| Wednesday, 25th February 2026, 10:54 pm

അവര്‍ക്കെല്ലാം സംഗീതവുമായി നല്ല അടിത്തറയുണ്ട്; ഞാന്‍ ആ കാര്യത്തില്‍ മടിയനാണ്: മുജീബ് മജീദ്

ഐറിന്‍ മരിയ ആന്റണി

കിഷ്‌കിന്ധാ കാണ്ഡം, എക്കോ, കളങ്കാവല്‍, രേഖാചിത്രം എന്നിങ്ങനെ സമീപകാലത്തിറങ്ങിയ ഹിറ്റുകളുടെ പിന്നില്‍ മുജീബ് മജീദ് എന്ന സംഗീത സംവിധായകന്റെ പേരുണ്ടായിരുന്നു. മന്ദാരം എന്നീ സിനിമയിലൂടെ കരിയര്‍ ആരംഭിച്ച മുജീബ് മജീദ് ചുരുങ്ങിയ കാലംകൊണ്ട് തന്നെ സിനിമയില്‍ തന്റേതായ ഇടം നേടിയിട്ടുണ്ട്.

ജിതിന്‍ കെ.ജോസിന്റെ സംവിധാനത്തില്‍ മമ്മൂട്ടിയും വിനായകനും പ്രധാനവേഷങ്ങളിലെത്തിയ കളങ്കാവലാണ് മുജീബിന്റേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. ചത്താ പച്ചക്ക് പശ്ചാത്തല സംഗീതം ഒരുക്കിയതും മുജീബാണ്. ഇപ്പോഴിതാ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിനുമായുള്ള അഭിമുഖത്തില്‍ ഇന്‍ഡിപെന്‍ഡന്റ് ട്രാക് ചെയ്യണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്ന് അദ്ദേഹം പറയുന്നു.

‘ഇന്‍ഡിപെന്‍ഡന്റായി ചെയ്യാന്‍ നല്ല ആഗ്രഹമുണ്ട്. പക്ഷേ, അതിനായി കുറച്ച് കഷ്ടപ്പെടണം. നമ്മള്‍ തന്നെ അതിന് ആശയമുണ്ടാക്കി കുറേ സമയം ചെലവഴിക്കണം. ഞാനൊരു മടിയനാണ്. സിനിമയിലാകുമ്പോള്‍ സംവിധായകന്റെ കാഴ്ചപ്പാടനുസരിച്ച് സംഗീതമൊരുക്കാം.

അദ്ദേഹത്തിന്റെ വിഷന്‍ ഫോളോ ചെയ്ത് പോയാല്‍മതി. മള്‍ട്ടി ടാസ്‌കിങ് ഒരു പ്രശ്‌നമാണ്. ഒരുസമയത്ത് ഒരു പ്രോജക്റ്റില്‍ മാത്രമാണ് എന്റെ ശ്രദ്ധ. ഇതുപോലെ പാട്ടുപാടിയും ഈണമിട്ടും സന്തോഷത്തോടെ മുന്നോട്ടുപോകാന്‍ കഴിയുമെന്നാണ് പ്രതീക്ഷ,’ മുജീബ് മജീദ് പറയുന്നു.

ഓരോ സംവിധായകരും അവരുടെ ഇടങ്ങളില്‍ കരുത്തരാണെന്നും ജസ്റ്റിന്‍ വര്‍ഗീസ്, വിഷ്ണു വിജയ്, സുഷിന്‍ ശ്യാം തുടങ്ങി എല്ലാവരും സംഗീതം കൊണ്ടൊരുക്കുന്ന മാജിക് തനിക്ക് ഇഷ്ടമാണെന്നും മുജീബ് പറഞ്ഞു. അവര്‍ക്കെല്ലാം സംഗീതത്തിന്റെ നല്ല ബലമുള്ള അടിത്തറയുണ്ടെന്നും തന്റെ പ്രിയ പ്പെട്ട സംഗീതസംവിധായകന്‍ എ.ആര്‍. റഹ്‌മാനാണെന്നും ഇളയരാജ, ഔസേപ്പച്ചന്‍, സ്‌ന്തോഷ് നാരയണന്‍ എന്നിവരുടെ സംഗീതം ആസ്വദിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എക്കോ സിനിമയിലെ മുജീബിന്റെ പശ്ചാത്തല സംഗീതമാണ് അടുത്തിടെ ആഘോഷിക്കപ്പെട്ട ആല്‍ബങ്ങളിലൊന്ന്. ദിന്‍ജിത്ത് അയ്യത്താന്റെ സംവിധാനത്തില്‍ ബാഹുല്‍ രമേശ് തിരക്കഥയൊരുക്കിയ എക്കോ മികച്ച നിരൂപക പ്രശംസ നേടിയിരുന്നു. സിനിമയുടെ സംഗീതത്തെ കുറിച്ചും സോഷ്യല്‍ മീഡിയയില്‍ മികച്ച അഭിപ്രായങ്ങള്‍ നിറഞ്ഞിരുന്നു.

Content Highlight: Mujeeb majeed  says he wants to do independent tracks 

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more