മലയാളികള്‍ക്ക് മികച്ച സിനിമകളും കഥാപാത്രങ്ങളും നല്‍കിയിട്ടുള്ള നടനാണ് മുകേഷ്. സിനിമക്ക് പുറമെ രാഷ്ട്രീയത്തിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്ന ഇന്നസെന്റിനെ കുറിച്ച് പറയുകയാണ് മുകേഷ്.
ഒരേ രാഷ്ട്രീയ വഴിയിലെ സഹയാത്രികരായിരുന്നിട്ടും ഒരിക്കല്‍ പോലും കൂടെവന്ന് പ്രവര്‍ത്തിക്കാന്‍ ഇന്നസെന്റ് തന്നോട് ആവശ്യപ്പെട്ടിരുന്നില്ലെന്നാണ് മുകേഷ് പറയുന്നത്. പക്ഷേ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ താന്‍ പങ്കെടുത്തിരുന്നുവെന്നും മുകേഷ് പറഞ്ഞു.
‘അവിചാരിതമായി ഞാന്‍ കൊല്ലത്ത് സ്ഥാനാര്‍ഥിയായ സമയത്ത് അദ്ദേഹം എന്നെ വിളിച്ചു. ‘നീ എനിക്ക് വേണ്ടി വന്ന് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. സുഖമില്ലാതിരിക്കുകയാണെങ്കിലും നിനക്ക് വേണ്ടി ഞാന്‍ വരും’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്,’ മുകേഷ് പറയുന്നു.
സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍. അന്ന് താന്‍ ഇന്നസെന്റിനോട് ‘ഈ ആവേശമെല്ലാം വോട്ടായി മാറുമോ’യെന്ന് ചോദിച്ചുവെന്നും അദ്ദേഹം നല്‍കിയ മറുപടി അദ്ഭുതപെടുത്തിയെന്നും മുകേഷ് പറഞ്ഞു.
‘നമ്മളെ കാണുമ്പോള്‍ ഒരുപാട് തവണ കൈവീശി കാണിക്കുന്നവര്‍ക്ക് സിനിമാക്കാരനെ നേരിട്ട് കണ്ട ആവേശം മാത്രമേയുള്ളൂ. ഒറ്റത്തവണ കൈവീശി വോട്ട് ചെയ്യുമെന്ന് പറയുന്നവരുടെ വോട്ട് നിനക്ക് കിട്ടും. ഇതൊക്കെ തെരഞ്ഞെടുപ്പില്‍ ഞാന്‍ കണ്ടെത്തിയ പാഠങ്ങളാണ്, എന്റെ അനുഭവങ്ങളാണെന്ന് കൂട്ടിക്കോ’ എന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്,’ മുകേഷ് പറയുന്നു.
ഓരോ സിനിമ കഴിയുമ്പോഴും ഒരു ചെറിയ ഇടവേളയെടുത്ത് കുടുംബത്തോടൊപ്പം യാത്രപോകുന്ന ആളായിരുന്നു ഇന്നസെന്റെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നുണ്ട്. സിനിമയില്‍ നിന്ന് ഒരു ചെറിയ ഇടവേളയെടുത്താല്‍ അവസരം കുറയുമോയെന്ന് ആശങ്കപ്പെട്ടിരുന്നവരില്‍ നിന്ന് വ്യത്യസ്തനായിരുന്നു നടനെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.
Content Highlight: Mukesh Talks About Election Campaigns With Innocent