| Monday, 19th May 2025, 5:17 pm

മുല്ലപ്പെരിയാര്‍; അറ്റകുറ്റപണിക്കുള്ള തമിഴ്നാടിന്റെ അപേക്ഷ അംഗീകരിച്ച് സുപ്രീം കോടതി; കേരളത്തിന്റെ വാദം തള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അറ്റകുറ്റപണിക്കുള്ള തമിഴ്നാടിന്റെ അപേക്ഷ കേരളം അംഗീകരിക്കണമെന്ന് സുപ്രീം കോടതി. മുല്ലപ്പെരിയാറില്‍ മരം മുറിക്കാന്‍ അനുമതി തേടിക്കൊണ്ടുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ അപേക്ഷ അംഗീകരിച്ചുകൊണ്ടായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്.

തമിഴ്‌നാട് സര്‍ക്കാരിന്റെ അപേക്ഷയില്‍ കേരളം രണ്ടാഴ്ചക്കുള്ളില്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ഉന്നതാധികാര സമിതി മുന്നോട്ടുവെച്ച ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിര്‍ദേശം. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ മൂന്നാഴ്ചക്കകം നടപടിയെടുക്കണമെന്നും ഉത്തരവില്‍ പറയുന്നു.

പണി നടക്കുന്ന സ്ഥലത്ത് കേരളത്തിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യമുണ്ടാകണമെന്നും നിര്‍ദേശമുണ്ട്. കൂടാതെ അറ്റകുറ്റപണിക്കുള്ള സാധനസാമഗ്രികള്‍ കൊണ്ടുപോകുന്നതിനായി റോഡ് നിര്‍മിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചിട്ടുണ്ട്. കേരള സര്‍ക്കാര്‍ റോഡ് നിര്‍മിക്കണമെന്നും ചെലവ് തമിഴ്‌നാട് സര്‍ക്കാര്‍ വഹിക്കണമെന്നുമാണ് നിര്‍ദേശം.

ഇതിനുപുറമെ ഡോര്‍മെറ്ററിയുടെ അറ്റകുറ്റപണി നടത്താനും തമിഴ്നാടിന് അനുമതി ലഭിച്ചു. ഒരു ബോട്ട് കൂടി അനുവദിക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യം നിയന്ത്രണങ്ങള്‍ക്ക് വിധേയമായി അംഗീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്തുന്നതിനായി മരം മുറിക്കാന്‍ അനുമതി തേടിയാണ് തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ പുതിയ അണക്കെട്ടെന്ന ആവശ്യമാണ് കേരളം സുപ്രീം കോടതിയില്‍ ഉന്നയിച്ചത്. പക്ഷെ ഉന്നതാധികാര സമിതിയുടെ ശുപാര്‍ശകളുമായി മുന്നോട്ടുപോകാനായിരുന്നു കേരളത്തിന് ലഭിച്ച നിര്‍ദേശം.

അതേസമയം മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന് അനുമതി നല്‍കരുതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതി ഉത്തരവ് മറികടന്നുകൊണ്ടാണ് കേരളത്തിന്റെ നീക്കമെന്നും സ്റ്റാലിന്‍ പറഞ്ഞിരുന്നു. നിലവില്‍ ഗ്രൗട്ടിങ് സംബന്ധിച്ച തീരുമാനം സുപ്രീം കോടതി മേല്‍നോട്ട സമിതിക്ക് കൈമാറിയിട്ടുണ്ട്.

നേരത്തെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാഭീഷണി ആശങ്ക മാത്രമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. 135 വര്‍ഷത്തെ കാലവര്‍ഷം അണക്കെട്ട് മറികടന്നതാണെന്നും കോടതി പറഞ്ഞിരുന്നു. മുല്ലപ്പെരിയാര്‍ വിഷയത്തിനിടെ തമിഴ്‌നാട്ടില്‍ എന്തെങ്കിലും ചെയ്താല്‍ കേരളം തകരുമെന്ന് ചിലര്‍ വ്യാജപ്രചരണം നടത്തുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlight: Mullaperiyar; Supreme Court accepts Tamilnadu’s plea for repairs; rejects Kerala’s argument

We use cookies to give you the best possible experience. Learn more