ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനും തമിഴ്‌നാട് സര്‍ക്കാരിനും നോട്ടീസ് അയച്ച് സുപ്രീം കോടതി. പുതിയ അണക്കെട്ട് നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ ഒരു സന്നദ്ധസംഘടന നല്‍കിയ ഹരജിയിലാണ് ഈ നടപടി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
മുല്ലപ്പെരിയാര്‍ ഏറ്റവും പഴക്കം ചെന്ന അണക്കെട്ടുകളില്‍ ഒന്നാണെന്ന് വാദത്തിനിടെ കോടതി നിരീക്ഷിച്ചു. അതോടൊപ്പം ഹരജിക്കാര്‍ക്കായി കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വി.വി ഗിരിയും ഇതേ വാദം ഉന്നയിച്ചു. ഈ അണക്കെട്ട് വളരെ കാല പഴക്കം വന്നതും ആയിരക്കണക്കിന് പേരുടെ ജീവന് ഭീഷണിയാണെന്നും ഹരജിക്കാര്‍ വാദിച്ചു. അതിനാല്‍ തന്നെ ഇത് പുനര്‍നിര്‍മിക്കണമെന്ന ആവശ്യമാണ് കോടതിക്ക് മുമ്പാകെ സമര്‍പ്പിച്ചത്.
ഇത് വലിയൊരു നിയമ പ്രശ്‌നമാണെന്നും തമിഴ്‌നാടിന് വെള്ളം ലഭിക്കുന്നതുമായി ബന്ധപ്പെട്ടതാണെന്നും കോടതി പറഞ്ഞു. രണ്ട് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നമായതിനാല്‍ കൃത്യമായ വാദം കേള്‍ക്കേണ്ടതുണ്ടെന്നും നിലപാട് തേടേണ്ടതുണ്ടെന്നും കോടതി അറിയിച്ചു. ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനോടും തമിഴ്‌നാട് സര്‍ക്കാരിനോടും സുപ്രീം കോടതി വിശദീകരണം നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
നേരത്തെയും സുപ്രീം കോടതിക്ക് മുമ്പാകെ മുല്ലപ്പെരിയാർ അണക്കെട്ട് പുനർനിർമിക്കണമെന്ന ഹരജികൾ വന്നിരുന്നു. അന്ന് അണക്കെട്ടിന് ബലക്ഷയമില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. സുരക്ഷാ ഭീഷണി വെറുമൊരു ആശങ്ക മാത്രമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.
പ്രളയത്തിന് ശേഷം ഇതേ ആവശ്യം ഉന്നയിച്ച് ഈ സംഘടന വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ഇതിലാണ് ഇപ്പോൾ കോടതി നോട്ടീസ് അയച്ചിട്ടുള്ളത്.
അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിന് ബോംബ് ഭീഷണിയുമുണ്ട്. ഇന്ന് (ഒക്ടോബർ 13) രാവിലെ തൃശൂർ സെഷൻസ് കോടതിയുടെ മെയിലിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാടിന് ദോഷകരമായ കോടതി വിധിയോ നടപടിയോ ഉണ്ടായാൽ അണക്കെട്ട് ഉടനെ പൊട്ടുമെന്നാണ് സന്ദേശത്തിലുള്ളത്.
തമിഴ്നാട്ടിൽ നിന്നാണ് സന്ദേശം ലഭിച്ചതെന്നാണ് വിവരം. വ്യക്തമല്ലാത്ത ഒരു സംഘടനയുടെ പേരും സന്ദേശത്തിനോടൊപ്പമുണ്ട്. സന്ദേശം ലഭിച്ച ഉടനെ കോടതി ഉദ്യോഗസ്ഥർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
മെയിലിന്റെ ഒരു കോപ്പി തൃശൂർ കലക്ടറേറ്റിലേക്കും കൈമാറിയിട്ടുണ്ട്. ഇടുക്കിയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ ഇടുക്കി കലക്ടറേറ്റിലേക്കും ഈ വിഷയം കൈമാറാനും സർക്കാരിനെ അറിയിക്കാനും തീരുമാനമായിട്ടുണ്ട്. അതോടൊപ്പം തന്നെ ഈ കേസ് വിശദ അന്വേഷണത്തിനായി ഇടുക്കി ജില്ലാ പൊലീസ് മേധാവിക്ക് കൈമാറാനുള്ള തീരുമാനവുമുണ്ട്.
Content Highlight: Mullaperiyar dispute: Supreme Court issues notice to Centre and Tamil Nadu government