| Monday, 16th January 2017, 2:45 pm

അഖിലേഷ് യാദവിനെതിരെ മല്‍സരിക്കും: പിളര്‍പ്പൊഴിവാക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും നടന്നില്ലെന്നും മുലായം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: വരുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയും മകനുമായ അഖിലേഷ് യാദവിനെതിരെ മല്‍സരിക്കുമെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്.

പിളര്‍പ്പൊഴിവാക്കാന്‍ കഴിവതും ശ്രമിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ലെന്നാണ് മുലായത്തിന്റെ വിശദീകരണം. അഖിലേഷ് യാദവ് താന്‍ പറയുന്നതിന് ചെവിതരുന്നില്ലെന്നും മുലായം വ്യക്തമാക്കി.

പിളര്‍പ്പൊഴിവാക്കാന്‍ പരമാവധി ശ്രമിച്ചു. അഖിലേഷിനെ പറഞ്ഞു മനസ്സിലാക്കാന്‍ പരമാവധി ശ്രമിച്ചു. എന്നാല്‍ അയാള്‍ അതു കേള്‍ക്കാന്‍ പോലും തയാറായില്ല. ഒരുതവണ എന്നെ കാണാന്‍ വന്നിരുന്നുവെങ്കിലും പറഞ്ഞത് കേള്‍ക്കാന്‍ പോലും തയാറായില്ല.

സമാജ്വാദി പാര്‍ട്ടി മുസ്‌ലിം വിരുദ്ധ പാര്‍ട്ടിയാണെന്ന തരത്തിലാണ് അഖിലേഷിന്റെ  നിലപാടെന്നും മുലായം പറഞ്ഞു. പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ തന്റെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.


രാംഗോപാല്‍ യാദവാണ് പാര്‍ട്ടിക്കുള്ളിലെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്നും മുലയാം പറഞ്ഞു. പാര്‍ട്ടി ഓഫിസില്‍ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചിഹ്നത്തിന്റെ കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം എന്തുതന്നെയാണെങ്കിലും സ്വീകരിക്കും. സൈക്കിള്‍ ചിഹ്നം ലഭിക്കുന്നതിനായി കോടതിയില്‍ വരെ പോരാടും.

പാര്‍ട്ടി ചിഹ്നത്തിന് വേണ്ടി അഖിലേഷ് പക്ഷവും മുലായവും ചരടുവലി നടത്തുന്നതിന് ഇടയില്‍ ഇന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമുണ്ടാവുക.

അഖിലേഷിനെതിരെ പോരാടാന്‍ ജനത്തിന്റെ പിന്തുണയെനിക്ക് ആവശ്യമാണ്. എതിരാളികള്‍ക്കൊപ്പം ഉല്ലസിച്ചു നടക്കുകയാണ് അഖിലേഷെന്നും മുലായം വിമര്‍ശിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more