മലയാളികള്‍ക്ക് നിരവധി മികച്ച സിനിമകള്‍ നല്‍കിയിട്ടുള്ള നടനാണ് മുകേഷ്. നാല് പതിറ്റാണ്ട് നീണ്ടുനിന്ന സിനിമാ ജീവിതത്തില്‍ 275ല്‍ അധികം ചിത്രങ്ങളില്‍ അഭിനയിക്കാന്‍ സാധിച്ച നടന്‍ കൂടിയാണ് അദ്ദേഹം.
സിനിമാ മേഖലയില്‍ മികച്ച സൗഹൃദങ്ങള്‍ സൂക്ഷിക്കുന്ന വ്യക്തിയാണ് മുകേഷ്. ഇപ്പോള്‍ ഇന്നസെന്റിനെ കുറിച്ച് പറയുകയാണ് അദ്ദേഹം. ഓരോ സിനിമ കഴിയുമ്പോഴും ഒരു ചെറിയ ഇടവേളയെടുത്ത് കുടുംബത്തോടൊപ്പം യാത്രപോകുന്ന ആളായിരുന്നു ഇന്നസെന്റ് എന്നാണ് മുകേഷ് പറയുന്നത്.
സിനിമയില്‍ നിന്ന് ഒരു ചെറിയ ഇടവേളയെടുത്താല്‍ അവസരം കുറയുമോയെന്ന് ആശങ്കപ്പെട്ടിരുന്നവരില്‍ നിന്ന് വ്യത്യസ്തനായിരുന്നു അദ്ദേഹമെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
‘മറ്റുള്ളവര്‍ ലൊക്കേഷനുകളില്‍ നിന്ന് ലൊക്കേഷനുകളിലേക്ക് പറന്നു നടക്കുമ്പോഴും സിനിമ കുറയുമെന്ന ഒരു ടെന്‍ഷനും അദ്ദേഹത്തെ അലട്ടിയിരുന്നില്ല. കാരണം ഇന്നസെന്റിന് വേണ്ടി എത്ര കാത്തിരിക്കാനും സംവിധായകര്‍ക്ക് ഇഷ്ടമായിരുന്നു,’ മുകേഷ് പറഞ്ഞു.
സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍. ഒരായുഷ്‌കാലം മുഴുവന്‍ ഓര്‍ത്തിരിക്കാന്‍ ഓര്‍മകളുടെ ഒരു ചിരിക്കാലം സമ്മാനിച്ചാണ് ഇന്നസെന്റ് കടന്നുപോയതെന്നും മുകേഷ് പറഞ്ഞു.
ഒരുപക്ഷേ ഒരേ വഴിയിലൂടെ സഞ്ചരിച്ച സഹയാത്രികരായിരുന്നു തങ്ങളെന്നും 40 വര്‍ഷത്തോളം പഴക്കമുള്ള ആത്മബന്ധമായിരുന്നുവെന്നും നടന്‍ ഓര്‍ക്കുന്നു. ഒരിക്കലും നിറം മങ്ങാത്ത ഇന്നസെന്റ് കഥകളിലെ സ്ഥിരം കഥാപാത്രങ്ങളില്‍ ഒരാളായിരുന്നു താനെന്നും അദ്ദേഹവുമായി ഏറ്റവും കൂടുതല്‍ സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചത് ഒരുപക്ഷേ താനാകാമെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.
Content Highlight: Mukesh says Innocent is an actor who takes a break after every film and he has no tension about losing his chances