| Friday, 18th July 2025, 4:57 pm

ഭക്ഷണത്തെ കുറ്റം പറയാത്ത ആള്‍; അന്ന് നസീര്‍ സാര്‍ തന്നത് ആരും ചിന്തിക്കാത്ത മറുപടി: മുകേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താന്‍ സിനിമയില്‍ വരുന്നതിന് മുമ്പൊക്കെ വളരെ നന്നായി ഭക്ഷണം കഴിക്കുന്ന ആളായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ ഒരു നിര്‍ബന്ധവുമുള്ള ആളല്ലെന്നും പറയുകയാണ് നടന്‍ മുകേഷ്.

 പ്രേം നസീര്‍ ഒരിക്കലും ഭക്ഷണ കാര്യത്തില്‍ കുറ്റം പറയാത്ത ആളാണെന്നും അദ്ദേഹം ഭക്ഷണം കൂടുതല്‍ വേണമെന്ന് ആവശ്യപ്പെടാറില്ലെന്നും മുകേഷ് പറഞ്ഞു. അമൃത ടി.വിയിലെ ആനീസ് കിച്ചണില്‍ സംസാരിക്കുകയായിരുന്നു നടന്‍.

‘ഭക്ഷണത്തിന്റെ കാര്യത്തില്‍ ഒരു നിര്‍ബന്ധവുമുള്ള ആളല്ല ഞാന്‍. സിനിമയില്‍ വരുന്നതിന് മുമ്പൊക്കെ വളരെ നന്നായി ഭക്ഷണം കഴിക്കുന്ന ആളായിരുന്നു. എനിക്ക് അന്ന് ഭക്ഷണമൊക്കെ ഒരുപാട് ഇഷ്ടമായിരുന്നു.

എന്നാല്‍ സിനിമയില്‍ വന്ന് കുറച്ച് നാളുകള്‍ കഴിഞ്ഞപ്പോഴാണ് നസീര്‍ സാറിന്റെ ഭക്ഷണ രീതിയെ കുറിച്ച് ഞാന്‍ അറിയുന്നത്. അദ്ദേഹം ഒരിക്കലും ഭക്ഷണ കാര്യത്തില്‍ കുറ്റം പറയാത്ത ആളാണ്. സാര്‍ ഭക്ഷണം കൂടുതല്‍ വേണമെന്നും ആവശ്യപ്പെടാറില്ല.

അദ്ദേഹത്തിന് സെറ്റിലൊക്കെ എന്ത് കിട്ടിയാലും ഓക്കെയാണ്. ഞാന്‍ അപ്പോള്‍ ചിന്തിച്ചത് ഇത്രയും വലിയ ആക്ടറിന് എങ്ങനെ അതിന് സാധിക്കുന്നു എന്നായിരുന്നു. കാരണം അദ്ദേഹം പറഞ്ഞാല്‍ വേണ്ട ഭക്ഷണമെല്ലാം മുന്നില്‍ എത്തും.

ബാക്കിയുള്ളവരൊക്കെ ഭക്ഷണത്തിനെ കുറ്റം പറയുമ്പോള്‍ നസീര്‍ സാര്‍ മാത്രം ‘കുഴപ്പമില്ല. നന്നായിരുന്നു’ എന്ന് പറയും. ഒരു ദിവസം ‘സാര്‍ എന്തുകൊണ്ടാണ് ഇങ്ങനെ’യെന്ന് ഞാന്‍ അദ്ദേഹത്തിനോട് ചോദിച്ചിരുന്നു.

ഞാന്‍ സത്യത്തില്‍ അദ്ദേഹത്തിന്റെ കൂടെ രണ്ടോ മൂന്നോ സിനിമയില്‍ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്. പക്ഷെ അന്ന് എന്റെ ചോദ്യത്തിന് നമ്മള്‍ ആരും ചിന്തിക്കാത്ത തരത്തിലുള്ള മറുപടി ആയിരുന്നു നസീര്‍ സാര്‍ തന്നത്.

‘ഇങ്ങനെ ചെയ്താല്‍ നമ്മള്‍ അത്രയും കുറച്ചല്ലേ കഴിക്കുകയുള്ളൂ’ എന്നാണ് സാര്‍ പറഞ്ഞത്. ‘നമ്മള്‍ ഡയറ്റിങ്ങിനും മെയിന്റെയിനിങ്ങിനുമൊന്നും പോകണ്ടല്ലോ’യെന്നും പറഞ്ഞു. കാരണം നല്ല ഭക്ഷണം കിട്ടിയാല്‍ നമ്മള്‍ എന്തായാലും കൂടുതല്‍ കഴിക്കുമല്ലോ.

ഇതാകുമ്പോള്‍ കുഴപ്പമില്ലെന്ന് പറഞ്ഞ് കഴിച്ചാല്‍ അത് കഴിക്കുന്ന നമ്മളും ഹാപ്പിയാകും കഴിക്കാന്‍ തരുന്നവരും ഹാപ്പിയാകും. അങ്ങനെയാണ് നസീര്‍ സാര്‍ അന്ന് പറഞ്ഞത്. അദ്ദേഹം പറഞ്ഞത് വളരെ നല്ല കാര്യമാണല്ലേ,’ മുകേഷ് പറയുന്നു.


Content Highlight: Mukesh Talks About Prem Nazir

We use cookies to give you the best possible experience. Learn more