1982ൽ പുറത്തിറങ്ങിയ ബലൂൺ എന്ന ചിത്രത്തിലൂടെയാണ് നടൻ മുകേഷ് വെള്ളിത്തിരയിലേക്കെത്തുന്നത്. നാല് പതിറ്റാണ്ടായിട്ടുള്ള സിനിമാ കരിയറിൽ ഇതിനോടകം ഇരുന്നൂറ്റമ്പതിൽ പരം സിനിമകളിൽ നടൻ അഭിനയിച്ചിട്ടുണ്ട്. റാംജിറാവ് സ്പീക്കിങ്, ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ, മാന്നാർ മത്തായി സ്പീക്കിങ്, നേരറിയാൻ സി. ബി .ഐ, കാക്കകുയിൽ, ക്രോണിക് ബാച്ച്ലർ തുടങ്ങിയവയാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ള സിനിമകൾ. കോസ്മിക് സാംസൺ ആണ് നടന്റെ ഏറ്റവും പുതിയ ചിത്രം.
അദ്ദേഹത്തിന്റെ തുടക്കകാലത്ത് നടന്മാരായ മമ്മൂട്ടിയും മോഹൻലാലുമായിരുന്നു മലയാള സിനിമാ മേഖലയിലെ പ്രമുഖ താരങ്ങളെന്നും അതുകൊണ്ട് തന്നെ താൻ അഭിനയിച്ചിട്ടുള്ള കഥാപാത്രങ്ങളധികവും അവരുടെ സുഹൃത്തായിട്ടോ സഹോദരനായിട്ടോ തുടങ്ങിയവ പോലെയായിരുന്നുവെന്നാണ് മുകേഷ് പറയുന്നത്. റാംജി റാവു സ്പീക്കിങ് എന്ന ചിത്രത്തിലൂടെയാണ് ആ ഒരു രീതി മാറി തുടങ്ങിയതെന്നും നടൻ പറഞ്ഞു. റേഡിയോ മംഗോയോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കു വെച്ചത്.
‘1983 തൊട്ട് ഏകദേശം ഒരു 88 വരെ ഞാനൊക്കെ ഇവരുടെ രണ്ടുപേരുടെയും ഫ്രണ്ടായിരുന്നു. ഒരു പടത്തിൽ മോഹൻലാലിന്റെ ഫ്രണ്ടാണെങ്കിൽ വേറെ പടത്തിൽ മമ്മൂട്ടിയുടെ ഫ്രണ്ട്. ഇങ്ങനെ ഇവരുടെ ഫ്രണ്ടോ ബ്രദറോ അയൽക്കാരനോ ഒക്കെയായിട്ട് ചെറിയ വേഷങ്ങൾ ചെയ്ത് ജീവിതം തീരുമെന്ന് വിചാരിച്ചിരുന്നു. ഞാൻ മാത്രമല്ല എന്നെപ്പോലെ കുറെ ഗ്യാങ് അന്ന് അങ്ങനെയുണ്ടായിരുന്നു. ഇവർ രണ്ടുപേരെയും കോൺസൻട്രേറ്റ് ചെയ്തിട്ടാണ് അന്ന് ഇൻഡസ്ട്രി നിന്നിരുന്നത്.
മോഹൻലാൽ.മുകേഷ്.മമ്മൂട്ടി.Photo.Screen Grab/Facebook.com
89ൽ റാംജിറാവ് സ്പീക്കിങ് വന്നതിലാണ് എല്ലാം തകിടം മറഞ്ഞത്. കഥക്കും സംവിധാനത്തിനും കഥാമുഹൂർത്തങ്ങൾക്കുമാണ് പ്രാധാന്യം എന്ന രീതി വന്നു. അത് സക്സസ്ഫുള്ളായിട്ട് ചെയ്യാനുള്ള ആക്ടേഴ്സ് ഉണ്ടെങ്കിൽ അവരെ വെച്ച് പടമെടുക്കാം എന്നുള്ളൊരു ഭയങ്കരമായ ചേഞ്ച് വന്നത് 1989ലൊക്കെയാണ്. നമ്മളെ സംബന്ധിച്ചിടത്തോളം അതൊന്നും മറക്കാൻ പറ്റത്തില്ല,’ നടൻ പറഞ്ഞു.
സിദിഖ്- ലാൽ കൂട്ടുകെട്ടിൽ പിറന്ന ആദ്യത്തെ സിനിമയായിരുന്നു റാംജിറാവ് സ്പീക്കിങ്. നടൻ സായി കുമാറിന്റെയും അരങ്ങേറ്റ ചിത്രമായിരുന്നു. സായി കുമാറിനെ കൂടാതെ ഇന്നസെന്റ്, മുകേഷ്, വിജയരാഘവൻ, രേഖ, മാമുക്കോയ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. മലയാളത്തിലെ എക്കാലത്തെയും കോമഡി- ത്രില്ലർ സിനിമ കൂടിയാണിത്. അന്ന് ബോക്സ് ഓഫീസിൽ വൻ വിജയം നേടാൻ സിനിമക്ക് കഴിഞ്ഞിരുന്നു.
Content Highlight: Mukesh says that once upon a time, the Malayalam film industry focused solely on Mammootty and Mohanlal.