കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ സൂംബ നൃത്തം കൊണ്ടു വന്ന സര്‍ക്കാര്‍ നടപടി ഏറെ വിവാദമാകുകയും ആ നടപടിയെ വിമര്‍ശിച്ച, ഒരു മത സംഘടന നേതാവായ അധ്യാപകന്‍ സസ്പന്‍ഡ് ചെയ്യപ്പെടുകയും ചെയ്തിരിക്കുന്നു. ഈ വിവാദം സമൂഹത്തില്‍ ഉളവാക്കിയ പ്രതികരണങ്ങളും അതിന്റെ പ്രതിഫലനങ്ങളും സൂക്ഷ്മമായി വിശകലനം ചെയ്താല്‍ നമ്മുടെ സംസ്ഥാനം ഇപ്പോള്‍ സഞ്ചരിച്ച് കൊണ്ടിരിക്കുന്നത് കടുത്ത ഇരുട്ടിലേക്കാണെന്ന് ബോധ്യമാകും.
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി
കേരളത്തില്‍ ഒരു സാമൂഹിക പരിഷ്‌കരണവും സാധ്യമാകാത്ത വിധം അങ്ങേയറ്റം പ്രതിലോമകരമായിത്തീര്‍ന്നിരിക്കുന്നു നമ്മുടെ സാമൂഹ്യ പരിസരം എന്ന ദൗര്‍ഭാഗ്യകരമായ വസ്തുത ഓരോ വിവാദങ്ങള്‍ക്കൊടുവിലും നാം തിരിച്ചറിയാതെ പോകുന്നു.
ജനാധിപത്യ വിരുദ്ധവും മനുഷ്യത്വ രഹിതവുമായ ആചാരങ്ങളെ ചോദ്യം ചെയ്തുകൊണ്ടാണ് കേരളം ഇന്നത്തെ അവസ്ഥയില്‍ എത്തിയത്. കണ്ണാടി പ്രതിഷ്ഠ, ക്ഷേത്ര പ്രവേശന വിളംബരം, പന്തി ഭോജനം, വില്ല് സമരം, മുസ്‌ലിം സ്ത്രീകളുടെ വിദ്യാഭ്യാസത്തിന്ന് വേണ്ടിയുള്ള പോരാട്ടം തുടങ്ങി ഒട്ടേറെ കനല്‍ പാതകള്‍ പിന്നിട്ടാണ് നവോത്ഥാന കേരളം വളര്‍ന്നു വന്നത്.
എന്നാല്‍ കഴിഞ്ഞ ഒന്നു രണ്ട് പതിറ്റാണ്ടുകളായി, കേരളത്തില്‍ ശക്തിപ്പെട്ടു വന്നിട്ടുള്ള പുനരുദ്ധാന വാദം മലയാളികള്‍ ആര്‍ജ്ജിച്ച എല്ലാ പ്രബുദ്ധതകളെയും കെടുത്തി കളയുകയാണ്.
സ്‌കൂളിലെ സൂംബ നൃത്തം അല്‍പവസ്ത്രം ധരിച്ചുള്ള തുള്ളലാണെന്ന് പറഞ്ഞതിന്റെ പേരില്‍ സസ്‌പെന്‍ഷന്‍ നേരിട്ട വിസ്ഡം മുജാഹിദ് നേതാവും അധ്യാപകനുമായ ടി.കെ. അഷ്‌റഫ്
മത പുനരുദ്ധാന വാദികളാണ് കേരളീയ നവോത്ഥാനത്തിന്ന് വന്‍ഭീഷണിയായി മാറിയിരിക്കുന്നത്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വളര്‍ച്ചയുടെ മറവില്‍ ജാത്യധിഷ്ഠിതവും സ്ത്രീ വിരുദ്ധവുമായ ഹിന്ദു പുനരുദ്ധാനം ഒരു വശത്ത് കരുത്ത് നേടിയിരിക്കുന്നു.
ശബരിമല സ്ത്രീ പ്രവേശന വിവാദം, കപട സദാചാര നിഷ്ഠമായ കുലസ്ത്രീ ബഹളങ്ങള്‍, ജാത്യഭിമാനം പുറത്ത് കാണിക്കുന്ന നാമകരണങ്ങള്‍ തുടങ്ങിയവയെല്ലാം വേരെടുക്കുന്നത് ഹിന്ദു പുനരുദ്ധാന വാദത്തില്‍ നിന്നാണ്. ലവ് ജിഹാദ് പോലെ ഏറെ കോളിളക്കം സൃഷ്ടിച്ച വ്യാജാരോപണങ്ങള്‍ക്ക് പിന്നില്‍ പോലും ജാതി മഹിമയുടെയും ‘ശുദ്ധി’ സങ്കല്‍പ്പത്തിന്റെയും അടരുകള്‍ കാണാന്‍ കഴിയും.
തീവ്ര ഹിന്ദുത്വയുടെ പാര്‍ശ്വ ഫലമായി ഹിന്ദു പുനരുദ്ധാന വാദം പിടി മുറുക്കുമ്പോള്‍ മറുവശത്ത് അതിലേറെ മാരകമായി മുസ്‌ലിം പുനരുദ്ധാനവും രംഗം കീഴടക്കുകയാണ്. ഹിന്ദുത്വ രാഷ്ട്രീയം മത ന്യൂനപക്ഷങ്ങള്‍ക്കെതിരെ, വിശിഷ്യ മുസ്‌ലിങ്ങള്‍ക്കെതിരെ ഫണമുയര്‍ത്തുന്ന ഒരു സാഹചര്യത്തില്‍, മതേതര സമൂഹം, മുസ്‌ലിങ്ങളുടെ കൂടെ നില്‍ക്കേണ്ടത് ഒരു രാഷ്ട്രീയ നീതിയായി കരുതുക സ്വാഭാവികം.
ഭൂരിപക്ഷ വര്‍ഗീയത ആപല്‍ക്കരമായി വളരുന്ന ഒരു സന്നിഗ്ധഘട്ടത്തില്‍ മുസ്‌ലിങ്ങളുടെ സ്വത്വപരവും വിശ്വാസപരവും സാംസ്‌കാരികവുമായ അവകാശങ്ങള്‍ക്ക് വേണ്ടി നില കൊള്ളാന്‍ മതേതര, ജനാധിപത്യ സമൂഹം മുന്നോട്ട് വന്ന നിരവധി സന്ദര്‍ഭങ്ങള്‍ സമീപകാലത്തുണ്ടായി.
ഹിന്ദുത്വ രാഷ്ട്രിയത്തിന്റെ തേരോട്ടത്തോടെ മാറിയ ഇന്ത്യനവസ്ഥയില്‍ മത സംഘടനകളിലും വലിയ തോതിലുള്ള മാറ്റമുണ്ടായി
അപ്പോള്‍, മുസ്‌ലിം സമൂഹത്തിനകത്തെ ആഭ്യന്തര വൈരുധ്യങ്ങളില്‍ ഇടപെടാതിരിക്കാനും മുസ്‌ലിം സമുദായത്തിലെ പൗരോഹിത്യ ചൂഷണങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കാനും മതേതര സമൂഹം ശ്രദ്ധിക്കുന്നത് സ്വാഭാവികം മാത്രമാണ്.
സ്ത്രീവിരുദ്ധവും യുക്തി ഹീനവുമായ പലതിനോടും രാജിയായിക്കൊണ്ടാണ് മതേതര ശക്തികള്‍ തങ്ങളുടെ രാഷ്ട്രീയ ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചത്. മുത്വലാഖ് നിയമം മുതല്‍ വഖഫ് നിയമം വരേയും വ്യക്തിനിയമ സംരക്ഷണ നിലപാട് വരെയും അതിന്റെ ഭാഗമായി കാണാം.
എന്നാല്‍ മത പുനരുദ്ധാന ശക്തികള്‍ ഇതൊരു അവസരമായി ഉപയോഗിക്കുകയാണ് ചെയ്തത് എന്നതാണ് അനുഭവം. ഭൂരിപക്ഷ തീവ്രവാദത്തിനെതിരെയുള്ള പ്രതിരോധത്തിന്റെ കവചം ഉപയോഗിച്ച് മതാന്ധതയെയും പൗരോഹിത്യത്തെയും അരക്കിട്ടുറപ്പിക്കുക ആയിരുന്നു അവര്‍.
മുസ്‌ലിങ്ങളിലെ യാഥാസ്ഥിതിക, മത പുനരുദ്ധാന ചേരി തങ്ങളെ വിമര്‍ശിക്കുന്നവരെ മുഴുവന്‍ മുസ്‌ലിം വിരുദ്ധരും ഇസ്‌ലാമോഫോബിക്കും ആക്കി ചിത്രീകരിക്കുകയാണ് ചെയ്തത്. കേരള ഇസ്‌ലാമിനകത്ത് എല്ലാ പരിഷ്‌കരണ പരിപാടികളും അടഞ്ഞ് ഇല്ലാതാകുന്ന അനുഭവങ്ങളാണ് കഴിഞ്ഞ പതിറ്റാണ്ടില്‍ നാം കാണുന്നത്.
ബാബരി മസ്ജിദ്
തൊണ്ണൂറുകളുടെ ആദ്യത്തില്‍ ബാബരി മസ്ജിദ് ഹിന്ദുത്വ തീവ്രവാദികള്‍ തകര്‍ക്കുകയും അതിനെ തുടര്‍ന്ന് രാജ്യത്തുടനീളം ഹിന്ദുത്വ രാഷ്ട്രീയം പടരുകയും ചെയ്തപ്പോള്‍, രാജ്യത്തെ മുസ്‌ലിങ്ങളില്‍ കടുത്ത അരക്ഷിത ബോധവും ഭീതിയും തലപൊക്കി. ഉന്മൂലന ഭീഷണിയേക്കാള്‍ തങ്ങളുടെ വിശ്വാസപരവും സാംസ്‌കാരികവുമായ സ്വത്വവും വ്യതിരിക്തതയും ഇല്ലാതാകുമെന്ന ഭയം അവരില്‍ പിടി മുറുക്കി.
രാജ്യത്തെ മുസ്‌ലിങ്ങള്‍ കൂടുതലായി മത ചിഹ്നങ്ങളിലേക്കും ആചാരപരതയിലേക്കും തിരിയാന്‍ ഇത് കാരണമായിട്ടുണ്ട്. സാമൂഹിക പ്രതിരോധം മുന്‍നിര്‍ത്തി രാഷ്ട്രീയവും സാമുദായികവുമായ ഏകോപന നീക്കങ്ങളും പലിയിടങ്ങളിലുമുണ്ടായി.
മത പുനരുദ്ധാന വാദികളാണ് കേരളീയ നവോത്ഥാനത്തിന്ന് വന്‍ഭീഷണിയായി മാറിയിരിക്കുന്നത്.
സാമൂഹിക പ്രബുദ്ധതയിലും വിദ്യാഭ്യാസ പുരോഗതിയിലും ഇതര സംസ്ഥാനങ്ങളേക്കാള്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന കേരളത്തിലെ മുസ്‌ലിങ്ങളിലും വലിയ മാറ്റങ്ങള്‍ സംഭവിക്കാന്‍ തുടങ്ങി. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് രാഷ്ട്രീയവും സാമുദായികവുമായി സംഘടിതരായ കേരള മുസ്‌ലിങ്ങളില്‍ കടുത്ത അതിജീവന ഭീഷണി ഉയര്‍ന്നു.
നേരത്തെ തന്നെ കേരളത്തില്‍ മുസ്‌ലിം രാഷ്ട്രീയ പ്രസ്ഥാനമായ മുസ്‌ലിം ലീഗ്, മുസ്‌ലിങ്ങളുടെ സമുദായ രാഷ്ട്രീയ സംഘടന എന്ന നിലയില്‍ ശക്തമായി നില നില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ മതേതരവും സമവായത്തിലൂന്നിയതുമായ അതിന്റെ പ്രവര്‍ത്തന ശൈലിക്കെതിരെ വലിയ ചോദ്യങ്ങള്‍ ഉയര്‍ന്നു. അങ്ങനെയാണ് തീവ്ര സ്വഭാവം പുലര്‍ത്തുന്ന ചില മുസ്‌ലിം രാഷ്ട്രീയ സംഘടനകള്‍ ഈ ഘട്ടത്തില്‍ രൂപീകരിക്കപ്പെടുന്നത്.
ഐ.എസ്എ.സ്, എന്‍.ഡി.എഫ്, എസ്.ഡി.പി.ഐ, പി.ഡി.പി, പി.എഫ്.ഐ തുടങ്ങിയവയുടെ ഉല്‍പ്പത്തി അങ്ങനെയായിരുന്നു. അതും കഴിഞ്ഞ് ജമാഅത്തെ ഇസ്‌ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടി രൂപീകൃതമായി.
അബ്ദുന്നാസര്‍ മഅ്ദനി
ഈ സംഘടനകള്‍ പൊതുവില്‍ മുസ്‌ലിങ്ങളുടെ നിലനില്‍പ്പിന്ന് നേരെ ഉയരുന്ന അസ്തിത്വ ഭീഷണികളെയാണ് അഭിമുഖീകരിക്കാന്‍ ശ്രമിച്ചത്. അതോടൊപ്പം വിശ്വാസപരവും സാംസ്‌കാരികവുമായ അവരുടെ സ്വത്വത്തില്‍ ഊന്നുകയും ചെയ്തു. ഈ രാഷ്ട്രീയ സാഹചര്യം, മത സംഘടനകളെ കൂടുതല്‍ സങ്കുചിതമാക്കുകയാണ് ചെയ്തത്. മതത്തിനകത്ത് നടന്നു വരുന്ന പരിഷ്‌കരണ പ്രക്രിയയെ അത് നേര്‍പ്പിച്ച് ഇല്ലാതാക്കി.
പകരം യുക്തിഹീനവും യാഥാസ്ഥിതികവുമായ വിശ്വാസ, അനുഷ്ഠാനപരത ശക്തിപ്പെട്ടു. ഇതോടെ പാരമ്പര്യവാദികള്‍/ പുരോഗമന വാദികള്‍ എന്ന് പൊതുവെ തരം തിരിക്കപ്പെട്ടിരുന്ന മുസ്‌ലിം വിഭാഗങ്ങള്‍ പുനരുദ്ധാനവാദത്തില്‍ ഏകോപിക്കുന്ന രാഷ്ട്രീയ സാഹചര്യം രൂപപ്പെട്ടു.
മതത്തിന്റെ നൈതിക മുല്യങ്ങള്‍ക്ക് പകരം മത സംഘടനകളുടെ ഊന്നല്‍ കേവലമായ അനുഷ്ഠാനങ്ങളിലും അതുമായി ബന്ധപ്പെട്ട തൊലിപ്പുറം ചര്‍ച്ചകളിലും പരിമിതപ്പെട്ടു. എല്ലാ മത വേദികളിലും നിന്നും മത പ്രഭാഷണങ്ങളിലും ഒരേ നിലപാട് തന്നെ പുറത്തു വരാന്‍ തുടങ്ങി. അതിന്റെ പൊതുവായ ഉള്ളടക്കം പുരോഗമന വിരുദ്ധതയും പരാന്മുഖതയുമാണെന്ന് കാണാം.
കേരളത്തിലെ പാരമ്പര്യ മുസ്‌ലിങ്ങള്‍ രാജ്യാന്തര തലത്തിലോ ദേശീയ തലത്തിലോ മറ്റേതെങ്കിലും സംഘടനയുമായി ബന്ധപ്പെട്ടിരുന്നില്ല. തീര്‍ത്തും തദ്ദേശീയമായിരുന്നു അവരുടെ സംഘാടനവും നിലപാടുകളും.
‘പുരോഗമന’ വിഭാഗങ്ങള്‍ എന്ന് കരുതപ്പെട്ട മുജാഹിദ് സംഘടനക്ക് വഹാബി/ സലഫി ധാരകളുമായി ആശയപരമായ ബന്ധം ഉണ്ടായിരുന്നെങ്കിലും അവരുടെ നയ, പരിപാടികളും നിലപാടുകളും തദ്ദേശീയമായിരുന്നു. എന്നാല്‍ ജമാഅത്തെ ഇസ്‌ലാമി ദേശീയ തലത്തില്‍ ഏകോപനമുള്ള സംഘടനയാണ് നേരത്തെ തന്നെ. രാജ്യാന്തര തലത്തില്‍ ഇസ്‌ലാമിസ്റ്റ് സംഘടനകളുടെ ഭാഗമായി തന്നെ ആണത് പ്രവര്‍ത്തിച്ചിരുന്നത്.
കേരള നദ്‌വത്തുല്‍ മുജാഹീദീന്‍ ആദ്യ പ്രസിഡന്റ് കെ.എം. മൗലവിയും ജമാഅത്തെ ഇസ്‌ലാമിയുടെ കേരളത്തിലെ ആദ്യത്തെ അമീര്‍ വി.പി. മുഹമ്മദ് എന്ന ഹാജി സാഹിബും
ഹിന്ദുത്വ രാഷ്ട്രിയത്തിന്റെ തേരോട്ടത്തോടെ മാറിയ ഇന്ത്യനവസ്ഥയില്‍ മത സംഘടനകളിലും വലിയ തോതിലുള്ള മാറ്റമുണ്ടായി. മറ്റു സംസ്ഥാനങ്ങളില്‍ ദുരിതമനുഭവിക്കുന്ന, കലാപങ്ങള്‍ക്ക് ഇരകളാകുന്ന മുസ്‌ലിങ്ങളെ സഹായിക്കുവാനും അവരെ വിദ്യാഭ്യാസപരവും സാമൂഹ്യവുമായും രാഷ്ട്രീയമായും ശക്തിപ്പെടുത്താനും കേരളത്തിലെ മത സംഘടനകള്‍ ഇടപെടാന്‍ തുടങ്ങിയത് ഈ കാലയളവിലാണ്. കേരളത്തിലെ ഒരു വിഭാഗം സുന്നികളുടെ മാത്രം നേതാവായ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ ‘ഗ്രാന്‍ഡ് മുഫ്തി’ പദവിയിലേക്ക് സ്വയം വളര്‍ന്നത് ഓര്‍മ്മിക്കുക.
കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍
ഗള്‍ഫ് കുടിയേറ്റം കേരള മുസ്‌ലിങ്ങളെ നിര്‍ണായകമായി സ്വാധീനിച്ച് തുടങ്ങിയ ഘട്ടം കൂടിയാണിത്. പ്രവാസം തുറന്നിട്ട കോറിഡോറിലൂടെ മത സംഘടനകള്‍ അറേബ്യന്‍ ഗള്‍ഫിലെ വിവിധ മത സംഘടനകളുമായി ബന്ധം സ്ഥാപിച്ചു തുടങ്ങി. സാമ്പത്തിക സഹായം തേടി ആരംഭിച്ച ഇത്തരം ബന്ധങ്ങള്‍ പിന്നീട് ആശയപരമായ ചരടുകളിലേക്ക് കൂടി വികസിച്ചു.
പതിറ്റാണ്ടുകള്‍ പാരമ്പര്യമുള്ള, പ്രാദേശിക മതസംഘടനകള്‍ക്ക് മുകളില്‍ നവ ആഗോള ഇസ്‌ലാം അദൃശ്യമായ സ്വാധീനമുറപ്പിക്കാന്‍ തുടങ്ങി. അറേബ്യന്‍ ഇസ്‌ലാം കേരളത്തിലെ മുസ്‌ലിങ്ങളുടെ തദ്ദേശീയ സ്വത്വം കവരുകയും ഭക്ഷണത്തിലും വസ്ത്രത്തിലും മാത്രമല്ല ആദര്‍ശത്തിലും നിലപാടുകളിലും അത് കലരുകയും ചെയ്തു തുടങ്ങി.
ഹിന്ദുത്വ രാഷ്ട്രീയ ഭീതിയില്‍ മുസ്‌ലിം ജനത ഉലയുന്ന ഒരു ഘട്ടത്തില്‍ കേരളത്തിലെ മുസ്‌ലിങ്ങളില്‍ ഉണ്ടായ ഒരു പ്രധാന സംഭവമാണ്, മുസ്‌ലിങ്ങളിലെ രണ്ടാമത് പ്രബല വിഭാഗമായ മുജാഹിദ് സംഘടനയിലെ പിളര്‍പ്പ്.
ഒന്നാം പ്രബല വിഭാഗമായ സമസ്തയില്‍ നേരത്തെ പിളര്‍പ്പ് ഉണ്ടായിട്ടുണ്ട്. അത് പക്ഷെ, സംഘടനാപരമായ കാരണങ്ങള്‍ കൊണ്ടായിരുന്നു. അതില്‍ ബാഹ്യമായ കാരണങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. എന്നാല്‍ മുജാഹിദ് പിളര്‍പ്പിന്റെ വേരുകള്‍ ചെന്നെത്തുന്നത് അറേബ്യന്‍ സലഫിസവുമായുള്ള അവരുടെ ബാന്ധവത്തിലാണ്.
മുജാഹിദുകള്‍ മത വിഷയങ്ങളിലും സാമൂഹിക വിഷയങ്ങളിലും പുലര്‍ത്തി പോരുന്ന നിലപാടുകള്‍ ശരിയായ സലഫി നിലപാടുകള്‍ അല്ലാ എന്നും സലഫി വിശ്വാസ സരണിയിലേക്ക് മടങ്ങണമെന്നും ആവശ്യപ്പെട്ട് ഒരു വിഭാഗം കലാപം തുടങ്ങിയതോടെയാണ് മുജാഹിദില്‍ ഭിന്നത ഉടലെടുത്തത്.
മതേതരത്വത്തിലും ബഹുസ്വരതയിലും നിലനില്‍ക്കുന്ന ഒരു രാഷ്ട്രീയ ഭൂമികയുമായി പൊരുത്തപ്പെടുന്ന വിശ്വാസ, സാമൂഹ്യ നിലപാടുകളാണ് മുജാഹിദുകള്‍ സാമാന്യമായി സ്വീകരിച്ചിരുന്നത്. എന്നാല്‍ നവസലഫികളുടെ പല നിലപാടുകളും മതത്തിന്റെ അക്ഷര വായനയില്‍ പരിമിതമായിരുന്നു. പരിഷ്‌കൃതമായ ഒരു സാമൂഹിക ബോധം അതിന്ന് അന്യമായിരുന്നു.
വിയോജനപരമായിരുന്നു അതിന്റെ നിലപാട് തറ. മനുഷ്യര്‍ നേരിടുന്ന രാഷ്ട്രീയവും സാമൂഹികവുമായ സകല പ്രശ്നങ്ങളെയും മതപ്രബോധനം കൊണ്ട് പരിഹരിക്കാമെന്ന വികല കാഴ്ചപ്പാടാണവരില്‍ ഉണ്ടായത്.
ഇതര മത വിഭാഗങ്ങളുമായും മറ്റ് മത വിഭാഗങ്ങളുമായും വാദ പ്രതിവാദവും ആശയ പോര്‍വ്വിളികളും മാത്രമായിരുന്നു അവരുടെ രീതി. ഇതിനെതിരെ ആഞ്ഞടിച്ച ഒരു വിഭാഗം മുജാഹിദുകളെ ഔദ്യോഗിക പക്ഷം പുറത്താക്കി. അങ്ങനെ 2002 ല്‍ മുജാഹിദുകള്‍ രണ്ടായി പിളര്‍ന്നു.
ഈ പിളര്‍പ്പിന്ന് ശേഷവും സലഫിവത്കരണത്തിന്ന് വേണ്ടിയുള്ള മുറവിളികള്‍ ഔദ്യോഗിക വിഭാഗത്തില്‍ തുടര്‍ന്നു. 2006 ല്‍ അത് വീണ്ടും പിളര്‍ന്നു. അങ്ങനെ ഒരു വിഭാഗം മുജാഹിദ് വിഭാഗങ്ങളില്‍ ഏറ്റവും മതമൗലികവാദ സ്വഭാവമുള്ളതായി മാറി. അത് വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ എന്ന പേരില്‍ പ്രവര്‍ത്തനം തുടങ്ങി. താര്‍ക്കിക യുക്തിയും കേവല അക്ഷരവായനയും ആധുനികതാ വിരുദ്ധതയും ശുദ്ധിവാദവുമാണു ഈ ഗ്രൂപ്പിന്റെ സവിശേഷതകള്‍.
പതിറ്റാണ്ടുകള്‍ പാരമ്പര്യമുള്ള, പ്രാദേശിക മതസംഘടനകള്‍ക്ക് മുകളില്‍ നവ ആഗോള ഇസ്‌ലാം അദൃശ്യമായ സ്വാധീനമുറപ്പിക്കാന്‍ തുടങ്ങി.
ജിന്ന്, പിശാചുക്കളുമായി ആശയ വിനിമയം സാധ്യമാണെന്നും ഇത്തരം’അദൃശ്യ ജീവികളോട്’ സഹായം ആവശ്യപ്പെടുന്നത് മത വിരുദ്ധമല്ല എന്നുമാണ് ഇവരുടെ വിശ്വാസം. ഈ ഒരൊറ്റ വിഷയത്തില്‍ മുജാഹിദുകള്‍ പരസ്പരം നൂറുക്കണക്കിന്ന് സംവാദങ്ങളാണ് കേരളത്തില്‍ നടത്തിയത്.
ഹുസൈന്‍ മടവൂര്‍
അത് ഇന്നും അവസാനിച്ചിട്ടില്ല. അതിനിടയില്‍ ഔദ്യോഗിക മുജാഹിദും ഹുസൈന്‍ മടവൂരിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ‘മടവൂര്‍’ വിഭാഗവും 2016 ല്‍ ഐക്യപ്പെട്ടു. പക്ഷെ ഈ ജിന്ന് വിഷയത്തിലെ ഭിന്നത കാരണം ഐക്യം പരാജയപ്പെട്ട് 2018 ല്‍ മറ്റൊരു ഗ്രൂപ്പു കൂടിയുണ്ടായി.
വിസ്ഡം ഗ്രൂപ്പിനകത്തും തീവ്രവാദം ശക്തി പ്രാപിച്ച് ഒരു വിഭാഗം പുറത്ത് പോയി. ആ വിഭാഗം ആണു യമനിലേക്ക് ഹിജ്റ പോയതും ആടുഫാം തുടങ്ങിയതും. അവര്‍ ആരംഭിച്ച സലഫി കമ്യൂണിറ്റി ഏറെ വാര്‍ത്ത നേടിയിരുന്നു.
ഈ വിസ്ഡം ഗ്രൂപ്പില്‍ പെട്ട ചിലരാണ്, അമുസ്‌ലിങ്ങളോട് കൂട്ട് കൂടാന്‍ പാടില്ല, അവര്‍ക്ക് സംഭാവന നല്‍കാന്‍ പാടില്ല, ബിംബാരാധന വ്യഭിചാര തുല്യം, സംഗീതം പാടില്ല തുടങ്ങിയ പ്രതിലോമകരമായ ഹറാം ഫത്വയുമായി വേദികളിലും സോഷ്യല്‍ മീഡിയയിലും ശ്രദ്ധേയരാകുന്നത്.
ഒരു മതേതര, ബഹുസ്വര ജനാധിപത്യത്തില്‍ ജീവിക്കുക ‘യഥാര്‍ത്ഥ’ മുസ്‌ലിങ്ങള്‍ക്ക് പ്രയാസകരമാണെന്ന ചിന്ത യുവാക്കള്‍ക്കിടയില്‍ പ്രസരിപ്പിക്കുന്നതില്‍ ഏറ്റവും വലിയ പങ്ക് വഹിച്ചത് ഈ സംഘമാണ്.
ഈ ഉദ്ബോധനങ്ങളുടെ സ്വാധീന ഫലമായാണ് ചിലര്‍ ഈ നാട് മുസ്‌ലിങ്ങള്‍ക്ക് ജീവിക്കാന്‍ കൊള്ളുന്നതല്ല എന്ന് ചിന്തിക്കുന്നത്. അവരില്‍ ചിലര്‍ സിറിയയിലേക്ക് പോയെന്ന് കൂടി ചേര്‍ത്ത് വെക്കുക.
ഇവരുടെ കാഴ്ചപ്പാടില്‍ മത വിരുദ്ധമായ സിനിമ, സംഗീതം, നൃത്തം, സ്ത്രീ പുരുഷ ഇടകലരല്‍ മുതലായ പലതും ഒരു ബഹുസ്വര സാമൂഹിക ഘടനയിലുണ്ട്. മാത്രമല്ല പലിശ, ബഹുദൈവ വിശാസത്തില്‍ അധിഷ്ഠിതമായ ആഘോഷങ്ങള്‍, ആചാര മര്യാദകള്‍ എന്നിവയും പല മതക്കാര്‍ ജീവിക്കുന്ന ഒരു സമൂഹത്തില്‍ കാണും.
ഈ സാമുഹ്യാവസ്ഥയില്‍ യോജിക്കാവുന്നവയോട് യോജിക്കുകയും യോജിക്കാന്‍ പറ്റാത്തവയില്‍ നിന്ന് മാറി നിന്നും സഹവര്‍ത്തനത്തിന്റെ രീതി പിന്തുടരുകയാണ് കേരള മുസ്‌ലിങ്ങള്‍ ഇതുവരെ അനുവര്‍ത്തിച്ച നിലപാട്.
എന്നാല്‍ തങ്ങള്‍ക്ക് പറ്റാത്തതിനെ, മറുവാദങ്ങള്‍ നിരത്തിയും ആളുകളെ തെറ്റിദ്ധരിപ്പിച്ചും വക്രീകരിക്കുക എന്ന തന്ത്രമാണ് നവസലഫികള്‍ ചെയ്യുന്നത്. അതവരുടെ അജണ്ടയുടെ ഭാഗമാണ്. കിട്ടുന്ന അവസരങ്ങള്‍ ഉപയോഗിച്ച് അവയെ തടയുക എന്നത് തങ്ങളുടെ മതപരമായ ബാധ്യതയായാണവര്‍ കരുതുന്നത്.
വേദഗ്രന്ഥങ്ങളെ കാലോചിതമായി വ്യാഖ്യാനിക്കണമെന്ന് വാദിക്കുന്ന മുസ്‌ലിം വിഭാഗങ്ങളെ ഇവര്‍ മത രഹിതരോ ലിബറലുകളോ ആയി മുദ്ര കുത്തുകയും ചെയ്യും. ജനാധിപത്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും കുറിച്ച് വാചാലമാകുന്നവര്‍ ഇസ്‌ലാമിലെ ഇതരവിഭാഗങ്ങളെ മുസ്‌ലിങ്ങള്‍ ആയി പോലും അംഗീകരിക്കുന്നില്ലെന്നത് മറ്റൊരു തമാശ.
ഈ വിപുലമായ പശ്ചാത്തലത്തില്‍ നിന്നു കൊണ്ടാണ് സൂംബ വിമര്‍ശത്തെ വിലയിരുത്തേണ്ടത്. എന്നാല്‍ വിമര്‍ശം ഉയര്‍ന്ന് വന്ന സ്രോതസുകള്‍ ക്രോസ് ചെക്ക് ചെയ്യാതെ മുസ്‌ലിങ്ങളും, ജനാധിപത്യം അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ മതേതര രാഷ്ട്രീയക്കാരും അതേറ്റ് പിടിക്കുകയായിരുന്നു.
സൂംബാ വിമര്‍ശനത്തില്‍ അടങ്ങിയിരിക്കുന്നത്, വിയോജനവാദത്തിന്റെ ശബ്ദമാണെന്ന് പലര്‍ക്കും തിരിച്ചറിയാനാകുന്നില്ല. അതൊരു നൃത്തം വിദ്യാലയങ്ങളില്‍ വേണോ എന്ന പ്രശ്‌നം മാത്രമല്ല. സമൂഹത്തിലെ ചെറുതും വലുതുമായ വിഭാഗങ്ങള്‍ തങ്ങളുടെ വിശ്വാസങ്ങള്‍ക്കോ നിലപാടുകള്‍ക്കോ വിരുദ്ധമായ ഒന്നും വിദ്യാലയങ്ങളിലോ കരിക്കുലത്തിലോ പൊതുമണ്ഡലത്തിലോ ഉണ്ടായാല്‍ ബഹുസ്വര സാമൂഹിക ഘടന നില നില്‍ക്കുമോ എന്ന പ്രധാന ചോദ്യത്തെ വിമര്‍ശകരെ അനുകൂലിക്കുന്നവര്‍ കാണാതെ പോകുന്നു.
അടുത്ത കാലത്ത് കേരളത്തില്‍ ഉണ്ടായ നിരവധി വിവാദങ്ങള്‍ നിരീക്ഷിച്ചാല്‍, മുസ്‌ലിങ്ങളില്‍ യാഥാസ്ഥിതിക- മത മൗലിക വാദ ശക്തികള്‍ മുസ്‌ലിം സമുദായത്തിന്റെ ഡിബേറ്റുകള്‍ സെറ്റ് ചെയ്യുകയും അവരുടെ പിന്തിരിപ്പന്‍ നിലപാടുകള്‍ മേല്‍ക്കൈ നേടുകയും ചെയ്യുന്നത് കാണാം.
സാമൂഹ്യ പരിഷ്‌കരണവുമായി ബന്ധപ്പെട്ട, പുരോഗമന പരമായ എന്തെങ്കിലും ഒരു ചര്‍ച്ചയോ നീക്കമോ എവിയെങ്കിലും ഉണ്ടായാല്‍ ആദ്യം ചാടി വീണ് പ്രതികരിക്കുന്നത് മിക്കപ്പോഴും ഇത്തരം മത സംഘടനകളാകും.
സങ്കുചിതവും പിന്തിരിപ്പനുമായ തങ്ങളുടെ മത ബോധത്തിന്റെ ഇത്തിരി വട്ടത്തില്‍ നിന്നു കൊണ്ടാകും ഈ അഭിപ്രായ പ്രകടനം. സംഗീതം, നൃത്തം, ലിംഗ നീതി, സിനിമ , സ്ത്രീകളുടെ സാമൂഹിക പങ്കാളിത്തം തുടങ്ങി എല്ലാ വിഷയങ്ങളിലും നിഷേധാത്മകവും മത മൗലികവാദപരവുമായ നിലപാട് പുലര്‍ത്തുന്ന അത്തരം സംഘടനകള്‍ പക്ഷെ നേര്‍ക്കു നേരെ അത് പറയാതെ, കൗശലത്തിലാകും എതിര്‍പ്പ് പ്രകടിപ്പിക്കുക.
എന്നാല്‍ മുജാഹിദ് പിളര്‍പ്പിന്റെ വേരുകള്‍ ചെന്നെത്തുന്നത് അറേബ്യന്‍ സലഫിസവുമായുള്ള അവരുടെ ബാന്ധവത്തിലാണ്
സാമ്രാജ്യത്വം, വരേണ്യത, സവര്‍ണ്ണത, ലിബറലിസം, ഫാഷിസ്റ്റ്- ഷോവനിസ്റ്റ് വിരോധം തുടങ്ങിയ കേട്ടാല്‍ കൊള്ളാവുന്ന നെടുങ്കന്‍ ആശയങ്ങളുടെ മറവിലൊളിപ്പിച്ചാവും തങ്ങളുടെ പിന്തിരിപ്പത്തരം ഒളിച്ച് കടത്തുന്നത്.
ഇപ്പോള്‍ തന്നെ ഒരു വ്യായാമ മുറയായ സൂംബയെ എതിര്‍ക്കുവാനുള്ള ന്യായം കേട്ടില്ലേ?. ലഹരിക്കെതിരിലുള്ള പോരാട്ടം സൂംബ കൊണ്ട് ലഘൂകരിക്കപ്പെട്ട് പോകുന്നത് കൊണ്ടാണ് തങ്ങള്‍ അതിനെ എതിര്‍ക്കുന്നത് എന്നാണു ചിലര്‍ പറഞ്ഞ് കേട്ടത്.
കോട്ടക്കലിലെ ഒരു സ്‌കൂളില്‍ സൂംബ പരിശീലിക്കുന്ന വിദ്യാര്‍ത്ഥികളും പരിശീലിപ്പിക്കുന്ന അധ്യാപികയും
സൂംബ ഡാന്‍സ് കൊണ്ട് കേരളത്തെ ലഹരി വിമുക്തമാക്കാമെന്ന് ഇവിടെ ആര്‍ക്കും വാദമില്ലല്ലൊ. കായിക വ്യായാമങ്ങളിലും മറ്റും സജീവമാക്കുക വഴി കുട്ടികളുടെ മാനസികവും ശാരീരികവുമായ ഊര്‍ജ്ജം വഴി തിരിച്ച് വിടുക എന്ന തത്വത്തില്‍ ഊന്നിയുള്ള ഒരു നീക്കമായാണല്ലൊ സൂംബ അവതരിപ്പിച്ചത്.
സത്യത്തില്‍ ‘സംഗീതം, നൃത്തം, ആണ്‍- പെണ്‍ ഇടകലരല്‍’ എന്നിവയോടുള്ള എതിര്‍പ്പിന്റെ ഭാഗമായാണ് യാഥാസ്ഥിതിക മത സംഘടനകള്‍ അതിനെതിരെ വാളെടുക്കുന്നത്. അത് നേര്‍ക്ക് നേരെ പറയുന്നില്ലെന്ന് മാത്രം.
കേരളത്തിലെ മുസ്‌ലിങ്ങളുടെ മൊത്തം ഏജന്‍സി ഏതാനും മത സംഘടനകളുടെ നേതാക്കള്‍ ഏറ്റെടുത്തിരിക്കുന്നു. സന്ദര്‍ഭം കിട്ടിയാല്‍ ഉടനെ അവര്‍ ചാടിയിറങ്ങി ‘വിലക്ക്’ ഫത്വകള്‍ ഇറക്കും. ബാക്കി സംഘടനകള്‍ അതേറ്റെടുത്ത് ന്യായീകരിക്കും.
സുന്നി, മുജാഹിദ് സംഘടനകളില്‍ നിന്ന് വ്യത്യസ്തമായി സാമൂഹിക വിഷയങ്ങളില്‍ ഒട്ടൊക്കെ അവധാനതയോടെ പ്രതികരിച്ചിരുന്ന ജമാഅത്തെ ഇസ്‌ലാമി പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ മൗനികളാകാന്‍ നിര്‍ബന്ധിതരായി.
അവര്‍ക്ക് യു.ഡി.എഫില്‍ ഒരു ചെറിയ ഇടം വേണം. അതിനാല്‍ ലീഗിനെ പിണക്കാന്‍ പറ്റില്ല. സമസ്തയെ പിണക്കാന്‍ ലീഗിന്ന് തീരെ പറ്റില്ല. ഫലത്തില്‍ കേരളത്തിലെ മുസ്‌ലിം സമുദായത്തില്‍ ക്രിട്ടിക്കല്‍ ഇന്‍സൈഡേഴ്‌സ് തീരെ ഇല്ലാതായി.
ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അമീര്‍ പി. മുജീബ് റഹ്‌മാനും ഇ.കെ. വിഭാഗം സമസ്തയിലെ മുസ്‌ലിം ലീഗ് അനുകൂല നേതാവ് നാസര്‍ ഫൈസി കൂടത്തായിയും
അതുകൊണ്ട് താലിബാനിസത്തെ എതിര്‍ക്കാന്‍ ചെന്നാല്‍ മത സംഘടനകളുടെ ‘ഐക്യമുന്നണി’ ഒന്നിച്ച് പ്രകോപിതരാകും. എതിര്‍ക്കുന്നവനെ ഇസ്‌ലാമോഫോബോ, നവനാസ്തികനോ ഒക്കെയാക്കി സര്‍ട്ടിഫിക്കറ്റ് നല്‍കും.
മത സംഘടനകള്‍ വലിയ വോട്ട് ബാങ്ക് ആണെന്ന ധാരണയുള്ളത് കൊണ്ട് ഏത് പിന്തിരപ്പത്തരത്തിന്ന് നേരെയും നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളും കണ്ണടയ്ക്കും. ഇതിന്റെ ഫലമെന്താണ്?. സാമൂഹിക രംഗങ്ങളില്‍ അതിദ്രുതം മുന്നേറുകയായിരുന്ന കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ പിന്‍നടത്തം തന്നെ.
കേരളത്തിലെ മുസ്‌ലിങ്ങള്‍ മത സംഘടനകള്‍ക്ക് വഴിപ്പെട്ടും അവരുടെ തിട്ടൂരങ്ങള്‍ അനുസരിച്ചുമാണ് ജീവിക്കുന്നത് എന്ന ഒരു തെറ്റിദ്ധാരണ പൊതുവില്‍ നിലവിലുണ്ട്. രാഷ്ട്രീയക്കാരും മാധ്യമങ്ങളുമൊക്കെ ഈ സംഘടനകള്‍ക്കും നേതാക്കള്‍ക്കും ആവശ്യത്തില്‍ കവിഞ്ഞ പ്രാധാന്യം നല്‍കുന്നത് അതുകൊണ്ടാണ്.
എന്നാല്‍ വസ്തുതയെന്താണ്? കേരളത്തിലെ മത സംഘടനകള്‍ക്ക് മുസ്‌ലിം സാമൂഹിക ജീവിതത്തില്‍ എത്രമാത്രം പ്രാധാന്യമുണ്ട് എന്ന് നോക്കാം. 2011 ലെ സെന്‍സസ് അനുസരിച്ച് കേരളത്തില്‍ 8.87 മില്യണ്‍ ( ജനസംഖ്യയുടെ 26.56%) മുസ്‌ലിങ്ങളുണ്ട്. ഇപ്പോള്‍ അത് 9 മില്യണ്‍ ആയിട്ടുണ്ടാകാം. കേരളത്തിലെ എല്ലാ മുസ്‌ലിം മതസംഘടനകളുടെയും അംഗസംഖ്യ കൂട്ടിയാല്‍ ഇതിന്റെ നാലിലൊന്ന് പോലും ഉണ്ടാകില്ല എന്ന് ഉറപ്പിച്ച് പറയാം.
കേരളത്തില്‍ ഏറ്റവും പ്രബലമായ മത സംഘടനകള്‍ സമസ്ത-3 ഗ്രൂപ്പ്, മുജാഹിദ് 3+ ഗ്രൂപ്പുകള്‍, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, ജമാഅത്തെ ഇസ്‌ലാമി, തബ്ലീഗ് ജമാഅത്ത് എന്നിവയാണ്. ഇതില്‍ പെടാത്ത ചെറു ഗ്രൂപ്പുകള്‍ വേറെ ഉണ്ട്. മുഖ്യധാര അംഗീകരിക്കാത്ത അഹമ്മദിയ, അഹ്ലുല്‍ ഖുര്‍ആന്‍ തുടങ്ങിയവ വേറെ.
ഈ മത സംഘടനകള്‍ എല്ലാം അടിസ്ഥാന വിശ്വാസം മുതല്‍ ആരാധന രീതികള്‍, ചടങ്ങുകള്‍ തുടങ്ങി പല കാര്യങ്ങളിലും ചെറുതും വലുതുമായ ഭിന്നതകള്‍ പുലര്‍ത്തുന്നുണ്ട്. കേവലം സംഘടനാ പരമായ ഭിന്നിപ്പുകള്‍ കൊണ്ട് വേറിട്ട് നില്‍ക്കുന്നവയും ഇതിലുണ്ട്.
ഈ സംഘടനകള്‍ക്ക് എല്ലാം കൂടി 20 ലക്ഷം മെമ്പര്‍ഷിപ്പ് ഉണ്ടാകില്ല. ചിലപ്പോള്‍ അതിന്റെ പകുതിയേ കാണൂ. 20 ലക്ഷം കണക്കാക്കിയാല്‍ തന്നെ അതിന്റെ 98 ശതമാനവും പുരുഷന്മാരുമാകും. ജമാഅത്തെ ഇസ്‌ലാമിയും, മുജാഹിദില്‍ ഒരു ഗ്രൂപ്പും മാത്രമാണ് പേരിനെങ്കിലും സ്ത്രീകള്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കുന്നത്. ബാക്കി ഒരെണ്ണത്തിലും സ്ത്രീകളേയില്ല.
സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍
ഇനി ഈ 20 ലക്ഷം മെമ്പര്‍മാരെ എടുത്താല്‍ അതിന്റെ 75% വും മലബാറില്‍ ആകും. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ഒഴികെ മറ്റ് എല്ലാറ്റിന്റെയും ആസ്ഥാനം കോഴിക്കോടാണ്. മിക്ക സംഘടനകള്‍ക്കും മലബാറിന്ന് പുറത്ത് നാമമാത്രമായ ശാഖകളും അംഗങ്ങളുമേയുള്ളൂ.
ഈ സത്യങ്ങള്‍ മറച്ച് വെച്ചോ വിസ്മരിച്ചോ ആണ് ഈ മത സംഘടനകള്‍ കേരള മുസ്‌ലിങ്ങളുടെ മൊത്തം ഏജന്‍സി ചമയുന്നത്. വലിയ വായില്‍ അവകാശവാദം നടത്തുന്നത്!.
പാരമ്പര്യ വാദികളായ സമസ്ത സുന്നികള്‍ക്ക് മുജാഹിദും ജമാഅത്തും പുത്തന്‍വാദികളാണ്. അവരെ പിഴച്ചവരായാണ് കരുതുന്നത്. മറിച്ചും അങ്ങനെ തന്നെ. സംഘടനകള്‍ തമ്മിലുള്ള തര്‍ക്കം മൂക്കുമ്പോള്‍ മറ്റുള്ളവരെ കുറിച്ച് ‘യഥാര്‍ത്ഥ ഇസ്‌ലാമില്‍ നിന്ന്’ പുറത്തു പോയവര്‍ എന്നാണ് കുറ്റപ്പെടുത്തുക. പ്രാര്‍ത്ഥനയില്‍ മറ്റ് വിഭാഗങ്ങളെ പിന്തുടരുന്നതും പരസ്പരം അഭിവാദ്യം ചെയ്ത് സലാം പറയുന്നതും മത വിരുദ്ധമാണെന്ന് വാദിക്കുന്നേടത്തോളം തീവ്രത പുലര്‍ത്തുന്നവരും ഇവയിലുണ്ട്.
ഈ മത സംഘടനകള്‍ ആകെ കൂടി ഐക്യപ്പെടുന്നത് സ്ത്രീകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നു വരുന്ന, പുരുഷ കോയ്മ ചോദ്യം ചെയ്യപ്പെടുന്ന ഘട്ടങ്ങളില്‍ മാത്രമാണ്. ജന്‍ഡര്‍ ന്യൂട്രാലിറ്റിയുമായി ബന്ധപ്പെട്ട വിവാദം, ഹിജാബ് വിവാദം, മുത്വലാഖ്, സ്ത്രീകളുടെ വിവാഹ പ്രായം തുടങ്ങിയവ ഉദാഹരണങ്ങള്‍.
സ്ത്രീകള്‍ക്ക് സാമൂഹിക പങ്കാളിത്തം നല്‍കാന്‍ സഹായിക്കുന്ന, സ്ത്രീകള്‍ക്ക് വിസിബിലിറ്റി നല്‍കുന്ന എന്തെങ്കിലും നീക്കങ്ങള്‍ ഉണ്ടായാല്‍ ഈ മത സംഘടനകള്‍ സടകുടഞ്ഞ് എഴുന്നേറ്റ് ഈ ‘ഇടകലരല്‍’ സദാചാരം തകര്‍ക്കും എന്ന് നിലവിളിച്ച് ഐക്യവേദി ഉണ്ടാക്കും. ആ വിവാദം കെട്ടടങ്ങിയാല്‍ അവരുടെ വൈരങ്ങളിലേക്ക് മടങ്ങുകയും ചെയ്യും.
മുസ്‌ലിങ്ങളില്‍ മഹാഭൂരിപക്ഷവും ഈ മത സംഘടനകളുടെ അറുവഷളന്‍ അഭിപ്രായങ്ങളുമായി യോജിക്കുന്നവരല്ല. വിദ്യാഭ്യാസം നേടിയ, ലോക ബോധമുള്ള, പ്രായോഗിക ചിന്തയുള്ള പുതിയ തലമുറ വിശിഷ്യാ പെണ്‍കുട്ടികള്‍ എങ്ങനെ ചിന്തിക്കുന്നു എന്നറിയണമെങ്കില്‍ ഇന്‍സ്റ്റഗ്രാമില്‍ ഒന്നു പോയി നോക്കിയാല്‍ മതി.
അവര്‍ അവരുടെ ജീവിതം ആഹ്ലാദ പൂര്‍ണ്ണമാക്കുന്നുണ്ട്. പാടിയും അഭിനയിച്ചും റീല്‍ എടുത്തും പഠിച്ചും ബിസിനസ് നടത്തിയും ഉയരങ്ങള്‍ താണ്ടിയും തകര്‍ക്കുകയാണവര്‍. അവര്‍ നിങ്ങളുടെ സൂംബ ബേജാറുകള്‍ ശ്രദ്ധിക്കുന്നേയില്ല.
യാഥാസ്ഥിതിക മതസംഘടനകളില്‍ അംഗങ്ങളോ പ്രവര്‍ത്തകരോ ആയ നന്നേ ചെറിയ ന്യൂനപക്ഷം, എന്തെങ്കിലും അപ്പ കഷ്ണം കിട്ടിയാല്‍ അത് കടിച്ച് പറിച്ച് വിവാദമുണ്ടാക്കി ബഹളം വെക്കുന്നത് കണ്ട് അതാണു കേരള മുസ്‌ലിങ്ങള്‍ എന്ന് തെറ്റിദ്ധരിക്കേണ്ട.
അവരുടെ കരച്ചിലും വെപ്രാളവും കേരളത്തിലെ മഹാഭൂരിപക്ഷം മുസ്‌ലിങ്ങളെയും ബാധിക്കുന്നേയില്ല. ചെറുപ്പക്കാര്‍ അത് ഗൗനിക്കുന്നില്ല. അവര്‍ക്ക് അതേകുറിച്ച് അഭിപ്രായം ഇല്ലാഞ്ഞിട്ടല്ല, പൊതുവില്‍ ‘തന്തവൈബ്’ അവര്‍ കാര്യമാക്കാത്തത് കൊണ്ടാകാം!.അവര്‍ അവരുടെ ജീവിതം സുന്ദരമായി ജീവിക്കുന്നുണ്ട്. യൂട്യൂബ് വാചകമടിക്കാരുടെ കോമഡികള്‍ക്ക് അവര്‍ സമയം നല്‍കുന്നില്ല.
അതുകൊണ്ട്, ബാഹുമാന്യരായ രാഷ്ട്രീയക്കാരോടും മാധ്യമങ്ങളോടുമുള്ള അഭ്യര്‍ത്ഥന; ഈ പിന്തിരിപ്പന്‍ സംഘടനകളുടെ പ്രതിലോമ പ്രഹസനങ്ങള്‍ നിങ്ങളായിട്ട് വലിയ ആഘോഷമാക്കേണ്ട. കേരള മുസ്‌ലിങ്ങള്‍ ഈ അലോസരങ്ങള്‍ അവഗണിച്ചാണ് അവരുടെ പാട്ടിന്ന് പോകുന്നത്. മാധ്യമ ശ്രദ്ധ കിട്ടാന്‍ പ്രസ്താവനകളുമായി വരുന്നവരെ അവഗണിച്ചേക്കുക!.
content highlights: Mujeeb Rahman Kinalur writes about Muslim organizations in Kerala in the wake of the Zumba controversy