| Sunday, 24th August 2025, 3:01 pm

അന്നും പതിവ് തമാശ തെറ്റിച്ചില്ല; ഇന്നസെന്റേട്ടന്‍ പറഞ്ഞ ഒടുവിലത്തെ തമാശ ഇന്നും ഓര്‍ക്കുന്നു; മുകേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് നിരവധി മികച്ച സിനിമകള്‍ നല്‍കിയിട്ടുള്ള നടനാണ് മുകേഷ്. നാല് പതിറ്റാണ്ട് നീണ്ടുനിന്ന സിനിമാ ജീവിതത്തില്‍ 275ല്‍ അധികം ചിത്രങ്ങളില്‍ അഭിനയിക്കാന്‍ സാധിച്ച നടന്‍ കൂടിയാണ് അദ്ദേഹം.

സിനിമാ മേഖലയില്‍ മികച്ച സൗഹൃദങ്ങള്‍ സൂക്ഷിക്കുന്ന വ്യക്തിയാണ് മുകേഷ്. ഇപ്പോള്‍ ഇന്നസെന്റിനെ കുറിച്ച് പറയുകയാണ് അദ്ദേഹം. തന്റെ അവസാനനാളുകളിലും ഇന്നസെന്റ് പതിവ് തമാശകള്‍ തെറ്റിച്ചിരുന്നില്ലെന്നാണ് മുകേഷ് പറയുന്നത്.

തന്നെ വിളിക്കുമ്പോള്‍ അദ്ദേഹം നിര്‍ത്താതെ ചുമക്കുമായിരുന്നുവെന്നും ചുമയല്ലേ, പിന്നീട് സംസാരിക്കാമെന്ന് താന്‍ പറഞ്ഞാലും ഇന്നസെന്റ് കേള്‍ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുകേഷ്.

‘ഒരു തമാശ പറയാനുണ്ട്, ഇപ്പോള്‍ പറഞ്ഞില്ലെങ്കില്‍ അതിന്റെ രസച്ചരട് മുറിഞ്ഞു പോകുമെന്ന രീതിയിലാണ് ചേട്ടന്റെ മറുപടി. ഉടനെ കഥ തുടങ്ങി. ‘എന്റെ വീടിനടുത്ത് ഒരു പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവുണ്ട്. കുറെക്കാലം ഞാന്‍ അവനെ കാണാതെ ഒളിച്ചുനടന്നിരുന്നു.

അവന്‍ ഡേറ്റ് ചോദിക്കുമ്പോഴൊന്നും എനിക്ക് ഒഴിവുണ്ടായിരുന്നില്ല. ഇപ്പോള്‍ അവന്‍ എന്നെ ഒളിച്ചു നടക്കുകയാണ്. എന്തിനാ? ഞാന്‍ ഡേറ്റ് ചോദിക്കുമോയെന്ന് പേടിച്ചിട്ട്’. അന്ന് അത് കേട്ട് ഒരുപാട് ചിരിച്ചു. ഇതായിരുന്നു ഇന്നസെന്റേട്ടന്റെ ഒടുവിലത്തെ തമാശ,’ മുകേഷ് പറയുന്നു.

ഓരോ സിനിമ കഴിയുമ്പോഴും ഒരു ചെറിയ ഇടവേളയെടുത്ത് കുടുംബത്തോടൊപ്പം യാത്രപോകുന്ന ആളായിരുന്നു ഇന്നസെന്റ് എന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു. സിനിമയില്‍ നിന്ന് ഒരു ചെറിയ ഇടവേളയെടുത്താല്‍ അവസരം കുറയുമോയെന്ന് ആശങ്കപ്പെട്ടിരുന്നവരില്‍ നിന്ന് വ്യത്യസ്തനായിരുന്നു അദ്ദേഹമെന്നും നടന്‍ പറഞ്ഞു.

ഒരുപക്ഷേ ഒരേ വഴിയിലൂടെ സഞ്ചരിച്ച സഹയാത്രികരായിരുന്നു തങ്ങളെന്നും 40 വര്‍ഷത്തോളം പഴക്കമുള്ള ആത്മബന്ധമായിരുന്നുവെന്നും മുകേഷ് പറയുന്നു. ഒരിക്കലും നിറം മങ്ങാത്ത ഇന്നസെന്റ് കഥകളിലെ സ്ഥിരം കഥാപാത്രങ്ങളില്‍ ഒരാളായിരുന്നു താനെന്നും അദ്ദേഹവുമായി ഏറ്റവും കൂടുതല്‍ സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചത് ഒരുപക്ഷേ താനാകാമെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Mukesh Talks About Innocent’s Humor

We use cookies to give you the best possible experience. Learn more