ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പരാജയപ്പെടുത്തി ലഖ്നൗ സൂപ്പര്‍ ജയന്റ്സ് സീസണിലെ രണ്ടാമത് ജയം സ്വന്തമാക്കിയിരുന്നു. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ലാസ്റ്റ് ബോള്‍ ത്രില്ലറില്‍ മൂന്ന് വിക്കറ്റിനാണ് കൊമ്പന്‍മാര്‍ ജയിച്ചുകയറിയത്.
കെ.കെ.ആര്‍ ഉയര്‍ത്തിയ 182 റണ്‍സിന്റെ വിജയലക്ഷ്യം ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി അവസാന പന്തില്‍ ലഖ്നൗ മറികടക്കുകയായിരുന്നു.
യുവതാരം മുകുള്‍ ചൗധരിയുടെ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് ലഖ്നൗവിന് വിജയം സമ്മാനിച്ചത്. മുകുള്‍ 27 പന്ത് നേരിട്ട് പുറത്താകാതെ 54 റണ്‍സ് നേടി. അവസാന ഓവറില്‍ നേടിയ രണ്ട് സിക്സറടക്കം ഏഴ് സിക്സറും രണ്ട് ഫോറും അടക്കം 200.00 എന്ന മികച്ച സ്ട്രൈക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.
ഈ സിക്‌സര്‍ ഫെസ്റ്റിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും മുകുള്‍ സ്വന്തമാക്കി. ഒരു ഐ.പി.എല്‍ മത്സരത്തില്‍ ഏഴാം നമ്പറിലോ അതിന് താഴെയോ ഇറങ്ങി ഏറ്റവുമധികം സിക്‌സര്‍ നേടുന്ന താരങ്ങളില്‍ മൂന്നാം സ്ഥാനത്തെത്തിയാണ് മുകുള്‍ കരുത്ത് കാട്ടിയത്. 11 സിക്‌സറുമായി ആന്ദ്രേ റസലാണ് ഈ റെക്കോഡില്‍ ഒന്നാമന്‍.
(താരം – ടീം – എതിരാളികള്‍ – സിക്‌സര്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
ആന്ദ്രേ റസല്‍ – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – ചെന്നൈ സൂപ്പര്‍ കിങ്‌സ് – 11 – 2018
റാഷിദ് ഖാന്‍ – ഗുജറാത്ത് ടൈറ്റന്‍സ് – മുംബൈ ഇന്ത്യന്‍സ് – 10 – 2023
മുകുള്‍ ചൗധരി – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 7 – 2026*
അസുതോഷ് ശര്‍മ – പഞ്ചാബ് കിങ്‌സ് – മുംബൈ ഇന്ത്യന്‍സ് – 7 – 2024
ആന്ദ്രേ റസല്‍ – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 2024
ഡ്വെയ്ന്‍ ബ്രാവോ – ചെന്നൈ സൂപ്പര്‍ കിങ്‌സ് – മുംബൈ ഇന്ത്യന്‍സ് – 7 – 2018
അതേസമയം, ഈ വിജയത്തിന് പിന്നാലെ ലഖ്നൗ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. മൂന്ന് മത്സരത്തില്‍ നിന്നും നാല് പോയിന്റാണ് ടീമിനുള്ളത്.
ഏപ്രില്‍ 12നാണ് സൂപ്പര്‍ ജയന്റ്സിന്റെ അടുത്ത മത്സരം. സ്വന്തം തട്ടകമായ ഏകാനയില്‍ മുന്‍ ചാമ്പ്യന്‍മാരായാ ഗുജറാത്ത് ടൈറ്റന്‍സാണ് എതിരാളികള്‍.
Content highlight: Mukul Choudhary joins the elite list of most sixes in an IPL match batting at 7 or below