| Saturday, 28th February 2026, 10:34 pm

രേഖാചിത്രത്തിന് ശേഷം ഒരു കോമഡി പടം ചെയ്തത് കരിയറില്‍ ബ്രേക്ക് തന്നു; അതിലൂടെ ഒരുപാട് കാര്യങ്ങള്‍ പഠിച്ചു: മുജീബ് മജീദ്

ഐറിന്‍ മരിയ ആന്റണി

ഇന്ന് മലയാളം ഇന്‍ഡസ്ട്രിയില്‍ മുഴങ്ങി കേള്‍ക്കുന്ന പേരുകളിലൊന്നാണ് മുജീബ് മജീദ്. മന്ദാരം എന്ന സിനിമയിലൂടെ തന്റെ സംഗീത കരിയര്‍ ആരംഭിച്ച മുജീബ് കഴിഞ്ഞ വര്‍ഷം കൈവെച്ച മൂന്ന് സിനിമകളും സൂപ്പര്‍ ഹിറ്റുകളാണ്. ആസിഫ് അലിയെ നായകനാക്കി ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്ത രേഖാചിത്രമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ മുജീബിന്റെ ആദ്യ ഹിറ്റ്.

അടുത്തിടെ വന്ന എക്കോയുടെയും കളങ്കാവലിന്റെയും വിജയത്തിന് മുജീബിന്റെ പശ്ചാത്തല സംഗീതം വഹിച്ച പങ്ക് ചെറുതൊന്നുമല്ല. ഇപ്പോഴിതാ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ കിഷ്‌കിന്ധാകാണ്ഡവും രേഖാചിത്രവും കഴിഞ്ഞശേഷം കോമഡി പടം ധീരന് വേണ്ടി സംഗീതസംവിധാനം ചെയ്തിരുന്നുവെന്ന് മുജീബ് പറയുന്നു.

‘അതൊരു ബ്രെയ്ക്കായിരുന്നു. എക്കോയും കളങ്കാവലും ത്രില്ലര്‍ സിനിമകളാണെങ്കിലും രണ്ടിന്റെയും കഥാപശ്ചാത്തലവും അവതരണവുമൊക്കെ തികച്ചും വ്യത്യസ്തമാണ്. ഒരേ ഴോണറിലുള്ള ചിത്രങ്ങള്‍ക്ക് വ്യത്യസ്ത സ്വഭാവത്തിലുള്ള സംഗീതമൊരുക്കുമ്പോള്‍ അതിലൂടെ ഒരുപാട് കാര്യങ്ങള്‍ പഠിക്കാനാകും.

കിഷ്‌കിന്ധാ കാണ്ഡത്തില്‍, പതിഞ്ഞ താളത്തില്‍ തുടങ്ങി അവസാനമാകുമ്പോഴേക്കും ഉച്ചത്തിലേക്കാണ് സംഗീതമെത്തുന്നത്. കിഷ്‌കിന്ധാകാണ്ഡത്തിലും എക്കോയിലുമൊക്കെ സംഗീതവും ഒരു കഥാപാത്രമായി മാറുകയായിരുന്നു. കിഷ്‌കിന്ധാ കാണ്ഡത്തില്‍ നിന്ന് വ്യത്യസ്തമായി എന്ത് ചെയ്യാമെന്നാണ് എക്കോയിലെത്തിയപ്പോള്‍ ഞാന്‍ ചിന്തിച്ചത്,’ മുജീബ് മജീദ് പറയുന്നു.

കാടിന്റെ വന്യതയും കഥാപാത്രങ്ങളുടെ നിഗൂഢതയും ഒരുപോലെ പശ്ചാത്തല സംഗീതത്തില്‍ നിറയണമെന്നും എവിടെയും മുഴച്ചുനില്‍ക്കാതെ മറ്റ് കഥാപാത്രങ്ങളുടെ വൈകാരിക നിമിഷങ്ങള്‍ക്കൊപ്പം സംഗീതവും ഇഴചേര്‍ന്നുപോവുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എക്കോയില്‍ സംഗീതം കൊണ്ട് ഒരു നിഗൂഢ പ്രദേശം തന്നെ സൃഷ്ടിക്കുകയായിരുന്നു താനെന്നും മുജീബ് മജീദ് കൂട്ടിച്ചേര്‍ത്തു.

ചത്താ പച്ചയാണ് മുജീബിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഡബ്ല്യ. ഡബ്ല്യു. ഇയെ ആസ്പദമാക്കി നവാഗതനായ അദ്വൈത് നായര്‍ സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസ് വിജയമായിരുന്നു.

Content Highlight:  Mujeeb Majeed says composing music for Dheeran gave him a break in his career

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more