അലിഗഡ്: ഉത്തര്‍പ്രദേശിലെ അലിഗഡില്‍ മുസ്ലിം വിരുദ്ധ പ്രസംഗം നടത്തിയ കേസില്‍ അറസ്റ്റിലായ കര്‍ണി സേന നേതാവായ സച്ചിന്‍ രാഘവിന് പ്രാദേശിക കോടതി ജാമ്യം അനുവദിച്ചു. സുഭാഷ് ചന്ദ്രബോസിന്റെ മുദ്രാവാക്യത്തെ വര്‍ഗീയമായി വളച്ചൊടിച്ചതിനാണ് സച്ചിനെതിരെ കേസ് എടുത്തത്.
നേതാജിയുടെ പ്രതിമയില്‍ മാലയിടുന്നതിനിടെ, ‘നിങ്ങള്‍ എനിക്ക് രക്തം തരൂ, ഞാന്‍ നിങ്ങള്‍ക്ക് മുസ് ലിങ്ങളില്‍ നിന്ന് സ്വാതന്ത്ര്യം നല്‍കാം’ എന്ന് ഇയാള്‍ പ്രസംഗിച്ചിരുന്നു. 1944-ല്‍ ബ്രിട്ടീഷ് ഭരണത്തിനെതിരെ നേതാജി മുഴക്കിയ ‘നിങ്ങള്‍ എനിക്ക് രക്തം തരൂ, ഞാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കാം’ എന്ന ആഹ്വാനത്തെയാണ് സച്ചിന്‍ രാഘവ് വര്‍ഗീയമായി ഉപയോഗിച്ചത്.
പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് ജനുവരി 29ന് അലിഗഡ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചതിനും (സെക്ഷന്‍ 196(1)), കുറ്റകരമായ രീതിയില്‍ ഭീഷണിപ്പെടുത്തിയതിനും (സെക്ഷന്‍ 351(2)) സച്ചിന്‍ രാഘവിനെതിരെ പൊലീസ് കേസെടുത്തു. പൊതുസമാധാനം തകര്‍ക്കുന്ന രീതിയിലുള്ള പ്രസ്താവനകള്‍ നടത്തിയതിന് ബി.എന്‍.എസ് സെക്ഷന്‍ 353(3) പ്രകാരവും, സോഷ്യല്‍ മീഡിയയിലൂടെ വിദ്വേഷം പ്രചരിപ്പിച്ചതിന് ഐ.ടി ആക്ട് പ്രകാരവുമാണ് അലിഗഡ് പോലീസ് നടപടിയെടുത്തത്.
ജാമ്യം ലഭിച്ചതിന് പിന്നാലെ സച്ചിന്‍ രാഘവിനെ അനുയായികള്‍ മാലയിട്ട് സ്വീകരിക്കുന്ന ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
Content Highlight: Mullah se azaadi doonga: UP gau rakshak gets bail in hate speech case