| Sunday, 31st May 2026, 8:47 am

മീശ മാധവനിലെ 'അഡ്വ. മുകുന്ദനുണ്ണി' യുടെ റഫറൻസ് ആണ് 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്': അഭിനവ് സുന്ദർ നായക്

കെ.എസ് ഷാബിന

വിനീത് ശ്രീനിവാസനെ നായകനാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത് 2022 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’. സാധാരണയായി കണ്ടുവരാറുള്ള, പോസിറ്റീവ് ഷെയ്ഡുകൾ മാത്രമുള്ള ‘നല്ലവനായ ഉണ്ണി’ വേഷങ്ങളിൽ നിന്നുള്ള വിനീത് ശ്രീനിവാസൻ്റെ വമ്പൻ ‘യു-ടേൺ’ ആയിരുന്നു അഡ്വ. മുകുന്ദനുണ്ണി. ചിത്രത്തിലെ വിനീതിന്റെ മികച്ച പ്രകടനത്തോടൊപ്പം തന്നെ തുടക്കക്കാരനായ സംവിധായകൻ അഭിനവും മുകുന്ദനുണ്ണിയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു.

‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രത്തിലെ വിനീത് ശ്രീനിവാസന്റെ വക്കീൽ കഥാപാത്രം, 2002-ൽ പുറത്തിറങ്ങിയ ‘മീശമാധവൻ’ സിനിമയിൽ നിന്നുള്ള ഒരു പോപ്പ് കൾച്ചർ റഫറൻസ് ആണെന്ന് സംവിധായകൻ അഭിനവ് സുന്ദർ നായക് പറയുന്നു. ‘മീശമാധവനിൽ’ സലിം കുമാർ അവതരിപ്പിച്ച ‘അഡ്വ. മുകുന്ദനുണ്ണി’ എന്ന കഥാപാത്രത്തെ അടിസ്ഥാനമാക്കിയാണ് വിനീതിന്റെ വേഷം ഒരുക്കിയതെന്ന് ‘എം.പവർ ബൈ മാധവൻ’ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം തുറന്നു പറഞ്ഞു.

മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്.Photo:Imdb/Facebook

ലാൽ ജോസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി 2002 ൽ പുറത്തിറങ്ങിയ ചിത്രമാണ് മീശ മാധവൻ. ചിത്രത്തിൽ ദിലീപ് അവതരിപ്പിച്ച മാധവൻ എന്ന കഥാപാത്രത്തെ പൊലീസ് അറസ്റ്റ് ചെയ്യുമ്പോൾ ജാമ്യത്തിൽ ഇറക്കാൻ എത്തുന്നത് സലിം കുമാറിന്റെ മുകുന്ദനുണ്ണി എന്ന വക്കീൽ കഥാപാത്രമാണ്. കേസുകൾ ഒന്നും ലഭിക്കാത്ത കേസില്ലാ വക്കീൽ ആണെന്ന തരത്തിലാണ് ചിത്രത്തിൽ മുകുന്ദനുണ്ണി എന്ന വക്കീലിനെ അവതരിപ്പിച്ചിരിക്കുന്നത്. ഈ ഒരു കഥാപാത്രമാണ് റഫറൻസ് ആയി എടുത്തത് എന്ന് അഭിനവ് പറയുന്നു.

മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിലെ വിനീതിന്റെ കഥാപാത്രവും ഏറെ കഠിനാധ്വാനം ചെയ്തിട്ടും ജീവിതത്തിൽ വിജയിക്കാൻ കഴിയാതെ വരുമ്പോൾ അയാൾ ചെയ്യുന്ന കാര്യങ്ങളാണ് ചിത്രത്തിന്റെ കഥ. ഇരു ചിത്രങ്ങളും ചേർത്ത് വെക്കുമ്പോൾ ആത്മാർത്ഥമായി ജോലി ചെയ്തിട്ടും തങ്ങളുടെ മേഖലയിൽ മുന്നേറാൻ സാധിക്കാതെ പോകുന്ന മുകുന്ദനുണ്ണി എന്ന് പേരുള്ള രണ്ടു വക്കീലന്മാരുടെ ജീവിതമാണ് മീശ മാധവൻ എന്ന ചിത്രത്തിലൂട ലാൽ ജോസും, മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തിലൂടെ അഭിനവ് സുന്ദർ നായകും അവതരിപ്പിച്ചിരിക്കുന്നത്.

മോളിവുഡ് ടൈംസ്.Phpoto:Imdb

ആശുപത്രി, ഇൻഷുറൻസ്, രാഷ്ട്രീയം, പൊലീസ് എന്നീ മേഖലകളിലെ മാഫിയാ ഇടപെടലുകളിലൂടെ പതിവ് നായക സങ്കൽപ്പങ്ങളെ പൂർണമായും പൊളിച്ചെഴുതുന്നതായിരുന്നു മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന ചിത്രം. ചിത്രത്തിലൂടെ അഭിനവ് സുന്ദർ നായക് എന്ന സംവിധായകനും ഏറെ ശ്രദ്ധിക്കപ്പെട്ടു.

നസ്‌ലെൻ കേന്ദ്രകഥാപാത്രമാകുന്ന ‘മോളിവുഡ് ടൈംസ്’ ആണ് അഭിനവിന്റെ വരാനിരിക്കുന്ന പുതിയ ചിത്രം. ജൂൺ 5 ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

Content Highlights:Mukundan Unni Associates is a reference of  Adv. Mukundan Unni from the film Meesha Madhavan

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

We use cookies to give you the best possible experience. Learn more