| Friday, 10th April 2026, 6:46 am

അവസാന 30ല്‍ 25ഉം നേരിട്ട് ഫിഫ്റ്റി; ചരിത്രത്തിലിത് മൂന്നാമത്, പൊള്ളാര്‍ഡിനും ഡി വില്ലിയേഴ്‌സിനുമൊപ്പം ഇനി 21കാരനും

ആദര്‍ശ് എം.കെ.

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ കൊല്‍ക്കത്തയെ പരാജയപ്പെടുത്തി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സീസണിലെ രണ്ടാമത് ജയം സ്വന്തമാക്കിയിരുന്നു. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ലാസ്റ്റ് ബോള്‍ ത്രില്ലറില്‍ മൂന്ന് വിക്കറ്റിന്റെ വിജയമാണ് ടീം സ്വന്തമാക്കിയത്.

കൊല്‍ക്കത്ത ഉയര്‍ത്തിയ 182 റണ്‍സിന്റെ വിജയലക്ഷ്യം ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി അവസാന പന്തില്‍ ലഖ്‌നൗ മറികടന്നു.

യുവതാരം മുകുള്‍ ചൗധരിയുടെ തകര്‍പ്പന്‍ പ്രകടനമാണ് ലഖ്‌നൗവിന് വിജയം സമ്മാനിച്ചത്. 27 പന്ത് നേരിട്ട താരം പുറത്താകാതെ 54 റണ്‍സ് നേടി. അവസാന ഓവറില്‍ നേടിയ രണ്ട് സിക്‌സറടക്കം ഏഴ് സിക്‌സറും രണ്ട് ഫോറും അടക്കം 200.00 എന്ന മികച്ച സ്‌ട്രൈക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.

ഇംപാക്ട് പ്ലെയറായെത്തിയ ആയുഷ് ബദോണിയും അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി.

ലഖ്‌നൗവിനെ വിജയത്തിലേക്ക് നയിച്ച മുകുള്‍ ചൗധരിയെ തന്നെയാണ് കളിയെ താരമായും തെരഞ്ഞെടുത്തത്.

ഈ പ്രകടനത്തോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് നേട്ടത്തിലും മുകുള്‍ ഇടം നേടി. ഒരു ഐ.പി.എല്‍ മത്സരത്തിന്റെ അവസാന അഞ്ച് ഓവറില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയിലാണ് മുകുള്‍ ഇടം നേടിയത്. അവസാന അഞ്ച് ഓവറില്‍ 25 പന്ത് നേരിട്ട താരം 53 റണ്‍സാണ് അടിച്ചെടുത്തത്.

ഐ.പി.എല്‍ ചരിത്രത്തില്‍ അവസാന അഞ്ച് ഓവറില്‍ ഏറ്റവുമധികം റണ്‍സ്

(താരം – സ്‌കോര്‍ – ടീം – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

കെയ്‌റോണ്‍ പൊള്ളാര്‍ഡ് – 59 (21) – മുംബൈ ഇന്ത്യന്‍സ് – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 2013

എ.ബി ഡി വില്ലിയേഴ്‌സ് – 56 (22) – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 2014

മുകുള്‍ ചൗധരി – 53 (25) – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 2026*

മുകുള്‍ ചൗധരി

ഇവര്‍ മൂന്ന് പേര്‍ മാത്രമാണ് അവസാന അഞ്ച് ഓവറില്‍ അര്‍ധ സെഞ്ച്വറി നേടിയത് എന്നതും ശ്രദ്ധേയമാണ്.

അതേസമയം, സീസണിലെ രണ്ടാം വിജയം നേടിയ ലഖ്‌നൗ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. മൂന്ന് മത്സരത്തില്‍ നിന്നും നാല് പോയിന്റാണ് ടീമിനുള്ളത്.

ഏപ്രില്‍ 12നാണ് സൂപ്പര്‍ ജയന്റ്‌സിന്റെ അടുത്ത മത്സരം. സ്വന്തം തട്ടകമായ ഏകാനയില്‍ നടക്കുന്ന പോരാട്ടത്തില്‍ മുന്‍ ചാമ്പ്യന്‍മാരായാ ഗുജറാത്ത് ടൈറ്റന്‍സാണ് എതിരാളികള്‍.

Content Highlight: Mukul Choudhary becomes 3rd batter to score a half century in last 5 overs

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more