ഓണം റിലീസായി തിയേറ്ററുകളിലെത്തി ഇപ്പോഴും മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുകയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോള്‍ മോളിവുഡിലെ പല കളക്ഷന്‍ റെക്കോഡുകളും പഴങ്കഥയാക്കാന്‍ ചിത്രത്തിന് സാധിച്ചു. ആരാധകര്‍ പോലും വിചാരിക്കാത്ത രീതിയിലുള്ള കളക്ഷനാണ് ബെത്‌ലഹേം സ്വന്തമാക്കിയത്.
300 കോടി ക്ലബ്ബില്‍ ഇടംപിടിച്ച രണ്ടാമത്തെ ചിത്രമായി ബെത്‌ലഹേം മാറി. ഇതിന് പുറമെ കേരളത്തില്‍ നിന്ന് മാത്രം 150 കോടി നേടിയ ആദ്യചിത്രം കൂടിയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. മോളിവുഡിലെ സകല റെക്കോഡുകളും സ്വന്തമാക്കിയ ബെത്‌ലഹേമിന്റെ കളക്ഷന്‍ റെക്കോഡുകള്‍ ഏത് സിനിമയാകും മറികടക്കുക എന്നാണ് പലരും ഉറ്റുനോക്കുന്നത്.
ബിഗ് ബജറ്റ് ആക്ഷന്‍ സിനിമകളെക്കാള്‍ ബെത്‌ലഹേം കുടുംബ യൂണിറ്റ് പോലെയുള്ള ചെറിയ ഫീല്‍ ഗുഡ് സിനിമകള്‍ക്ക് മാത്രമേ ഈ കളക്ഷന്‍ മറികടക്കാനാകുള്ളൂ എന്നാണ് സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നത്. ഈ റെക്കോഡ് മോഹന്‍ലാല്‍ മറികടക്കുമെന്ന സൂചനയാണ് ഇപ്പോള്‍ സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച.
മുകേഷ് തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച പോസ്റ്റിന് പിന്നാലെയാണ് ചര്‍ച്ചക്ക് തുടക്കമായത്. താനും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു എന്ന് അറിയിച്ചുകൊണ്ടുള്ള പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തു. ഇരുവരും ഒന്നിച്ച എവര്‍ഗ്രീന്‍ ഹിറ്റായ കാക്കക്കുയിലിന്റെ വീഡിയോയാണ് പോസ്റ്റിലുള്ളത്. വരാന്‍ പോകുന്നത് ഇത്തരത്തിലുള്ള ഒരു കോമഡി ചിത്രമാകുമെന്ന് ആരാധകര്‍ പ്രവചിക്കുന്നു.
അനൂപ് സത്യനാണ് ഈ പ്രൊജക്ട് അണിയിച്ചൊരുക്കിയത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന് ശേഷം അനൂപ് സത്യന്‍ അണിയിച്ചൊരുക്കുന്ന ചിത്രം അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് വര്‍ഷം മുമ്പ് ഉയര്‍ന്നുകേട്ട റൂമറായിരുന്നു മോഹന്‍ലാലും അനൂപ് സത്യനും ഒന്നിക്കുന്ന പ്രൊജക്ട്.
മോഹന്‍ലാലിന്റെ നായികയായി ശോഭനയും പ്രധാനവേഷത്തില്‍ നസറുദ്ദീന്‍ ഷായും എത്തുമെന്നും അന്നത്തെ റിപ്പോര്‍ട്ടില്‍. റോഡ് മൂവിയായിട്ടാണ് ഈ പ്രൊജക്ട് ഒരുങ്ങുകയെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. അതേ പ്രൊജക്ടിന് വേണ്ടിയാണോ ഇരുവരും കൈകോര്‍ക്കുന്നതെന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.
കോമഡിക്ക് പ്രാധാന്യമുള്ള സബ്ജക്ടാണെങ്കില്‍ മോഹന്‍ലാലിനെ സൈഡാക്കി മുകേഷ് അഴിഞ്ഞാടുമെന്നും പലരും പ്രവചിക്കുന്നു. പോസിറ്റീവ് റിവ്യൂ ലഭിച്ചാല്‍ ബെത്‌ലഹേമിനെ തകര്‍ത്ത് അടുത്ത ഇന്‍ഡസ്ട്രി ഹിറ്റായി മോഹന്‍ലാല്‍- അനൂപ് സത്യന്‍ പ്രൊജക്ട് മാറുമെന്നാണ് ആരാധകരുടെ വാദം. നിലവില്‍ ചിത്രീകരണം പുരോഗമിക്കുന്ന ഓപ്പറേഷന്‍ ഗംഗയ്ക്ക് ശേഷമാകും അനൂപ് സത്യനുമൊത്തുള്ള പ്രൊജക്ട് ആരംഭിക്കുക.
Content Highlight: Mukesh’s post about Mohanlal- Anoop Sathyan project discussing in social media