ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ചിത്രമാണെന്ന വാദവുമായി എത്തുന്ന സിനിമയാണ് രാമായണ. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ രണ്‍ബീര്‍ കപൂറാണ് രാമനായി അഭിനയിക്കുന്നത്.
കഴിഞ്ഞ മാസമായിരുന്നു രാമായണയുടെ ആദ്യ ഗ്ലിംപ്‌സ് പുറത്തിറങ്ങിയത്. ഇപ്പോള്‍ നടന്‍ മുകേഷ് ഖന്ന രാമായണ സിനിമയെ കുറിച്ചും രണ്‍ബീര്‍ കപൂറിനെ കുറിച്ചും പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്.
‘ശ്രീരാമന്റെ മര്യാദ പുരുഷോത്തമന്റെ ഇമേജ് അവതരിപ്പിക്കാന്‍ രണ്‍ബീറിന് കഴിയുമോയെന്ന് ഉറപ്പില്ല’ എന്നാണ് മുകേഷ് ഖന്ന പറഞ്ഞത്. ഗലാട്ട ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
രണ്‍ബീറിന്റെ അഭിനയശേഷിയില്‍ തനിക്ക് സംശയമില്ലെന്ന് പറഞ്ഞ നടന്‍ രണ്‍ബീറിന് ഇപ്പോള്‍ അയാളെ പിന്തുടരുന്ന മറ്റൊരു ഇമേജുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. അനിമല്‍ എന്ന സിനിമയെയാണ് മുകേഷ് ഖന്ന ഉദ്ദേശിച്ചത്.
ഒപ്പം ശ്രീരാമനെ സമാധാനപരമായ മനുഷ്യനേക്കാള്‍ യോദ്ധാവായി ചിത്രീകരിക്കുന്നതിനെ കുറിച്ചും നടന്‍ ആശങ്ക പ്രകടിപ്പിച്ചു. രാമനെ ഒരു യോദ്ധാവായി ചിത്രീകരിച്ചാല്‍ ആളുകള്‍ അംഗീകരിക്കില്ലെന്നും അത് പ്രശ്‌നം സൃഷ്ടിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഗ്ലിംപ്‌സ് വീഡിയോയില്‍ രാമന്‍ മരത്തില്‍ കയറുന്നതും അമ്പെയ്യുന്നതും അവര്‍ കാണിച്ചു. കൃഷ്ണനോ അര്‍ജുനനോ അത് ചെയ്യാന്‍ സാധിക്കും. എന്നാല്‍ രാമന്‍ അത് ചെയ്യില്ല. കാരണം രാമന്‍ സ്വയം ഒരു യോദ്ധാവായി പ്രഖ്യാപിച്ചിരുന്നെങ്കില്‍ അദ്ദേഹം വാനരന്മാരോട് സഹായം ചോദിക്കില്ലായിരുന്നു,’ മുകേഷ് ഖന്ന പറഞ്ഞു.
ഇതിനിടയില്‍ ബീഫ് കഴിക്കുന്നതായി സ്വയം സമ്മതിച്ച രണ്‍ബീറിനെ രാമനാക്കുന്നതിനെ കുറിച്ച് അഭിപ്രായം പറയാന്‍ തന്നോട് ചിലര്‍ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ അഭിപ്രായം പറയാന്‍ താന്‍ തയ്യാറായില്ലെന്ന് പറയുന്ന നടന്‍ രണ്‍ബീര്‍ ഇപ്പോള്‍ ബീഫ് കഴിക്കുന്നത് നിര്‍ത്തിയിരിക്കാമെന്നും കൂട്ടിച്ചേര്‍ത്തു.
അതേസമയം രാമനായി രണ്‍ബീര്‍ കപൂര്‍ എത്തുന്നതിന് നിരവധി എതിര്‍പ്പുകള്‍ തുടക്കം മുതല്‍ക്കേ ഉയര്‍ന്നിരുന്നു. മുമ്പ് ഒരു അഭിമുഖത്തില്‍ താന്‍ ബീഫ് കഴിക്കുമെന്ന് രണ്‍ബീര്‍ പറഞ്ഞതായിരുന്നു ഈ എതിര്‍പ്പിന് കാരണം.
Content Highlight: Mukesh Khanna Talks About Ranbir Kapoor And Ramayana Movie