കളങ്കാവല്‍ എന്ന സിനിമ കണ്ടവരാരും അതിലെ പാട്ടുകള്‍ മറക്കാന്‍ സാധ്യതയില്ല. ഈയടുത്ത് വന്നതില്‍ വളരെ വ്യത്യസ്തമായ ആല്‍ബമാണ് കളങ്കാവലിന്റേത്. 80’s ടച്ചുള്ള ഗാനങ്ങള്‍ ആദ്യ കേള്‍വിയില്‍ തന്നെ മനസില്‍ പതിഞ്ഞിരുന്നു. പാട്ടുകള്‍ക്ക് വേണ്ടി പ്രത്യേകം സീനുകളൊരുക്കാതെ കഥയുമായി ബ്ലെന്‍ഡ് ചെയ്ത് ഈ പാട്ടുകള്‍ അവതരിപ്പിച്ചതും പുതിയ അനുഭവമായി.
photo: Mujeeb Majeed /screen grab from indywood and wonderwall media network
മുജീബ് മജീദാണ് കളങ്കാവലിലെ ഗാനങ്ങള്‍ ഒരുക്കിയത്. ഈ വര്‍ഷം കൈവെച്ച മൂന്ന് സിനിമകളിലും തന്റെ സംഗീതം കൊണ്ട് അവയെയെല്ലാം ഗംഭീരമാക്കാന്‍ മുജീബിന് സാധിച്ചിട്ടുണ്ട്. ആസിഫ് അലിയെ നായകനാക്കി ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്ത രേഖാചിത്രമായിരുന്നു ഈ വര്‍ഷം മുജീബിന്റെ ആദ്യ ചിത്രം. ത്രില്ലര്‍ ഴോണറിലൊരുങ്ങിയ രേഖാചിത്രത്തിന്റെ ഗ്രാഫുയര്‍ത്താന്‍ മുജീബിന്റെ സംഗീതം വഹിച്ച പങ്ക് ചെറുതല്ല.
കിഷ്‌കിന്ധാ കാണ്ഡത്തിന് ശേഷം ദിന്‍ജിത്ത് അയ്യത്താനും ബാഹുല്‍ രമേശും ഒന്നിച്ച എക്കോയിലും മുജീബ് തന്നെയായിരുന്നു സംഗീതം. എക്കോയുടെ കഥാപശ്ചാത്തലത്തിന് ചേരുന്ന തരത്തില്‍ മുജീബിന്റെ സംഗീതം എക്കോയില്‍ നിറഞ്ഞുനിന്നു. കാതടപ്പിക്കുന്ന കൊട്ടും പാട്ടുകളുമില്ലാതെ കഥയുടെ കൂടെ സഞ്ചരിക്കുന്ന സംഗീതമായിരുന്നു എക്കോയില്‍.
ഇപ്പോഴിതാ കളങ്കാവലിലും മുജീബ് ഞെട്ടിച്ചിരിക്കുകയാണ്. റിലീസിന് മുമ്പ് പുറത്തിറങ്ങിയ ആദ്യഗാനമായ ‘നിലാ കായും വെളിച്ചം’ പുറത്തുവിട്ടപ്പോള്‍ തന്നെ പലരുടെയും ശ്രദ്ധ സ്വന്തമാക്കി. എന്നാല്‍ സിനിമ കണ്ടതിന് ശേഷം ഈ പാട്ട് കേള്‍ക്കുന്നവര്‍ ഒന്ന് ഞെട്ടുമെന്ന് ഉറപ്പാണ്. അത്രമാത്രം ഇംപാക്ടാണ് ഒരൊറ്റ പാട്ടുകൊണ്ട് മുജീബ് കളങ്കാവലില്‍ ചെയ്തുവെച്ചിരിക്കുന്നത്.
ചെയ്തുവെച്ച സിനിമകള്‍ ഹിറ്റാവുകയും സംഗീതത്തെക്കുറിച്ച് എടുത്തു പറയുകയും ചെയ്തതോടെ 2025 മുജീബ് തന്റെ പേരിലാക്കിയിരിക്കുകയാണ്. ഒപ്പം മികച്ച പശ്ചാത്തല സംഗീതത്തിനുള്ള സംസ്ഥാന അവാര്‍ഡ് കൂടിയായപ്പോള്‍ ഇരട്ടിമധുരമാണ് മുജീബിന് ലഭിച്ചത്. 2017ല്‍ ആരംഭിച്ച കരിയര്‍ എട്ടാം വര്‍ഷത്തിലെത്തി നില്‍ക്കുമ്പോള്‍ അഭിമാനിക്കാവുന്ന വര്‍ക്കുകളാണ് മുജീബിന്റെ പോര്‍ട്‌ഫോളിയോയിലുള്ളത്.
നായകന്റെ മാസ് സീനുകളെ എലവേറ്റ് ചെയ്യുക, ഒരു പാട്ട് തിരിച്ചും മറിച്ചും കമ്പോസ് ചെയ്ത് ബി.ജി.എം ഒരുക്കുക തുടങ്ങിയ ഗിമ്മിക്കുകള്‍ക്ക് കൈയടി ലഭിക്കുന്ന കാലമാണ് ഇത്. എന്നാല്‍ അതിനൊന്നും നില്‍ക്കാതെ കഥയുടെ മൂഡിലേക്ക് ബ്ലെന്‍ഡ് ചെയ്ത് ക്ലാസ് ആയിട്ടുള്ള സംഗീതം ഒരുക്കുന്നതാണ് മുജീബിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇയാള്‍ ഇനിയും ഷൈന്‍ ചെയ്യുമെന്ന് ഉറപ്പാണ്.
Content Highlight: Mujeeb Majeed’s all works in 2025 are notable