| Sunday, 19th April 2026, 12:55 pm

ഇക്കണക്കിന് മോഹന്‍ലാല്‍ വന്നിരുന്നെങ്കില്‍ എന്താകുമെന്ന് മമ്മൂക്കയോട് പറഞ്ഞു, അത് കേട്ടതും അദ്ദേഹം നടത്തം നിര്‍ത്തി: മുകേഷ്‌

അമര്‍നാഥ് എം.

തന്റെ അനുഭവകഥകള്‍ കൊണ്ട് പ്രേക്ഷകരെ ചിരിപ്പിക്കുന്നതില്‍ പ്രധാനിയാണ് മുകേഷ്. ആദ്യമായി കേള്‍ക്കുന്ന ഏതൊരാള്‍ക്കും ഇതെല്ലാം സത്യമാണോ എന്ന് തോന്നുന്ന തരത്തില്‍ പല കഥകളും പറയുന്നതില്‍ മുകേഷ് മിടുക്കനാണ്. സരസമായ ശൈലിയും ആരെയും വിശ്വസിപ്പിക്കുന്ന അവതരണവുമാണ് മുകേഷ് കഥകളുടെ പ്രധാന ആകര്‍ഷണം.

സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കുറിച്ച് മുകേഷ് പറയുന്ന കഥകള്‍ക്ക് പ്രത്യേക ഫാന്‍ബേസുമുണ്ട്. അത്തരത്തില്‍ മമ്മൂട്ടിയെക്കുറിച്ച് മുകേഷ് അടുത്തിടെ പറഞ്ഞ ഒരു കഥയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പഴയകാല നടി മേനകയുടെ വിവാഹത്തിന് മുകേഷും മമ്മൂട്ടിയും പങ്കെടുത്ത കഥയാണ് പറഞ്ഞത്. ഫ്‌ളവേഴ്‌സ് സംഘടിപ്പിച്ച മ്യൂസിക്കല്‍ വൈഫ് എന്ന റിയാലിറ്റി ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘തിരുവനന്തപുരത്ത് വെച്ചായിരുന്നു കല്യാണം. പ്രണയവിവാഹമായിരുന്നു അവരുടേത്. ഞാനും മമ്മൂക്കയും കൂടി കല്യാണത്തിന് പോയി. പുള്ളി നടന്നുവരുന്നത് കണ്ട് എല്ലാവരും കൈയടിച്ചു. കാരണം, വരുന്നത് മമ്മൂക്കയാണ്. ആളുകള്‍ ആവേശത്തിലായി. ഇത് കണ്ടിട്ട് മമ്മൂക്ക ‘തിരുവനന്തപുരത്ത് നമ്മക്ക് ആളുകള്‍ കുറവാണെന്നല്ലേ പറയാറ്, ഇപ്പോ എങ്ങനെയുണ്ട്’ എന്ന് പുള്ളി പറഞ്ഞു.

ഞാന്‍ പുള്ളിയുടെ ചെവിയില്‍ ഒരു കാര്യം പറഞ്ഞു. പെട്ടെന്ന് മമ്മൂക്ക നടത്തം നിര്‍ത്തി. എന്നിട്ട് എന്നെ ഇടിക്കുന്നതുപോലെ ആക്ഷന്‍ കാണിച്ചു. ഞാന്‍ കൈ കൊണ്ട് തടയുന്നതും കാണിച്ചു.എല്ലാവരും ഞങ്ങളെ തന്നെയാണ് നോക്കിയത്. എന്താണ് ഞാന്‍ മമ്മൂക്കയുടെ ചെവിയില്‍ പറഞ്ഞത് എന്നറിയാന്‍ ആള്‍ക്കാര്‍ക്ക് ആകാംക്ഷയായി.

‘എന്തായാലും നീ പറയും, അത് ഇപ്പോ തന്നെ പറഞ്ഞേക്ക്’ എന്ന് മമ്മൂക്ക പറഞ്ഞു. ‘എനിക്ക് കൈയടിക്കാനും തിരുവനന്തപുരത്ത് ആള്‍ക്കാരുണ്ട്’ എന്ന് മമ്മൂക്ക പറഞ്ഞപ്പോള്‍ ‘അതേ മമ്മൂക്ക, ശരിയാണ്. എങ്ങാനും മോഹന്‍ലാല്‍ വന്നിരുന്നെങ്കില്‍ എന്താകും അവസ്ഥ എന്നാണ് പറഞ്ഞത്. അതുകൊണ്ടാണ് മമ്മൂക്ക ഇടിക്കാന്‍ വന്നത്,’ മുകേഷ് പറയുന്നു.

വീഡിയോക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. മമ്മൂട്ടിയുമായും മോഹന്‍ലാലുമായും മുകേഷ് കാത്തുസൂക്ഷിക്കുന്ന വൈബിനെക്കുറിച്ച് പലരും അഭിപ്രായപ്പെടുന്നുണ്ട്. ആരാധകര്‍ തമ്മിലുള്ള ഫാന്‍ ഫൈറ്റിനിടയില്‍ ഇത്തരം കഥകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. ആ ലിസ്റ്റിലെ അവസാന എന്‍ട്രിയാണ് മുകേഷ് പറഞ്ഞ ഈ പുതിയ കഥ.

Content Highlight: Mukesh shares an Old story with Mammootty viral now

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more