| Friday, 12th September 2025, 3:39 pm

മുള്ളൻകൊല്ലി വാർഡ് മെമ്പറും കോൺഗ്രസ് നേതാവുമായ ജോസ് നെല്ലേടത്ത് മരിച്ച നിലയിൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പുൽപ്പള്ളി : വയനാട് മുള്ളൻകൊല്ലിയിലെ വാർഡ് മെമ്പറും കോൺഗ്രസ് നേതാവുമായ ജോസ് നെല്ലേടത്ത് മരിച്ച നിലയിൽ. വീടിനടുത്തുള്ള കുളത്തിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കൈ ഞരമ്പ് മുറിച്ച്, കാലുകൾ കെട്ടിയ നിലയിലായിരുന്നു മൃതദേഹം.

വീട്ടിൽ മദ്യവും സ്ഫോടക വസ്തുക്കളും വെച്ച കേസിൽ നേരെത്തെ അറസ്റ്റിലായ കോൺഗ്രസ് പ്രാദേശിക നേതാവ് തങ്കച്ചൻ ജോസിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. കേസന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മരണം.

കഴിഞ്ഞ മാസം 17 നാണ് തങ്കച്ചന്റെ വീട്ടിൽ നിന്നും കർണാടക മദ്യവും സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയത്. തുടർന്ന് തങ്കച്ചനെ അറസ്റ്റ് ചെയ്യുകയും 17 ദിവസം റിമാൻഡ് ചെയ്യുകയും ചെയ്തു. എന്നാൽ പൊലീസ് അന്വേഷണത്തിൽ തങ്കച്ചൻ നിരപരാധിയാണെന്ന് കണ്ടെത്തുകയും പ്രസാദ് എന്ന മറ്റൊരു പ്രതിയെ പൊലീസ് പിടികൂടുകയും ചെയ്തു.

ഡി.സി.സിയിലുള്ള പല ആളുകളും ഗൂഢാലോചന നടത്തി തന്നെ കള്ളക്കേസിൽ കുടുക്കിയതാണെന്ന ആരോപണം തങ്കച്ചൻ ഉന്നയിച്ചിരുന്നു.

തങ്കച്ചൻ ആരോപണം ഉന്നയിച്ചിരുന്ന ഒരാളായിരുന്നു ജോസ് നെല്ലേടം. കേസുമായി ബന്ധപ്പെട്ട ജോസ് നെല്ലേടത്തെ ചോദ്യം ചെയ്തിരുന്നു.

പുൽപ്പള്ളിയിൽ നിന്നും ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി.
മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്.

ജനാധിപത്യ പാർട്ടികൾക്ക് ചേർന്ന രീതിയല്ല കോൺഗ്രസിന്റേതെന്ന് സി.പി.ഐ.എം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ് പറഞ്ഞു.

‘പ്രവർത്തകരെ ജയിലിലടച്ചും മരണത്തിലേക്ക് തള്ളിവിട്ടും തങ്ങളുടെ അധികാരം ഉപയോഗിച്ച് സമ്പത്ത് സമ്പാദിക്കുക എന്ന നിലയിലേക്ക് കോൺഗ്രസിന്റെ നേതൃത്വം മാറിയിരിക്കുന്നു. വളരെ ഗൗരവമായിത്തന്നെ ഈ വിഷയത്തെ കാണേണ്ടതുണ്ട്.’ റഫീഖ് പറഞ്ഞു.

Content Highlight: Mullankolli ward member and Congress leader Jose Nelledam was found dead

We use cookies to give you the best possible experience. Learn more