| Saturday, 23rd August 2025, 10:08 pm

മോദിയെ വോട്ടുകള്ളനെന്ന് വിളിച്ചു; തേജസ്വി യാദവിനെതിരെ ഒന്നിലധികം കേസുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വോട്ടുകള്ളനെന്ന് വിളിച്ചതിന് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവിനെതിരെ കേസെടുത്ത് പൊലീസ്. ഷാജഹാന്‍പൂര്‍ പൊലീസിന്റേതാണ് നടപടി. സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശിച്ചതിനാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

ബി.ജെ.പി ഷാജഹാന്‍പൂര്‍ സിറ്റി അധ്യക്ഷന്‍ ശില്‍പി ഗുപ്ത നല്‍കിയ പരാതിയിലാണ് നടപടി. രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ മോദിക്കെതിരായ തേജസ്വിയുടെ പരാമര്‍ശം വലിയ രോഷമുണ്ടാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്.

ഇന്നലെ (വെള്ളിയാഴ്ച)യാണ് കേസെടുത്തതെന്ന് പൊലീസ് സൂപ്രണ്ട് രാജേഷ് ദ്വിവേദി പറഞ്ഞു. ബി.എന്‍.എസ് സെക്ഷന്‍ 353(2) (കിംവദന്തികള്‍ പ്രചരിപ്പിക്കല്‍), 197(1)എ (ചിത്രത്തിലൂടെ ആരോപണങ്ങള്‍ ഉന്നയിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഷാജഹാന്‍പൂരിലെ സദര്‍ ബസാര്‍ പൊലീസാണ് തേജസ്വിക്കെതിരായ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്.

‘ഇന്ന് വോട്ട് കള്ളന്‍ ബീഹാറിലെ ഗയയില്‍ വരും. പിന്നാലെ ബീഹാറികള്‍ക്ക് മുന്നില്‍ നിന്നുകൊണ്ട് അയാള്‍ ഒന്നിനുപുറകെ ഒന്നായി കള്ളം പറയും.’ എന്നായിരുന്നു തേജസ്വിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്.

മോദിക്കെതിരായ പരാമര്‍ശത്തില്‍ മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിലും തേജസ്വി യാദവിനെതിരെ കേസെടുത്തിട്ടുണ്ട്. ബി.എന്‍.എസ് സെക്ഷന്‍ 196 (വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 356 (അപകീര്‍ത്തിപ്പെടുത്തല്‍), 352 (സമാധാനം തകര്‍ക്കാന്‍ മനപൂര്‍വം ശ്രമിക്കുക), 353 (പൊതുജനങ്ങളില്‍ ആശങ്കയുണ്ടാകുന്ന പ്രസ്താവനകള്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഗഡ്ചിരോളിയിലെ കേസ്.

ബി.ജെ.പി ജില്ലാ പ്രസിഡന്റ് ഹരിശ്ചന്ദ്ര റാവത്ത് തല്‍ബെഹത് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ലളിത്പൂര്‍ ജില്ലയിലും യാദവിനെതിരെ കേസുണ്ട്. ഏതാനും ആര്‍.ജെ.ഡി പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ബി.എന്‍.എസ് സെക്ഷന്‍ 197(1)എ, 353(2) എന്നിവ പ്രകാരമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് സര്‍ക്കിള്‍ ഓഫീസര്‍ രക്ഷ്പാല്‍ സിങ് പറഞ്ഞു. പരാതികളില്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം തനിക്കെതിരായ എഫ്.ഐസ്.ആറിനെ ഭയപ്പെടുന്നില്ലെന്ന് തേജസ്വി യാദവ് മാധ്യമങ്ങളോട് പ്രതികരിച്ചു. സത്യം പറയുന്നത് ഇനിയും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

തനിക്കെതിരെ ഇഷ്ടമുള്ള അത്രയും കേസുകള്‍ ചുമത്താമെന്നും എന്നാല്‍ സത്യം പറയുന്നത് നിര്‍ത്തില്ലെന്നും ആര്‍.ജെ.ഡി നേതാവ് പറഞ്ഞു. ബീഹാറില്‍ തുടരുന്ന വോട്ടര്‍ അധികാര്‍ യാത്രക്കിടെയാണ് തേജസ്വി യാദവിന്റെ പരമാശം.

Content Highlight: Multiple cases filed against Tejashwi Yadav for calling Modi a vote thief

We use cookies to give you the best possible experience. Learn more