കാരിന്റെ ഈ വന്‍ വീഴ്ചയെയും കോര്‍പ്പറേറ്റ് പ്രീണനത്തെയും പറ്റി ഒരക്ഷരം മിണ്ടാതെ, കോര്‍പ്പറേഷന്‍ പരിഹാരം കാണുമെന്ന് തട്ടിവിട്ട് ബി.ജെ.പി മേയര്‍ സ്വയം പരിഹാസ്യനാവുകയാണ്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരവും കാണാന്‍ കഴിയാത്ത തിരുവനന്തപുരം നഗരസഭയുടെ ഭരണപരാജയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ഒരു വഴിതിരിച്ചുവിടല്‍ തന്ത്രം മാത്രമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘തിയേറ്ററുകള്‍ക്ക് ലൈസന്‍സും ഹെല്‍ത്ത് പെര്‍മിറ്റും നല്‍കുന്ന നഗരസഭയ്ക്ക് ചെയ്യാന്‍ കഴിയുന്ന ഒരേയൊരു കാര്യം, തിയേറ്ററുകളില്‍ ഇത്തരം സൗജന്യ കുടിവെള്ള കൗണ്ടറുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ വിട്ട് പരിശോധിപ്പിക്കുക മാത്രമാണ്.

ങ്ങളുടെ അധികാരപരിധിയിലുള്ള ഈ അടിസ്ഥാന പരിശോധന പോലും കൃത്യമായി നടത്താന്‍ കഴിയാത്തവരാണ്, കോടതി തള്ളിക്കളയുമെന്ന് ഉറപ്പുള്ള വിലനിയന്ത്രണ ഭീഷണിയുമായി ക്യാമറയ്ക്ക് മുന്നില്‍ വരുന്നത്.

തലസ്ഥാന നഗരത്തിലെ മാലിന്യപ്രശ്‌നം, തകര്‍ന്നടിഞ്ഞ റോഡുകള്‍, തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണി, സാധാരണക്കാര്‍ക്കുള്ള അടിസ്ഥാന കുടിവെള്ള വിതരണം തുടങ്ങി ജനം നിത്യേന അനുഭവിക്കുന്ന നീറുന്ന പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരവും കാണാന്‍ കഴിയാത്ത തിരുവനന്തപുരം നഗരസഭയുടെ ഭരണപരാജയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ഒരു വഴിതിരിച്ചുവിടല്‍ തന്ത്രം മാത്രമാണിത്.

യാഥാര്‍ത്ഥ്യവുമായി പുലബന്ധമില്ലാത്ത ഇത്തരം പ്രഖ്യാപനങ്ങള്‍ കൊണ്ടൊന്നും സ്വന്തം വീഴ്ചകള്‍ മറച്ചുവെക്കാന്‍ കഴിയില്ലെന്ന് ബി.ജെ.പി മനസ്സിലാക്കണം. ഇല്ലാത്ത അധികാരം പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഈ വിലകുറഞ്ഞ പി.ആര്‍ നാടകങ്ങള്‍ അവസാനിപ്പിച്ച്, നഗരസഭയുടെ യഥാര്‍ത്ഥ ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കാനാണ് മേയര്‍ തയ്യാറാവേണ്ടത്,’ സന്ദീപ് വാര്യര്‍ കുറിച്ചു.

Content Highlight: Multiplex Price Issue: Sandeep.G.Varier Critisize VV Rajesh and Thiruvananthapuram Corporation

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more