| Tuesday, 19th August 2025, 9:12 am

ഇന്നസെന്റേട്ടന്‍ മത്തായി ആയത് അവിചാരിതം; തലവരമാറ്റുമെന്ന് പറഞ്ഞ് ബോധിപ്പിച്ചു: മുകേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1989ല്‍ സിദ്ദിഖ്-ലാല്‍ സംവിധാനകൂട്ടുകെട്ടില്‍ പിറന്ന ആദ്യചിത്രമാണ് റാംജിറാവ് സ്പീക്കിങ്. മുകേഷ്, സായ് കുമാര്‍, ഇന്നസെന്റ്, രേഖ, വിജയരാഘവന്‍, ദേവന്‍, മാമുക്കോയ തുടങ്ങി മികച്ച താരനിര ഒന്നിച്ച സിനിമ കൂടിയാണ് ഇത്.

ചിത്രത്തില്‍ മുകേഷ് ഗോപാലകൃഷ്ണനായി അഭിനയിച്ചപ്പോള്‍ ഇന്നസെന്റ് മാന്നാര്‍ മത്തായി ആയിട്ടാണ് എത്തിയത്. മത്തായി എന്ന കഥാപാത്രത്തിലേക്ക് ഇന്നസെന്റ് വരുന്നത് വളരെ അവിചാരിതമായിട്ടായിരുന്നു എന്ന് പറയുകയാണ് മുകേഷ്.

അതിന് താനൊരു നിമിത്തമായി മാറി എന്നതാണ് സത്യമെന്നും അതില്‍ വലിയ സന്തോഷമുണ്ടെന്നും നടന്‍ പറയുന്നു. ഇന്നസെന്റിനെ മനസില്‍ കണ്ടാണ് മത്തായിയുടെ സംഭാഷണങ്ങള്‍ തയ്യാറാക്കിയിരുന്നതെന്നും എന്നാല്‍ അതേസമയത്ത് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അദ്ദേഹം ചെന്നൈയിലായിരുന്നുവെന്നും മുകേഷ് പറഞ്ഞു.

‘ഡേറ്റ് ക്ലാഷ് ഒരു പ്രശ്‌നമായതിനാല്‍ ഒടുവില്‍ മറ്റൊരു നടനെ ആ കഥാപാത്രമായി കാസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചു. ചെന്നൈയിലെത്തിയ ഞാന്‍ അദ്ദേഹത്തെ കണ്ട് സിനിമയെക്കുറിച്ച് സംസാരിച്ചു. ഉഗ്രന്‍ കഥയാണെന്നും മൂന്ന് കഥാപാത്രങ്ങള്‍ക്കും തുല്യപ്രാധാന്യമുള്ള ചിത്രമാണെന്നും ചേട്ടന്റെ തലവരമാറ്റുന്ന കഥാപാത്രമാണെന്നും പറഞ്ഞ് ബോധിപ്പിച്ചു.

കഥ കേട്ടതോടെ ഇന്നസെന്റേട്ടന്‍ ആശയക്കുഴപ്പത്തിലായി. സംവിധായകന്‍ ജോഷിയുടെ ചിത്രത്തില്‍ അഭിനയിക്കാന്‍ അഡ്വാന്‍സ് വാങ്ങിയത് കൊണ്ട് ആദ്യം മടിച്ചു. എന്നാല്‍ ജോഷിക്ക് എതിര്‍പ്പുണ്ടായില്ല. അപ്പോഴും പൂര്‍ണസമ്മതമായിരുന്നില്ല,’ മുകേഷ് പറയുന്നു.

നാട്ടിലെത്തിയിട്ട് സംവിധായകന്‍ ഫാസിലിനെ വിളിക്കാമെന്നും പറഞ്ഞ് താന്‍ ഇന്നസെന്റിനെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നുവെന്നും നടന്‍ പറഞ്ഞു. സിദ്ദിഖ് – ലാലിന്റെ ചിത്രത്തില്‍ ഇന്നസെന്റ് അഭിനയിക്കണമെന്ന് ഫാസിലിനും വലിയ ആഗ്രഹമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘നാട്ടിലെത്തി ഫാസിലിനെ ഫോണില്‍ വിളിച്ച് കൊച്ചുവര്‍ത്തമാനം പറയുന്നതിനിടയില്‍ ഞാന്‍ ഇന്നസെന്റേട്ടന്റെ കൈയില്‍ ഫോണ്‍ കൊടുത്തു. അത് മലയാളസിനിമയില്‍ ഒരു പുതിയ വഴിത്തിരിവായി.

ഓണക്കാലത്തിന് തൊട്ടുമുമ്പ് വന്ന പരീക്ഷണ സിനിമയായിരുന്നു റാംജിറാവ് സ്പീക്കിങ്. എന്നാല്‍ ഓണക്കാലത്തെ വമ്പന്‍ ചിത്രങ്ങളേക്കാള്‍ ഏറെ പ്രേക്ഷകപ്രീതി നേടുകയും ചെയ്തു,’ മുകേഷ് പറയുന്നു.

Content Highlight: Mukesh Talks About Innocent’s Character In Ramjirao Speaking Movie

We use cookies to give you the best possible experience. Learn more