| Wednesday, 11th February 2026, 3:28 pm

ഈ പാട്ട് നീ തന്നെയാണോ ചെയ്തത്; നിലാകായും കേട്ട ശേഷം മമ്മൂക്ക ചോദിച്ചു: മുജീബ് മജീദ്

നന്ദന എം.സി

ജിതിൻ കെ. ജോസിന്റെ സംവിധാനത്തിൽ മമ്മൂട്ടിയും വിനായകനും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് കളങ്കാവൽ. മമ്മൂട്ടി എന്ന നടന്റെ ഇതുവരെയുള്ള ചിത്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായ കഥാപാത്രമായിരുന്നു കളങ്കാവലിലെ സ്റ്റാൻലി. സ്ത്രീകളെ പ്രണയിച്ച് വശീകരിച്ച് ലൈംഗിക ബന്ധത്തിന് ശേഷം അവരെ കൊലപ്പെടുത്തുന്ന ഒരു സൈക്കോ കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിൽ എത്തിയത്. വിനായകന്റെ പൊലീസ് വേഷവും പ്രത്യേകം എടുത്തുപറയേണ്ടതാണ്.

ചിത്രത്തിൽ പഴയ തമിഴ് ഗാനങ്ങളോട് വലിയ ഇഷ്ടമുള്ള സ്റ്റാൻലി എല്ലാ സമയവും തമിഴ് പാട്ടുകൾ കേട്ടുകൊണ്ടിരിക്കുന്ന ആളാണ്. അതിനാൽ തന്നെ ചിത്രത്തിലെ പല രംഗങ്ങളിലും തമിഴ് ഗാനങ്ങൾ കേൾക്കാം. ആ ഗാനങ്ങൾ ചിത്രത്തെ ഒരു പ്രത്യേക കാലഘട്ടത്തിലേക്ക് കൊണ്ടുപോകുന്നതോടൊപ്പം ചിത്രത്തിന് മറ്റൊരു ഭംഗിയും നൽകി. ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചത് മുജീബ് മജീദാണ്.

മമ്മൂട്ടി, Photo: IMDb

ഇപ്പോൾ തന്റെ ഗാനങ്ങൾക്ക് ലഭിച്ച പ്രശംസയെക്കുറിച്ചും, മമ്മൂട്ടി അതിശയത്തോടെ ‘ഈ പാട്ട് നീ തന്നെയാണോ ചെയ്തത്?’ എന്ന് ചോദിച്ചതിനെക്കുറിച്ചും പറയുകയാണ് മുജീബ് മജീദ്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.

‘കിഷ്കിന്ധാകാണ്ഡത്തിന് ശേഷമാണ് കളങ്കാവലിലേക്ക് ക്ഷണം ലഭിച്ചത്. മമ്മൂക്കയെ പോയി കണ്ടു സംസാരിച്ചു. ചർച്ചകൾ നടത്തി. മമ്മൂട്ടി കമ്പനിയുടെ നിർമാണത്തിലാണ് ജിതിൻ കെ. ജോസ് ചിത്രം സംവിധാനം ചെയ്തത്. സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയായതിന് ശേഷമായിരുന്നു സംഗീതസംവിധാനം. രേഖാചിത്രം, കിഷ്കിന്ധാകാണ്ഡം തുടങ്ങിയവ ഉൾപ്പെടെ അതുവരെ ചെയ്തതെല്ലാം ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രങ്ങളായിരുന്നു. കളങ്കാവലും ത്രില്ലർ തന്നെയാണെങ്കിലും സംഗീതത്തിന്റെ സ്വഭാവം വ്യത്യസ്തമായിരുന്നു.

കഥയിൽ തമിഴ്നാടിന് വലിയ പ്രാധാന്യമുണ്ട്. മമ്മൂക്കയുടെ കഥാപാത്രം സ്ഥിരമായി തമിഴ് ഗാനങ്ങൾ കേൾക്കുന്ന ഒരാളാണ്. ആദ്യം പഴയ തമിഴ് പാട്ടുകളുടെ പകർപ്പവകാശം വാങ്ങാമെന്ന് ആലോചിച്ചിരുന്നു. എന്നാൽ പാട്ട് റീക്രിയേറ്റ് ചെയ്യുന്നതിനെക്കാൾ നല്ലത് റെട്രോ ശൈലിയിൽ പുതിയ ഗാനങ്ങൾ സൃഷ്ടിക്കുന്നതാണെന്ന് എനിക്ക് തോന്നി. തമിഴ് ശൈലിയിൽ പാട്ട് ചെയ്യാമെന്ന് ഞാൻ തന്നെയാണ് നിർദ്ദേശിച്ചത്.

കളങ്കാവൽ., Photo: YouTube/Screengrab

ആ അഭിപ്രായം എല്ലാവരും അംഗീകരിച്ചു. ലൈവ് ഓർക്കസ്ട്രേഷൻ സാധ്യമല്ലാത്തതിനാൽ മുഴുവനായും പ്രോഗ്രാമിംഗ് വഴിയാണ് റെട്രോ ഫീൽ കൊണ്ടുവന്നത്.
പാട്ട് കേട്ടപ്പോൾ മമ്മൂക്കയ്ക്ക് ഏറെ ഇഷ്ടമായി. എന്നെ കണ്ടപ്പോൾ ‘ഇത് നീ തന്നെയാണോ ചെയ്തത്?’ എന്ന് അദ്ദേഹം ചോദിച്ചു,’ മുജീബ് പറഞ്ഞു.

വിനായക് ശശികുമാറാണ് വരികൾ എഴുതിയതെന്നും സിന്ധു ടെൽസൺ ശ്രീരാഗ് ഭരതൻ എന്നിവരാണ് ഗായകരെന്നും തന്റെ കൂടെ പ്രവർത്തിക്കുന്ന അഡീഷണൽ പ്രോഗ്രാമറായ നെവിന്റെ അമ്മയാണ് ഗായിക സിന്ധു ഡെൽസൺ എന്നും അദ്ദേഹം പറഞ്ഞു.

റഫറൻസ് ട്രാക്കിനായി താൻ പറഞ്ഞതനുസരിച്ച് നെവിൻ അമ്മയെ കൊണ്ട് പഠിപ്പിച്ചെന്നും ആ ട്രാക്ക് തനിക്കും അണിയറപ്രവർത്തകർക്കും ഒരുപോലെ ഇഷ്ടമായെന്നും മുജീബ് കൂട്ടിച്ചേർത്തു.

ആദ്യം കേട്ടപ്പോൾ ഒറിജിനൽ പഴയ തമിഴ് പാട്ടാണെന്ന് എല്ലാവരും വിശ്വസിച്ചെന്നും അതുകേട്ടപ്പോൾ വലിയ സന്തോഷമായെന്നും അദ്ദേഹം പറഞ്ഞു.

ഈ നല്ല പാട്ടുകൾക്കുപിന്നിൽ ഒരു കൂട്ടായ പരിശ്രമമുണ്ടെന്നും കളങ്കാവലിലെ ഗാനങ്ങൾ പ്രേക്ഷകർക്ക് ഒരു പുതിയ അനുഭവമായി മാറിയെന്നറിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും മുജീബ് കൂട്ടിച്ചേർത്തു.

Content Highlight: Mujeeb majeed talk about Mammootty

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more